തോട്ടക്കാട് ഗവ. LP സ്കൂളിലെ കൂട്ടുകാർ തയ്യാറാക്കിയ ഡയറികുറിപ്പുകളുടെ സമാഹാരമായ ” ഡയറിയിലെ വരികളും വരകളും ” കണ്ടപ്പോൾ എനിക്കാ പഴയ കുഞ്ഞു പെട്ടിയാണ് ഓർമ്മയിൽവന്നത്…

March 31, 2023 - By School Pathram Academy

കുഞ്ഞുനാളിൽ കൂട്ടുകാർ സമ്മാനിക്കുന്ന മയിൽപ്പീലിത്തുണ്ടുകൾ ഒരു കുഞ്ഞുപെട്ടിയിൽ നിധി പോലെ സൂക്ഷിച്ചു വയ്ക്കുന്ന പതിവുണ്ടായിരുന്നു.

തോട്ടക്കാട് ഗവ. LP സ്കൂളിലെ കൂട്ടുകാർ തയ്യാറാക്കിയ ഡയറികുറിപ്പുകളുടെ സമാഹാരമായ ” ഡയറിയിലെ വരികളും വരകളും ” കണ്ടപ്പോൾ എനിക്കാ പഴയ കുഞ്ഞു പെട്ടിയാണ് ഓർമ്മയിൽവന്നത്.

മയിൽപ്പീലിത്തുണ്ടുകൾ പോലെ കൂട്ടുകാരുടെ ഡയറികുറിപ്പുകൾ കോർത്തിണക്കി തയ്യാറാക്കിയ ഈ പുസ്തകം, ആരും വായിക്കാൻ കൊതിക്കും… സ്വന്തമാക്കി സൂക്ഷിക്കാൻ ആഗ്രഹിക്കും. കഴിഞ്ഞ ദിവസമാണ് ശ്രീമതി ഷമീന ടീച്ചർ എനിക്ക് ഈ പുസ്തകം അയച്ചു തന്നത്. വർഷങ്ങളായി പൊതു വിദ്യാഭ്യാസ വകുപ്പും സംവിധാനങ്ങളും പുറത്തിറക്കിയിട്ടുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും കുട്ടികളുടെ സൃഷ്ടികളുടെ സമാഹാരങ്ങളും ഞാനിന്നും നിധി പോലെ സൂക്ഷിക്കുന്നുണ്ട് … എന്റെ വീട്ടിലെ കുഞ്ഞു ലൈബ്രറിയിൽ… അതിൽ ശ്രേഷമായ ഒരംഗമായി ഈ കുഞ്ഞു പുസ്തകം മാറും…

      വെറും 14 സെന്റീമീറ്റർ നീളവും 10 സെന്റിമീറ്റർ വീതിയുമുള്ള കുഞ്ഞുപുസ്തകം. കൂട്ടുകാർക്ക് സ്വന്തം പോക്കറ്റിൽ ഇട്ടു നടക്കാം ഈ കുഞ്ഞനെ… 65 പേജുകൾ … അവയിലെല്ലാം തോട്ടക്കാട് സ്കൂളിലെ കൂട്ടുകാരുടെ സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കുന്നു. മുതിർന്നവർക്ക് ഈ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ച് തീർക്കാൻ കഴിയും. ഡയറി കുറിപ്പുകളിലൂടെ കടന്നു പോകുമ്പോൾ ഒരിക്കലും മാറ്റിവയ്ക്കാൻ കഴിയില്ല ഈ പുസ്തകത്തിനെ…

       പുസ്തകത്തിന്റെ എഡിറ്ററായ ശ്രീമതി ഷമീന ടീച്ചർ പുസ്തകത്തിന്റെ മുഖമൊഴിയിൽ ഇങ്ങനെ കുറിക്കുന്നു…” എന്റെ കുഞ്ഞുങ്ങൾ എന്നെ അതിശയിപ്പിച്ചു… ഡയറിയോടൊപ്പം അവർ ചിത്രങ്ങൾ കൂടി വരച്ചു ചേർത്തു… എഴുത്തിലും വരയിലും അവർക്ക് എന്തൊരു ആത്മവിശ്വാസമാണ്… എന്തൊരു ആവേശമാണ്… ഈ ആത്മവിശ്വാസവും ആവേശവും തന്ന ആഹ്ലാദമാണ് ഈ ചെറിയ പുസ്തകം. ഇനിയും എഴുതാനുള്ള കരുത്തിന് വേണ്ടി എന്റെ കുട്ടികൾക്കുള്ള സമ്മാനം ” ശരിക്കും സത്യസന്ധമായ വരികളാണ് ടീച്ചറിന്റേതെന്ന് പുസ്തകം വായിക്കുന്ന ആർക്കും ബോധ്യപ്പെടും… ശരിക്കും തോട്ടക്കാട് LP സ്കൂളിലെ കൂട്ടുകാർക്ക് എഴുതാനുള്ള കരുത്ത് നിലനിർത്താൻ പ്രചോദനമാവുക തന്നെ ചെയ്യും ഈ പുസ്തകം.

    ഡയറിയെഴുത്ത് കുട്ടികളുടെ പഠന പ്രക്രിയയുടെ ഭാഗമാകണം. ഇതിനുള്ള തെളിവാണ് ഈ പുസ്തകം. വീട്ടിലെ അനുഭവങ്ങളും ക്ലാസ് മുറിയിലെ പഠനാനുഭവങ്ങളും വായനാനുഭവങ്ങളും കുട്ടികൾ തങ്ങളുടെ കുഞ്ഞെഴുത്തിൽ ഉൾച്ചേർത്തിരിക്കുന്നു. വഴികളിലെ കാഴ്ചകൾ, പ്രകൃതിയിലെ മാറ്റങ്ങൾ, ജീവിതത്തിൽ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ, കൂട്ടുകാരെ കണ്ട വിശേഷങ്ങൾ, യാത്രകൾ ഇവയെല്ലാം ഡയറിയിലെ കൂട്ടുകാരുടെ വിശേഷങ്ങളാണ്.

        മുഴുവൻ കൂട്ടുകാരുടെയും ഡയറി കുറിപ്പുകൾ വായിച്ച് കഴിയുമ്പോൾ കഴിഞ്ഞ ഒരു വർഷം തോട്ടക്കാട് LP സ്കൂളിൽ വിദ്യാലയത്തിലും ക്ലാസ്സ് മുറികളിലുമായി നടന്ന സർഗാത്മക പ്രവർത്തനങ്ങളുടെ ഒരു കൃത്യമായ ചിത്രം നമ്മുടെ മനസ്സിൽ പതിയും . വിദ്യാലയ പ്രവർത്തനങ്ങളുടെ കൃത്യമായ ഡോക്കുമെന്റേഷൻ കൂടിയായി ഈ കുഞ്ഞെഴുത്തുകളെ കാണാം. ഒരു കഥ വായിക്കുന്നതു പോലെ ഒഴുക്കോടെ വായിച്ച് പോകാൻ കഴിയുന്ന ഈ കുറിപ്പുകളിൽ കൂട്ടുകാരുടെ കുഞ്ഞു സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളുമുണ്ട് …

      ഓരോ ഡയറികുറിപ്പിനൊപ്പവും അവർ തന്നെ വരച്ച മനോഹരമായ ചിത്രങ്ങളും ഉൾച്ചേർത്തിട്ടുണ്ട്. തിയതിയും ചിത്രങ്ങളും കുഞ്ഞെഴുത്തുക്കളും ചേർത്ത് ഓരോ പേജും വൈവിധ്യമാർന്ന രീതിയിൽ ലേ ഔട്ട് ചെയ്തിരിക്കുന്നു. കഥകൾ പോലെ ഓരോ ഡയറിക്കുറിപ്പിനും തലക്കെട്ടും നൽകിയിട്ടുണ്ട്. താൻ വരച്ച ചിത്രത്തിന് സ്റ്റിക്കറുകൾ സമ്മാനമായി ലഭിച്ചത് രണ്ടാം ക്ലാസ്സിലെ ആദിനാഥ് ഡയറി കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. 

” എന്റെ പൂച്ചയ്ക്ക് പുട്ടാണ് ഇഷ്ടം”

ലാവണ്യയുടെ എഴുത്ത് കണ്ടപ്പോഴാണ് എന്റെ വീട്ടിലെ താമസക്കാരായ പൂച്ചകളുടെ ഇഷ്ടങ്ങളെ കുറിച്ച് ഞാനറിഞ്ഞിരുന്നില്ല എന്ന കാര്യം ഓർക്കുന്നത്..

” ഞങ്ങൾക്കും കൂടി ബാക്കി വച്ചിരുന്നെങ്കിൽ മതിയായിരുന്നു. “

മഞ്ഞക്കിളികൾ മാമ്പഴം മുഴുവനും തിന്നു തീർക്കുമോ എന്ന ആശങ്ക പങ്കു വയ്ക്കുകയാണ് അർജുൻ ആനന്ദ് … ഡയറികളുടെ കഥ പറയുന്ന അധ്യാപികയായിട്ടാണ് അഭിനന്ദ് തന്റെ ടീച്ചറായ ശ്രീമതി ഷമീന ടീച്ചറെ അടയാളപ്പെടുത്തുന്നത് .. ദിനാഘോഷങ്ങളും ദിന പ്രത്യേകതകളും ഡയറി എഴുത്തിൽ വിഷയമാവുന്നുണ്ട് … ബഷീർ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുത്ത ശ്രേയലാൽ ” പാത്തുമ്മയെ നേരിൽ കാണാൻ കൊതിയായി ” എന്ന് കുറിച്ചിട്ടുണ്ട്. അധ്യാപകരുടെ ചില ഓർമ്മപ്പെടുത്തലുകളും സ്വയം വിലയിരുത്തലുകളും ചിന്തകളും ഒക്കെ ഒപ്പിയെടുത്ത് കുട്ടികൾ ഡയറിക്കുറിപ്പിന്റെ ഭാഗമാക്കിയിട്ടുണ്ട്. ” പള്ളിക്കൂടത്തിൽ പഠനം നടക്കുന്നത് അവർ ഓർത്തു കാണില്ല ” സ്കൂളിനടുത്ത് റോഡിൽ ആഘോഷങ്ങളുടെ ഭാഗമായ ശബ്ദ കോലാഹലങ്ങളിൽ അമർഷം പൂണ്ട ശരണ്യയുടെ ഡയറിയിലെ വരികളാണിവ.

    ഒരു ഡയറിക്കുറിപ്പ് എങ്ങനെയാവണം ? എന്തൊക്കെ ചേർക്കണം ? എഴുതുന്ന രീതി എങ്ങനെ ? സ്വന്തം ചിന്തകളും അനുഭവങ്ങളും ചേർത്ത് ആത്മാംശ രൂപത്തിൽ ഡയറി തയ്യാറാക്കുമ്പോൾ ഉള്ള പ്രത്യേകതകൾ ? എന്നിവയെ കുറിച്ചുള്ള അറിവുകൾ നിർമ്മിക്കാൻ സഹായകമായ ഒരു പുസ്തകം കൂടിയാണിത്. കുട്ടികളുടെ സാമൂഹിക ബോധവും വൈവിധ്യമാർന്ന ചിന്തകളും ക്ലാസ്സ് റൂം അനുഭവങ്ങളിലൂടെ ആർജ്ജിച്ച അറിവുകളും ഡയറി എഴുത്തിലൂടെ പ്രകാശിപ്പിക്കുന്നതെങ്ങനെയെന്ന് തിരിച്ചറിയാനും തോട്ടക്കാട് സ്കൂളിലെ കൂട്ടുകാരുടെ ഈ സൃഷ്ടി സഹായിക്കും..

     ഒരു മികച്ച വായന സാമഗ്രിയായി , പുനരുപയോഗ സാധ്യതയുള്ള പഠനോപകരണമായി, പ്രൈമറി പഠന കാലത്തെ അനുഭവങ്ങളുടെ ഓർമ്മപ്പുസ്തകമായി എന്നെന്നും നിധി പോലെ കൂട്ടുകാർക്ക് സൂക്ഷിക്കാൻ കഴിയുന്ന ഒരു കുഞ്ഞു സമ്മാനം തന്നെയാണ് ഈ പുസ്തകം. ഇത്തരം പുസ്തകങ്ങൾ ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പോലുള്ള സ്ഥാപനങ്ങൾ ഏറ്റെടുത്ത് പ്രസിദ്ധീകരിക്കാൻ തയ്യാറാവണം. SCERT അടക്കമുള്ള അക്കാഡമിക സംവിധാനങ്ങൾ ഇത്തരം നന്മകൾ കേരളത്തിലുടനീളം വ്യാപിപ്പിക്കാനും പങ്കു വയ്ക്കാനും ശ്രമിക്കണം. അത്തരം ശ്രമങ്ങൾ ഈ വിദ്യാലയത്തെയും അവിടത്തെ കൂട്ടുകാരെയും ശ്രീമതി ഷമീന ടീച്ചർ അടക്കമുള്ള അധ്യാപകരെയും അംഗീകരിക്കുന്നതിന് തുല്യമാകും.”

    അധ്യാപികയ്ക്ക് അവാർഡ് നൽകേണ്ടതില്ല… പകരം അവരുടെ അക്കാഡമിക നന്മകൾ, മികവുകൾ, അതിന് പിന്നിലെ പ്രയത്നം ഇവ കണ്ടറിയണം … അംഗീകരിക്കണം… ” ഇത് കൊള്ളാം ടീച്ചറേ… ” എന്ന് പറയാനെങ്കിലും തയ്യാറാകണം.

അഭിമാനത്തോടെ അക്കാഡമിക സമൂഹത്തിന് മുന്നിൽ പങ്കു വയ്ക്കണം.

    35 വർഷം സർവ്വീസിലിരുന്ന എനിക്ക് കഴിയാത്തത് ശ്രീമതി ഷമീന ടീച്ചറിന്റെ നേതൃത്വത്തിൽ തോട്ടക്കാട് ഗവ LPS ടീം സാധ്യമാക്കിയിരിക്കുന്നു.. അഭിനന്ദനങ്ങൾ…

പ്രേംജിത്ത് പി.വി.

Category: NewsSchool News