നല്ല വൃത്തിയുള്ള അന്തരീക്ഷം, പരമാവധി സ്ഥലത്ത് ചെടികളും മരങ്ങളും വച്ചു പിടിപ്പിച്ചിരിക്കുന്നു , മനോഹരമായ ബി.ആർ.സി ഹാളുകൾ, ഭിന്നശേഷി കൂട്ടുകാർക്കുള്ള പഠന സംവിധാനങ്ങൾ , അധ്യാപക കൂട്ടായ്മകൾക്കുള്ള നിരവധി റിസോഴ്സ് മെറ്റീരിയലുകൾ , എന്നിവയും ബാലരാമപുരം ബി.ആർ.സി യിൽ സക്രിയമാണ്…
അധ്യാപകരുടെ അക്കാഡമിക സ്വപ്നങ്ങൾക്ക് കരുത്തു പകരാനുള്ള സ്ഥാപനങ്ങളാണ് ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ എന്ന പേരിൽ അറിയപ്പെടുന്ന അധ്യാപക പരിശീലന സ്ഥാപനങ്ങൾ.
അവിടെ നടക്കുന്ന പരിശീലനങ്ങളും അക്കാഡമിക ചർച്ചകളും ഗവേഷണങ്ങളും പൊതു വിദ്യാലയ മികവിന് ആക്കം കൂട്ടും. വിദ്യാലയത്തിലെ അക്കാഡമിക പ്രവർത്തനങ്ങൾക്ക് ഉപജില്ലാ തലത്തിൽ ആവശ്യമായ എല്ലാ തത്സമയ പിന്തുണയും നൽകുക എന്നതു കൂടിയാണ് ഈ സ്ഥാപനത്തിന്റെ ചുമതല. ഒരു വിദ്യാലയത്തോട് ചേർന്നായിരിക്കും ബി.ആർ.സി കൾ കാണപ്പെടുക.
ബി.ആർ.സി യിൽ എത്തുന്ന അധ്യാപകർക്ക് മികവിന്റെ കാഴ്ചകൾ നൽകാൻ കഴിയുന്നവയാവണം ബി.ആർ സി യ്ക്ക് ഒപ്പമുള്ള ലാബ് സ്കൂളുകൾ . അധ്യാപക പരിശീലന വേളകളിലും മറ്റും നടക്കുന്ന അക്കാഡമിക പരീക്ഷണങ്ങൾ , പ്രവർത്തനങ്ങൾ എന്നിവ ട്രൈ ഔട്ട് ചെയ്യുന്നത് ലാബ് സ്കൂളുകളിലായിരിക്കും..
ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിലും അക്കാഡമിക പ്രവർത്തനങ്ങളിലും ലാബ് സ്കൂളുകൾ മികവ് പുലർത്തുന്നത് അക്കാഡമിക പരിശീലന മികവിനെ ഒരു പരിധി വരെ സഹായിക്കും.
മേല്പറഞ്ഞ കാര്യങ്ങൾക്ക് നൂറു ശതമാനം പര്യാപ്തമായ ബി ആർ സി സംവിധാനങ്ങളാണ് ബാലരാമപുരം ബി.ആർ.സിയിൽ നിലവിലുള്ളത്. സ്ഥല പരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് നിരവധി അക്കാഡമിക സംവിധാന ങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഒരോ വിദ്യാലയവും ശുചിത്വ പൂർണവും പ്രകൃതിയെ സൗഹൃദവുമാകണം എന്ന സന്ദേശം വിദ്യാലയങ്ങൾക്ക് കൈമാറാൻ പര്യാപ്തമായ വിധത്തിലാണ് ബി.ആർ സി സംവിധാനങ്ങൾ മുഴുവൻ .
നല്ല വൃത്തിയുള്ള അന്തരീക്ഷം. പരമാവധി സ്ഥലത്ത് ചെടികളും മരങ്ങളും വച്ചു പിടിപ്പിച്ചിരിക്കുന്നു. മനോഹരമായ ബി.ആർ.സി ഹാളുകൾ, സംവിധാനങ്ങൾ …… ഭിന്നശേഷി കൂട്ടുകാർക്കുള്ള പഠന സംവിധാനങ്ങൾ , അധ്യാപക കൂട്ടായ്മകൾക്കുള്ള നിരവധി റിസോഴ്സ് മെറ്റീരിയലുകൾ , സംവിധാനങ്ങൾ എന്നിവയും ബാലരാമപുരം ബി.ആർ.സി യിൽ സക്രിയമാണ്. ഇവയെല്ലാം മറ്റ് ബി.ആർ സികൾക്ക് തന്നെ മാതൃകയാണ്.
ഇപ്പോൾ ലാബ് സ്കൂളായ അവണാകുഴി എൽ.പി സ്കൂളിൽ നഴ്സറി കൂട്ടുകാർക്കായുള്ള പഠന സംവിധാനങ്ങൾ ബി.ആർ.സി യുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു.
വേറിട്ട പ്രവർത്തന പരീക്ഷണങ്ങൾക്കുള്ള പഠന സംവിധാനങ്ങളാണ് ഒരുക്കുന്നത്. സ്വയം പഠന മൂലകൾ , സർഗാത്മക വായനയ്ക്കുള്ള സംവിധാനങ്ങൾ , അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് “പൂമുഖ വായന” യിടങ്ങൾ, ” അരങ്ങ് ” എന്ന പേരിൽ സർഗാത്മക പ്രവർത്തനങ്ങൾക്കുള്ള സ്ഥിരം സ്റ്റേജുകൾ , മനോഹരമായ കളിയിടങ്ങൾ എല്ലാം കൂട്ടുകാരുടെ മനസ്സിന് സന്തോഷം പകരുന്ന കാഴ്ചകൾ തന്നെ… പ്രവർത്തനങ്ങൾ നടന്നു വരുന്നതേയുള്ളൂ … എല്ലാ പണികളും പൂർത്തിയായി പൂർണ്ണമായി പ്രവർത്തന ക്ഷമമാകാൻ ഇനിയും ചില ദിനങ്ങൾ കൂടി വേണ്ടി വരും. BPO ശ്രീ അനീഷ് സാറിന്റെ നേതൃത്തിലാണ് ബാലരാമപുരം ബി.ആർ.സി യുടെ അക്കാഡമികപ്പെരുമ നിലനിർത്താൻ പര്യാപ്തമായ ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
പ്രേംജിത്ത് മാഷ്
റിട്ട. ഹെഡ് മാസ്റ്റർ