നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ സ്കൂൾ ബസ് ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

August 29, 2022 - By School Pathram Academy

ആലപ്പുഴ: സ്കൂൾ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവർ ബസ് റോഡ് സൈഡിൽ ഒതുക്കി നിർത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.

രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രമേശന്റെ ജീവൻ രക്ഷിക്കാനായില്ല.

Category: News