തോന്നുംപോലെ വണ്ടിയോടിച്ചാൽ വിവരം നൽകാൻ മൊബൈൽ ആപ്.
തിരുവനന്തപുരം ∙ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കു മോട്ടർ വാഹന വകുപ്പിനെ അറിയിക്കുവാൻ മൊബൈൽ ആപ് സംവിധാനം ഒരുക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. വാട്സാപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വിഡിയോയും അയയ്ക്കാം. ലഹരി പദാർഥങ്ങൾ ഉപയോഗിച്ചു
വാഹനമോടിക്കുന്നവരെ കണ്ടെത്താൻ എക്സൈസ്, മോട്ടർ വാഹന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച്ചിൽ പ്രത്യേക പരിശീലനത്തിനു ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുകയുള്ളൂ.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജപ്രഭാകർ, അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മറ്റു പ്രധാന തീരുമാനങ്ങൾ.
∙ ഓരോ ആഴ്ചയും ഡപ്യൂട്ടി ഗതാഗത കമ്മിഷണർ തലത്തിൽ കുറഞ്ഞതു 15 വാഹനങ്ങൾ വീതം പരിശോധിക്കും. അതിനു മുകളിൽ സംസ്ഥാന തലത്തിൽ സൂപ്പർ ചെക്കിങ്ങും ഉണ്ടാകും.
∙ ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാര്യേജ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും.
∙ മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങൾക്കു ഫ്രീ മൂവ്മെന്റ് അനുവദിച്ച ഗതാഗത കമ്മിഷണറുടെ നിർദേശം റദ്ദാക്കി. തമിഴ്നാട് മാതൃകയിൽ കേരളത്തിലും വാഹനനികുതി ഈടാക്കും. അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ നവംബർ 1 മുതൽ കേരളത്തിലേക്കു റജിസ്ട്രേഷൻ മാറ്റണമെന്നു മന്ത്രി നിർദേശിച്ചു…
∙ ഡ്രൈവർമാരുടെ മികവും അപകടരഹിതമായ ഡ്രൈവിങ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്ന കാര്യം പരിശോധിക്കും.
∙ വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തുവാൻ സഹായിക്കുന്ന വർക്ക്ഷോപ്പുകൾക്കെതിരെ നടപടി കൈക്കൊള്ളും.