ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ
ഈ വർഷത്തെ ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകർക്കുവേണ്ടി മുൻ വർഷത്തെപോലെ വിവിധ ഇനങ്ങളിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്. ഈ വർഷത്തെ റ്റി.റ്റി.ഐ. പി.പി.റ്റി.റ്റി.ഐ കലോത്സവവും ഇതോടൊപ്പം നടത്തുന്നു. സെപ്റ്റംബർ നാലാം തീയതിയാണ് റ്റി.റ്റി.ഐ. പി.പി.റ്റി.ഐ മത്സരങ്ങൾ നടത്തുക. മാന്വലിൽ നിഷ്കർഷിക്കുന്ന പ്രകാരം മത്സരങ്ങൾ നടത്താൻ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് താഴെപ്പറയുന്ന മത്സരങ്ങൾ അദ്ധ്യാപകർക്കായി നടത്തുന്നതാണ്.
1 സംഘഗാനം
2. കവിയരങ്ങ്
3. ലളിതഗാനം
അദ്ധ്യാപകർക്ക് വേണ്ടിയുള്ള മേൽ സൂചിപ്പിച്ച മത്സരങ്ങൾ സംസ്ഥാന തലത്തിൽ 2024 സെപ്റ്റംബർ നാലാം തീയതി നടത്തുന്നതാണ്. മേൽ സൂചിപ്പിച്ച മത്സരങ്ങൾ ജില്ലാതലത്തിൽ നടത്തേണ്ടതും അർഹരായവരെ കണ്ടെത്തി സംസ്ഥാനതല മത്സരത്തിനായി അയക്കേണ്ടതുമാണ്. ഓരോ മത്സരത്തെയും സംബന്ധിച്ചുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
1 സംഘഗാനം
റവന്യൂ ജില്ലയിൽ നിന്നും അദ്ധ്യാപകരുടെ ഒരു സംഘഗാന ഗ്രൂപ്പിനെ അയയ്ക്കാവുന്നതാണ്. ഈ ടീമിൽ പരമാവധി 10 അദ്ധ്യാപകർ മാത്രമേ പാടുള്ളൂ. സംഘഗാനം അവതരിപ്പിക്കാനുള്ള സമയം 10 മിനിറ്റ് ആയിരിക്കും. വാദ്യോപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശ്രുതി മാത്രം ഉപയോഗിക്കാവുന്നതാണ്.
2. കവിയരങ്ങ്
ജീവൽ മൂല്യാധിഷ്ഠിതമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കവിതയാണ് അവതരിപ്പിക്കേണ്ടത്. 40 വരികൾ വരെ ആകാം. കവിത അവതരിപ്പിക്കാനുള്ള സമയം പരമാവധി 8 മിനിറ്റ് ആയിരിക്കും. പരിഭാഷ പാടില്ല. റവന്യൂ ജില്ലയിൽ നിന്നും സംസ്ഥാനതല മത്സരത്തിന് ഒരു അദ്ധ്യാപകനെ/അദ്ധ്യാപികയെ മാത്രമേ അയയ്ക്കാൻ പാടുള്ളൂ. കവിതയുടെ രചനാപരമായ മൂല്യവും അവതരണത്തിലെ ശുദ്ധിയും കണക്കിലെടുത്തായിരിക്കും ജേതാക്കളെ നിശ്ചയിക്കുന്നത്.
അദ്ധ്യാപകർ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്.
3. ലളിതഗാനം
അവതരിപ്പിക്കുന്നതിനുള്ള സമയം 5 മിനിറ്റ് ആയിരിക്കും. സിനിമാഗാനം അനുവദനീയമല്ല. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹരായ അദ്ധ്യാപകരെ കണ്ടെത്തുന്നതിന് ജില്ലാതല മത്സരം സംഘടിപ്പിക്കേണ്ടതാണ്. റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് ലളിതഗാനത്തിൽ സംസ്ഥാനതലത്തിൽ ഒരു അദ്ധ്യാപകനെ/അദ്ധ്യാപികയെ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളൂ.
പൊതുനിർദ്ദേശങ്ങൾ
ഈ വർഷത്തെ അദ്ധ്യാപകദിനാഘോഷം സെപ്റ്റംബർ 4,5 തീയതികളിലായി പത്തനംതിട്ട ജില്ലയിൽ വച്ചാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. വേദി സംബന്ധിച്ച വിവരം പിന്നീട് അറിയിക്കുന്നതാണ്. സെപ്റ്റംബർ നാലാം തീയതി രാവിലെ 9 മണി മുതൽ റ്റി.റ്റി.ഐ പി.പി.റ്റി.റ്റി.ഐ കലോത്സവം സംസ്ഥാനതലത്തിൽ ആരംഭിക്കുന്നതാണ്. രചനാ മത്സരങ്ങൾ എല്ലാ ജില്ലയിലും ഒരേ വിഷയം ആയതിനാൽ 16/08/2024 ന് തന്നെ നടത്തേണ്ടതാണ്. വിഷയം പിന്നാലെ അറിയിക്കുന്നതാണ്. ഇതിൽ ഉയർന്ന സ്കോർ ലഭിക്കുന്ന രണ്ട് സ്ക്രിപ്റ്റുകൾ സംസ്ഥാനതലത്തിൽ മൂല്യനിർണ്ണയം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ പ്രത്യേക ദൂതൻ മുഖാന്തിരം 19/08/2024 ന് എത്തിക്കേണ്ടതാണ്. റ്റി.റ്റി.ഐ പി.പി.റ്റി.റ്റി.ഐ കലോത്സവ മാന്വൽ പ്രകാരം തന്നെ മത്സരങ്ങൾ നടത്തേണ്ടതാണ്. മറ്റു ജില്ലാതല മത്സരങ്ങൾ 21/08/2024 ന് മുമ്പായി പൂർത്തിയാക്കേണ്ടതാണ്.
മത്സരങ്ങളിൽ പങ്കെടുക്കുന്ന അദ്ധ്യാപകരുടെ പേര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത സ്കൂൾ അഡ്രസ്സ് എന്നിവ 23/08/2024 ന് മേൽപ്പറഞ്ഞ വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്. വൈകി വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന അദ്ധ്യാപകർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതായിരിക്കും. വിദ്യാഭ്യാസ ആഫീസർമാർ ഈ സർക്കുലറിന്റെ ഒരു കോപ്പി അവരുടെ അധികാരപരിധിയിൽ വരുന്ന പ്രഥമാദ്ധ്യാപകർക്കും റ്റി.റ്റി.ഐ. പി.പി.റ്റി.റ്റി.ഐ പ്രിൻസിപ്പാൾമാർക്കും നൽകേണ്ടതാണ്. കൂടാതെ വിവിധ മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച് വേണ്ടത്ര പ്രചാരണം നൽകേണ്ടതും ആണ്.
2024 വർഷത്തെ ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
റ്റി.റ്റി.ഐ/പി.പി.റ്റി.റ്റി.ഐ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നിർദ്ദേശങ്ങൾ തുടർന്ന് നൽകുന്നതായിരിക്കും.