തിരിച്ചറിവിന്റെ രണ്ടു പകലുകൾ – ശുഹൈബ. ടി ; നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ 

March 31, 2024 - By School Pathram Academy

തിരിച്ചറിവിന്റെ രണ്ടു പകലുകള

ശുഹൈബ. ടി

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ 

സ്‌കൂള്‍ അടക്കുമ്പോള്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നു. വല്ലാതെ മോഹിച്ചൊരു തികച്ചും ഔദ്യോഗികമായ യാത്ര. ഡല്‍ഹി, ആഗ്ര എന്നിവിടങ്ങളിലേക്കായിരുന്നു ആ സഞ്ചാരം പ്ലാന്‍ ചെയ്തിരുന്നത്. ഇടക്കുചില ഊടുവഴികളിലൂടെയുള്ള പഠന സഞ്ചാരവും അതിന്റെ ഭാഗമായി ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ആ യാത്ര മാറ്റിവെക്കേണ്ടി വന്നത് കോഴിക്കോട് ഡയറ്റിന്റെ രണ്ടുദിവസത്തെ എഡ്യൂക്കേഷൻ ടെക്നോളജി വര്‍ക് ഷോപ്പ് ടെക്തോന്‍-24

ലേക്കുള്ള ക്ഷണം അവിചാരിതമായി ലഭിച്ചതോടെയായിരുന്നു.

 

    ഔദ്യോഗികമായ പരിപാടി വരുമ്പോള്‍ അനൗദ്യോഗിക പരിപാടി രണ്ടാമതാകുമല്ലോ. ആകുകയും വേണം. മാത്രവുമല്ല ക്ലാസ് നയിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട നാലു പേര്. അവരെ നയിക്കുന്നത് ഡയറ്റ് പ്രിന്‍സിപ്പല്‍ ബഹു മാനപ്പെട്ട നാസര്‍ സാറും.

 അക്കാദമിക്ക് രംഗത്തെ പുരോഗതിയും സാധ്യതകളും നിരന്തരം കണ്ടെത്തി അധ്യാപകരിലേക്കും തന്റെ അധ്യാപക വിദ്യാര്‍ഥികളിലേക്കും എത്തിക്കണമെന്ന നിര്‍ബന്ധ ബുദ്ധികൂടിയുള്ളയാള്‍. ഡയറ്റും ഇ.ടി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് ഓടിയെത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു.. പ്രിയപ്പെട്ടവരായ സബ്ജില്ലാ ഇ. ടി കണ്‍വീനര്‍മാര്‍, ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവരായിരുന്നു ക്ലാസിലെ വിദ്യാർത്ഥികൾ..

 വര്‍ക്ക്‌ഷോപ്പ് സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായി. അതിനേക്കാള്‍ ശക്തമായി. പറയുന്നത് ഭംഗിവാക്കല്ല, ഉള്ളില്‍ തട്ടിയാണ്. ഡല്‍ഹിയാത്ര മുടങ്ങിയതിന്റെ നിരാശ പമ്പകടത്തിയത് ഈ വര്‍ക് ഷോപ്പുതന്നെയായിരുന്നു. 

നാല് സെഷനുകളിലായി നാല് ഗംഭീരമായ ക്ലാസുകള്‍. അംഗങ്ങളുടെയും ക്ലാസ് നയിച്ചവരുടെയും സജീവമായ ഇടപെടലുകള്‍. അറിവും തിരിച്ചറിവും കൊണ്ട് പുതിയ ദിശാബോധം തന്ന രണ്ടു പകലുകള്‍. വേറിട്ട മണിക്കൂറുകള്‍.

വിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താവുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തിയ വിഭവങ്ങള്‍. 

ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തില്‍ പ്രിയപ്പെട്ട 

പ്രബിഷ് മാഷും മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെച്ചേര്‍ന്നു. ക്ലാസ് റൂമിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ കുറിച്ച് ഷജല്‍ കക്കോടി വേറിട്ടൊരു ക്ലാസിനു നേതൃത്വം വഹിച്ചു. 

ക്ലൗഡ് ഡോക്യൂമെന്റെ ഷന്‍/പ്രസന്റേഷന്‍ സാധ്യതകളിലേക്കിറങ്ങിച്ചെന്നു തോംസണ്‍ കെ.വര്‍ഗീസ്. ഭാവിയിലെ വെര്‍ച്ച്വല്‍ ലോകത്തിലേക്കുള്ള ചൂണ്ടുപലക-മെറ്റവേഴ്‌സ്, ഇന്‍സ്റ്റന്റ് ഗ്രാഫിക്/മോഷന്‍ ഡിസൈനിംഗ് സാധ്യതകളെക്കുറിച്ച് ബഷീര്‍ നരിക്കുനിയും അറിവും തിരിച്ചറിവും പകര്‍ന്നുതന്നു. 

വീഡിയോ എഡിറ്റിംഗ്, അനിമേഷന്‍ സാധ്യതകളെക്കുറിച്ച് നകുല്‍ പി.യും ക്ലാസ് നയിച്ചു. ചടങ്ങില്‍ ജില്ലാ ഇ.ടി.ക്ലബ് കണ്‍വീനർ ബഷീർ സറിനെ ആദരിച്ചു .

 അക്കാദമിക രംഗത്ത് മുതല്‍ക്കൂട്ടാവുന്ന ശക്തമായ സാങ്കേതിക പിന്തുണ സംവിധാനം ഉറപ്പുവരുത്തുന്നതിലും പരിപാടി വേറിട്ടതായി.

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ ഡിജിറ്റല്‍ കാലഘട്ടത്തിനനുസരിച്ച് ക്ലാസ് റൂം വിനിമയത്തിനും പഠനപ്രവര്‍ത്തനങ്ങളിലും സമന്വയിപ്പിച്ച് കുട്ടികള്‍ക്ക് ആസ്വാദ്യകരമായ പഠനാനുഭവം നല്‍കുന്നതിനുള്ള ധാരണ പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് നല്‍കുന്നതിനും സാധിച്ചു.

ഒഴിവ് ദിവസങ്ങളായിട്ടുപോലും പരിശീലനത്തില്‍ പങ്കെടുത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ. കൂടാതെ ഡയറ്റ് പ്രിൻസിപ്പൽ ഇ.ടി ടീം എന്നിവരോടുള്ള നന്ദിയും ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു.

Category: NewsSchool News