തെരുവ് നായ ശല്യം

August 25, 2022 - By School Pathram Academy

തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?
_________________________

പഞ്ചായത്ത് രാജ് ആക്ട് _Section 166 Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules Section 6, 7_ പ്രകാരം പരാതി ലഭിച്ചാൽ പഞ്ചായത്ത് നടപടി എടുക്കേണ്ടതാണ്.

_Prevention of Cruelty to Animals Act 1960_ പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിന് ഇല്ല.

പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?
ക്രിമിനൽ നടപടി ചട്ടം _133 (1)(f)_ പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാം. കളക്ടർ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട നിയമ ബാധ്യത കലക്ടർക്കുണ്ട്.

എന്താണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി?
_________________________

_WPC 599/2015_ നമ്പറായ കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമായി Three Member ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

തെരുവുനായയെ നിയന്ത്രിക്കുന്നകാര്യത്തിൽ പഞ്ചായത്ത് പരാജയപ്പെട്ടാൽ ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയെ സമീപിക്കാമൊ?

ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ സിരി ജഗൻ കമ്മിറ്റിക്ക് അധികാരമില്ല.

Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/ പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്ത് നടപടികളാണ് എടുക്കേണ്ടത്?

തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നും പഞ്ചായത്തിലേക്ക് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കും.

തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?

നഷ്ടപരിഹാരം കൊടുക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ കോടതി വിധികൾ നിലവിലുണ്ട്.
ലഭിച്ചില്ലെങ്കിൽ പരിക്കേറ്റ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ ചികിത്സ രേഖകൾ സഹിതം അപേക്ഷ കൊടുക്കുവാൻ മറക്കരുത്.

Justice Siri Jagan Committee, UPAD Office Building, 1st Floor, Neat Specialist Hospital, North Paramara Road, Kochi 17

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കമ്മിറ്റി സിറ്റിങ് നടത്തുന്നുണ്ട്.

Category: News