നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ പരിചയപ്പെടാം

May 03, 2022 - By School Pathram Academy

വേനൽക്കാലത്ത് മിക്കവരും ദാഹം ശമിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന പാനീയങ്ങളിലൊന്നാണ് നാരങ്ങാവെള്ളം.

ദാഹം ശമിപ്പിക്കുകമാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾകൂടി നാരങ്ങാവെള്ളത്തിനുണ്ട്.

ജ്യൂസുകൾക്കും ചായയ്ക്കും കാപ്പിക്കും പകരമായും നാരങ്ങാവെള്ളം കുടിക്കാവുന്നതാണ്. നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ പരിചയപ്പെടാം.

വിറ്റാമിൻ സിയുടെ കലവറ

നാരങ്ങയിൽ വിറ്റാമിൻ സി കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ കോശങ്ങൾ നശിച്ചുപോകാതെ കാക്കുന്നതിന് വിറ്റാമിൻ സി സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയസംബന്ധിയായ അസുഖങ്ങൾ എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം രക്തസമ്മർദം നിയന്ത്രണത്തിലാക്കുന്നതിനും വിറ്റാമിൻ സി സഹായിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ചുനിർത്തുന്നു. നാരങ്ങാവെള്ളത്തിൽ കണ്ടുവരുന്ന പെക്ടിൻ എന്ന ഫൈബർ വിശപ്പ് കുറയ്ക്കുകയും ഏറെ നേരം വയറുനിറഞ്ഞിരിക്കുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യും.

നിർജലീകരണം തടയുന്നു

നിർജലീകരണം തടയുന്നതിനുള്ള ഉത്തമമാർഗമാണ് നാരങ്ങാവെള്ളം. കൂടാതെ, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിച്ചുനിർത്താൻ നാരങ്ങാവെള്ളം സഹായിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമായ ശീതളപാനീയങ്ങൾ കുടിക്കുന്നത് കുറയ്ക്കാനും അതുവഴി ആരോഗ്യത്തോടെയിരിക്കാനും നാരങ്ങാവെള്ളം സഹായിക്കുന്നു.

ദഹനത്തിന്

വയറിനുള്ളിൽ അസ്വസ്ഥതകൾ കൂടുന്ന കാലമാണ് വേനൽക്കാലം. ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞൊഴിച്ച് വെള്ളം കുടിക്കുന്നത് മലബന്ധം തടയുന്നു. ദിവസവും വെറുംവയറ്റിൽ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കഴിക്കുന്നത് വയറിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും മലബന്ധം തടയുകയും ചെയ്യും.

ചർമം തിളങ്ങാൻ

നാരങ്ങയിലെ വിറ്റാമിൻ സി ചർമസംരക്ഷണത്തിന് ഉത്തമമാണ്. ഇത് വാർധക്യത്തെ പ്രതിരോധിക്കുന്നു. ചർമത്തിൽ ചുളിവുകൾ ഉണ്ടാകാതെ കാക്കുന്നതിനും നാരങ്ങയിലെ വിറ്റാമിൻ സി സഹായിക്കുന്നു.

Category: News