മറ്റുള്ള രീതികളിൽ വ്യക്തികളും സ്ഥാപനങ്ങളും പൊതുജനങ്ങളിൽ നിന്നു പണം സ്വീകരിക്കുന്നത് ബഡ്‌സ് നിയമപ്രകാരം നിരോധിച്ചിരിക്കുന്ന കുറ്റകൃത്യമാണ് . നിക്ഷേപ തട്ടിപ്പിന് ഇരയാവാതിരക്കണോ? അറിയണം ഈ നിയമം

December 18, 2023 - By School Pathram Academy

നിക്ഷേപ തട്ടിപ്പിന് ഇരയാവാതിരക്കണോ? അറിയണം ഈ നിയമം

ശരാശരി മലയാളിക്ക് തട്ടിപ്പു സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ ആവേശം കൂടുതലാണ് 

നിയമ വിധേയമായി നിക്ഷേപം നടത്താൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടെങ്കിലും ശരാശരി മലയാളിക്ക് തട്ടിപ്പു സ്ഥാപനങ്ങളിൽ പണം നിക്ഷേപിക്കാൻ വല്ലാത്ത ആവേശമാണ്. ഇടുന്ന പണം കൂടുതൽ കാത്തിരിക്കാതെ ഇരട്ടിയായി കിട്ടുമെന്ന വാഗ്ദാനങ്ങളിൽ പ്രലോഭിതരായി വ്യാജ സ്ഥാപനങ്ങളിലെത്തിപ്പെട്ട് മുതലും പലിശയും നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്തു തുടർച്ചയാകുന്നു.നിയമവിധേയമല്ലാത്ത നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ട് 2019ൽ പാസാക്കിയ ‘ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ് (ബഡ്‌സ്) എന്ന കേന്ദ്ര നിയമത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാം.

നിക്ഷേപങ്ങൾ നിയമ വിരുദ്ധമാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിയമവിധേയമായി പൊതുജനങ്ങൾക്ക് നിക്ഷേപം നടത്താവുന്ന പദ്ധതികൾ എന്തൊക്കെയാണെന്നു വിശദമായി ബഡ്‌സ് നിയമത്തിൽ വിവരിക്കുന്നുണ്ട്. വ്യത്യസ്‌ത മേഖലകളിൽ നിക്ഷേപം സംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിക്കുന്നതിനും നിക്ഷേപ സ്ഥാപനങ്ങളുടെ റജിസ്ട്രേഷൻ, മേൽനോട്ടം തുടങ്ങിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും വിവിധ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. സെബി അഥവാ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, റിസർവ് ബാങ്ക്, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവല്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവല്പ്മെന്റ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസഷൻ, കേന്ദ്ര സഹകരണ റജിസ്ട്രാർ, നാഷനൽ ഹൗസിങ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ റജിസ്ട്രേഷനും നിയന്ത്രണങ്ങൾക്കും വിധേയമായി അവ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലുള്ള സ്കീമുകളാണ് നിയമവിധേയമായ നിക്ഷേപങ്ങൾ. കൂടാതെ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ നിക്ഷേപ പദ്ധതികളും അനധികൃതമല്ല.

മറ്റുള്ള രീതികളിൽ വ്യക്തികളും സ്ഥാപനങ്ങളും പൊതുജനങ്ങളിൽനിന്നു പണം സ്വീകരിക്കുന്നത് ബഡ്‌സ് നിയമപ്രകാരം നിരോധിച്ചിരിക്കുന്ന കുറ്റകൃത്യമാണ്. മറ്റു നിയമപ്രകാരം നേരത്തേതന്നെ നിരോധിച്ചിട്ടുള്ള സമ്മാനച്ചിട്ടികളും മണി സർക്കുലേഷൻ സ്കീമുകളും ബഡ്‌സ് നിയമത്തിലും വ്യാജ നിക്ഷേപങ്ങളാണ്. വ്യാജ നിക്ഷേപങ്ങളുടെ പ്രചാരണവും നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

 പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് ബഡ്‌സ് നിയമത്തിൽ ലഭിക്കുന്ന പരിഹാരം എന്ത് ?

നിക്ഷേപത്തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ബഡ്‌സ് നിയമപ്രകാരം ശേഖരിച്ചു പ്രത്യേക കോടതികളിൽ സമർപ്പിക്കുമെന്നും ആസ്തികൾ വിറ്റു പണമാക്കി നിക്ഷേപകർക്ക് നൽകുന്നതിന് 180 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കുമെന്നുമാണു വ്യവസ്ഥ. സ്ഥാപനത്തിന്റെ സ്വത്തുക്കൾ വഞ്ചനാപരമായി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിലും അവയും ജപ്തി ചെയ്തു പണം വസൂലാക്കാൻ കോടതിക്ക് അധികാരമുണ്ട്. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ജപ്തി ചെയ്യേണ്ട വസ്തുവകകൾ കൈവശം എടുക്കാവുന്നതും പ്രത്യേക കോടതിയുടെ വിധിപ്രകാരം വിറ്റു പണമാക്കി നിക്ഷേപകർക്ക് വിതരണം നടത്താവുന്നതുമാണ്. നിക്ഷേപക സ്ഥാപനത്തിന്റെ ഡയറക്ടർമാർ, പ്രമോട്ടർമാർ, മാനേജർമാർ, അംഗങ്ങൾ എന്നിവരുടെയെല്ലാം വസ്തുവകകൾ ഇപ്രകാരം ജപ്തി ചെയ്തെടുക്കാം. പ്രത്യേക കോടതികളുടെ തീരുമാനം സ്വീകാര്യമല്ലാത്തപക്ഷം ഹൈക്കോടതിയിൽ അപ്പീൽ പോകാവുന്നതുമാണ്.

  വ്യാജനിക്ഷേപങ്ങളായി കണക്കാക്കാത്ത പണമിടപാടുകൾ എന്തൊക്കെ?

വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ വാണിജ്യ ഇടപാടുകൾക്ക്‌ സ്വാഭാവികമായി എടുക്കുന്ന മുൻ‌കൂർ തുകകൾ ബഡ്‌സ് നിയമത്തിൽ നിക്ഷേപമായി കണക്കാക്കുന്നില്ല. സ്വയം സഹായ സംഘങ്ങൾ അംഗങ്ങളിൽനിന്നു സ്വീകരിക്കുന്ന വരിസംഖ്യ, നിക്ഷേപം എന്നിവ സംസ്ഥാന സർക്കാരുകൾക്ക് ബഡ്‌സ് നിയമപരിധിയിൽനിന്ന് ഒഴിവാക്കാം. വ്യക്തികളും വാണിജ്യ സ്ഥാപനങ്ങളും ബന്ധുക്കളിൽനിന്ന് വായ്പയായി സ്വീകരിക്കുന്ന തുക നിക്ഷേപമായി പരിഗണിക്കില്ല. വസ്തുവകകളും മറ്റും വാങ്ങുന്നതിനായി മുൻ‌കൂർ നൽകുന്ന അഡ്വാൻസ് തുകകളും നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. പാർട്നർഷിപ് സ്ഥാപനങ്ങളിൽ മുതൽമുടക്കുന്നതിനായി നൽകുന്ന ഓഹരിത്തുകകളും വ്യാജ നിക്ഷേപങ്ങൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ വോട്ട് ചെയ്യാൻ അധികാരമുള്ള അംഗങ്ങളിൽനിന്നു മാത്രമേ നിയമപരമായി നിക്ഷേപം സ്വീകരിക്കാവൂ എന്നു കേന്ദ്ര കോഓപ്പറേറ്റീവ് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്തപക്ഷം ബഡ്‌സ് നിയമ പ്രകാരം വ്യാജ നിക്ഷേപമായി പരിഗണിക്കും.

  വിലക്കുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് ബഡ്‌സ്നിയമപ്രകാരമുള്ള മറ്റു ശിക്ഷകൾ എന്തൊക്കെ?

ബഡ്‌സ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ജാമ്യം ലഭിക്കാത്തവയാണ്. അനധികൃത നിക്ഷേപങ്ങളിൽ ലഭിച്ച പണം തിരികെ നൽകാൻ വീഴ്ച വരുത്തുന്നതു മാത്രമല്ല ഇത്തരം നിക്ഷേപങ്ങൾ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. അനധികൃത നിക്ഷേപങ്ങൾ നൽകാൻ പ്രലോഭിപ്പിക്കുന്നതിന് 5 വർഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കാം. ഇത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് 7 വർഷം വരെ തടവും 10 ലക്ഷം വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്. നിയമപരമല്ലാത്ത നിക്ഷേപങ്ങൾ സ്വീകരിച്ച ശേഷം പണം തിരികെ നൽകാൻ വീഴ്ച വരുത്തുന്ന സന്ദർഭങ്ങളിൽ തടവ് 10 വർഷം വരെ; സ്വരൂപിച്ചിട്ടുള്ള ആകെ നിക്ഷേപങ്ങളുടെ ഇരട്ടിത്തുക പിഴയായും ഈടാക്കും. വ്യാജ നിക്ഷേപങ്ങൾ അഭ്യർത്ഥിച്ച് പരസ്യങ്ങൾ, ലേഖനങ്ങൾ എന്നിവ പരസ്യപ്പെടുത്തുന്നവർക്കും തടവും പിഴയും ലഭിക്കും. ഒരിക്കൽ ശിക്ഷിക്കപ്പെടുന്നവർ വീണ്ടും അതേ തെറ്റ് ചെയ്താൽ 50 കോടി വരെ പിഴ ചുമത്താനാണു നിയമം വ്യവസ്ഥ ചെയ്യുന്നത്.

നിയമം നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ എന്തൊക്കെ?

ബഡ്‌സ് നിയമം നടപ്പിലാക്കുന്നതിന് പ്രത്യേക മുൻഗണന നൽകിക്കൊ ണ്ടുള്ള സംവിധാനങ്ങളുണ്ട്. കേരളത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ നിയമം നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ അതോറിറ്റിയായി നിയമിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഹൈക്കോടതി പ്രത്യേക കോടതികളെ ബഡ്‌സ് നിയമം നടപ്പിലാക്കുന്നതിന് അധികാരപ്പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ചാർജുള്ള ഓഫിസർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ അധികാരപ്പെടുത്തലോടെ അന്വേഷണങ്ങൾ നടത്താനുള്ള അധികാരങ്ങൾ നൽകിയിട്ടുണ്ട്. പരിശോധനകൾ നടത്തുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിനും മറ്റും വിപുലമായ അധികാരങ്ങളുമുണ്ട്. നിക്ഷേപത്തട്ടിപ്പുകാരുടെ വസ്തുവകകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു ആസ്തികൾ എന്നിവ മരവിപ്പിക്കുന്നതിനുള്ള നടപടികളും എടുക്കാം. സംസ്ഥാന അതിർത്തിക്കു വെളിയിൽ വ്യാപകമായ തോതിൽ അനധികൃത നിക്ഷേപങ്ങൾ സ്വീകരിക്കുകയും തട്ടിപ്പുകാരുടെ ആസ്തി വകകൾ വ്യാപിച്ചു കിടക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ കേന്ദ്ര ഏജൻസിയായ സിബിഐ യുടെ സേവനം സംസ്ഥാനതലത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള അതോറിറ്റിക്ക് ആവശ്യപ്പെടാവുന്നതാണ്.

വ്യാജ നിക്ഷേപങ്ങളിൽ പണം നൽകിയവർക്ക് നിക്ഷേപ സ്ഥാപനങ്ങളുടെ ആസ്തികളിൽനിന്നു പണം നൽകുന്നതിനു മുൻഗണയുണ്ടോ?

നിക്ഷേപത്തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾ പലപ്പോഴും മറ്റു പല ബാധ്യതകളും സ്വയം വരുത്തി വച്ചിട്ടുള്ളവയായിരിക്കും. സർഫേസി നിയമപ്രകാരവും പാപ്പരത്ത നിയമപ്രകാരവും നിക്ഷേപക സ്ഥാപനത്തിന്റെ ആസ്തികളിൽ ഉണ്ടാകാവുന്ന ബാധ്യതകൾ കഴിഞ്ഞാൽ ബഡ്‌സ് നിയമപ്രകാരം നിക്ഷേപകർക്ക് പ്രത്യേക കോടതി വഴി ലഭിക്കേണ്ട തുകയ്ക്കു മുൻഗണന ലഭിക്കും. നിക്ഷേപക സ്ഥാപനത്തിന്റെ മറ്റു ബാധ്യതകൾ, കുടിശിക വരുത്തിയിട്ടുള്ള നികുതി എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും ലഭിക്കേണ്ട തുകകൾ അതിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ.

 

Category: News