നാലാമത്തെ പീരിയഡവസാനിച്ച് ഉച്ച ഭക്ഷണം കഴിക്കാൻ തയ്യാറായി നിന്ന തൃക്കാക്കര ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസിലേക്ക് അധ്യാപകരും മറ്റ് ചിലരും എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ആശങ്ക…
കളക്ടറുടെ ഉച്ചയൂണ് സ്പെഷ്യൽ മുട്ടയും കിഴങ്ങുകറിയും പിന്നെ പയറു തോരനും
നാലാമത്തെ പീരിയഡവസാനിച്ച് ഉച്ച ഭക്ഷണം കഴിക്കാൻ തയ്യാറായി നിന്ന തൃക്കാക്കര ജി.എൽ.പി സ്കൂളിലെ നാലാം ക്ലാസിലേക്ക് അധ്യാപകരും മറ്റ് ചിലരും എത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് ആശങ്ക.
അധ്യാപകർക്കൊപ്പം പരിചയമുള്ള മറ്റൊരു മുഖം, ഓർമയിൽ നിന്ന് പലരും ആലോചിച്ചു നോക്കി, സിനിമ നടനാണോ? ആണെന്ന് ചിലർ, അല്ലെന്ന് മറ്റു ചിലർ …. കുസൃതികൾ കണ്ട ജില്ലാ കളക്ടർ ജാഫർ മാലിക്കിൻറെ മുഖത്ത് ചിരി.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൻറെ ഗുണനിലവാരമുറപ്പാക്കുന്നതിന്റെ ഭാഗമായി തൃക്കാക്കര ജി.എൽ.പി സ്കൂളിൽ എത്തിയതായിരുന്നു കളക്ടർ. വിദ്യാർത്ഥികൾക്കൊരുക്കിയ ഭക്ഷണം അവർക്കൊപ്പമിരുന്നു കഴിച്ചിട്ടാണ് കളക്ടർ മടങ്ങിയത്. മുട്ട, കിഴങ്ങ് കറി, പയര്‍ തോരൻ എന്നിവയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളില്‍ ഒരുക്കിയിരുന്നത്. അതിഥി തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി സംഘടിപ്പിച്ച റോഷ്നി ക്യാംപിൽ പങ്കെടുത്ത കുട്ടികളുമായും അദ്ദേഹം സംസാരിച്ചു. ഭക്ഷണം മാത്രമല്ല, പാചകപ്പുരയും സാമഗ്രികളുമെല്ലാം മികച്ചതാണെന്ന് അഭിപ്രായപ്പെട്ട ശേഷമാണ് കളക്ടര്‍ സ്കൂളില്‍ നിന്ന് മടങ്ങിയത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍, ആലുവ ഉപജില്ല നൂണ്‍ മീല്‍ ഓഫീസര്‍ പ്രാണ്‍നാഥ്, അധ്യാപകര്‍, തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരമുറപ്പാക്കുന്ന പരിശോധന ജില്ലയിലെ സ്കൂളുകളില്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളിലെ ജീവനക്കാര്‍, നൂണ്‍ മീല്‍ ഓഫീസര്‍മാര്‍, ജില്ല ഓഫീസിലെയും ഡെപ്യൂട്ടി ഡയറക്ടറുടെയും ഓഫീസിലെ ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധനകള്‍ നടക്കുന്നത്. ജില്ലയിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണക്രമം തൃപ്തികരമാണെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ പറഞ്ഞു.