നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു
ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതൽ എട്ടാഴ്ചത്തേക്ക് മാറ്റിയത്.
നീറ്റ് പി.ജി കൗൺസിലിങ് ഇപ്പോൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സർക്കാർ പരീക്ഷ മാറ്റിയത്. കൗൺസിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.