നീറ്റ് യുജി: ഉയർന്ന പ്രായപരിധിയുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: നീറ്റ് യുജി മെഡിക്കൽ പ്രവേശനപരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി ജനറൽ വിദ്യാർഥികൾക്ക് 25 വയസും സംവരണാനുകൂല്യമുള്ള വിദ്യാർഥികൾക്ക് 35 വയസുമായി നിലനിർത്തണമെന്നുള്ള ഡൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി.
നീറ്റ് യുജി പരീക്ഷയ്ക്ക് ഉയർന്ന പ്രായപരിധി ബാധകമല്ലെന്നുള്ള ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദേശത്തെ ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ശരിവച്ചു. എന്നാൽ, പ്ലസ് ടു പരീക്ഷ ഓപ്പണ്‍ സ്കൂളിൽനിന്നോ സ്വന്തമായോ പഠിച്ചെഴുതിയ വിദ്യർഥികൾക്കും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ ബയോളജി ഐച്ഛിക വിഷയമായി പഠിച്ചിട്ടില്ലാത്ത കുട്ടികൾക്കും പരീക്ഷയ്ക്ക് അനുമതി നൽകുന്ന വിഷയത്തിൽ കോടതി പിന്നീടു വാദം കേൾക്കും. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് സുപ്രീംകോടതി ബെഞ്ച് അമിക്കസ് ക്യൂറിയെ നിയമിച്ചു.