നെയ്യാറ്റിൻകര ജെ. ബി. സ്കൂളിലെ 2021 -22 വർഷത്തെ പി.റ്റി എ പ്രവർത്തനങ്ങൾക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും…എന്തൊക്കെ അക്കാഡമിക പ്രവർത്തനങ്ങൾക്കാണ് PTA നേതൃത്വം നൽകിയത് ?

September 14, 2022 - By School Pathram Academy

നെയ്യാറ്റിൻകര ജെ. ബി. സ്കൂളിലെ 2021 -22 വർഷത്തെ പി.റ്റി എ പ്രവർത്തനങ്ങൾക്ക് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും…

മികച്ച PTA എന്ന നിലയിൽ അവാർഡ് നേടാൻ പര്യാപ്തമായ തരത്തിൽ എന്തൊക്കെ അക്കാഡമിക പ്രവർത്തനങ്ങൾക്കാണ് PTA നേതൃത്വം നൽകിയത് ?

ഒരു ജനായത്ത വിദ്യാലയത്തിലെ നിയമവിധേയമായ സ്വയം ഭരണാധികാരമുള്ള സംഘടനയാണ് അധ്യാപക രക്ഷാകർതൃ സമിതി. ജനായത്ത രീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട ഈ സംഘടനയ്ക്ക് വിദ്യാലയത്തിന്റെ അക്കാഡമിക മികവിൽ നിർണ്ണായക പങ്കുവഹിക്കാൻ കഴിയും. അത്തരത്തിൽ നെയ്യാറ്റിൻകര ജെ.ബി.സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി , ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ( 1 മുതൽ 5 വരെ ) നെയ്യാറ്റിൻകര താലൂക്കിലെ തന്നെ മികച്ച വിദ്യാലയമാക്കി മാറ്റാൻ ഞങ്ങളുടെ വിദ്യാലയത്തിലെ പിറ്റി എ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് നെയ്യാറ്റിൻകര ഗവ. ജെ.ബി. സ്കൂളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ സബ് ജില്ലാതലത്തിലും , ജില്ലാതലത്തിലും (രണ്ടാം സ്ഥാനം ) അംഗീകരിക്കപ്പെട്ടത് ?

ഞങ്ങളുടെ വിദ്യാലയത്തിലെ പി.റ്റി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ എന്തെല്ലാം ?

ഭൗതിക സാഹചര്യ മികവിന് ആവശ്യമുള്ളതെല്ലാം കഴിവിന്റെ പരമാവധി സ്ഥലം MLA എന്ന നിലയിൽ ശ്രീ. ആൻസലൻ MLA യും നെയ്യാറ്റിൻകര നഗരസഭയുടെ അഭിമുഖ്യത്തിൽ ശ്രീ PKരാജ്മോഹൻ സർ ( ചെയർമാൻ ) , ഡോ. സിദ്ദിക് ( വിദ്യാ: സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ), ശ്രീ കൂട്ടപ്പന മഹേഷ് ( വാർഡ് കൗൺസിലർ ) എന്നിവരുടെ നേതൃത്വത്തിലും അനുവദിച്ചിട്ടുണ്ട്. PTA എന്ത് ആവശ്യപ്പെട്ടാലും ലഭിക്കുന്ന അവസ്ഥ നിലവിലുണ്ട്.

പക്ഷേ…. സ്കൂൾ തലത്തിൽ നടക്കുന്ന അക്കാഡമിക നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വവും തത്സമയ സഹായവും സാമ്പത്തിക പിന്തുണയും നൽകേണ്ടത് പി.റ്റി.എ കമ്മിറ്റി തന്നെയാണ്. അത്തരത്തിൽ എന്തൊക്കെ തനതു പ്രവർത്തനങ്ങളാണ് അക്കാഡമിക മികവിനായി സംഘടിപ്പിക്കപ്പെട്ടത് എന്നാണ് വിലയിരുത്തേണ്ടത്.

പി.റ്റി.എ പ്രസിഡന്റ് ശ്രീ സതീഷിന്റെ നേതൃത്വത്തിൽ കോവിഡ് സംഹാര താണ്ഡവമാടിയ കെട്ട കാലത്തു പോലും മികവിന്റെ കേന്ദ്രമാക്കി ഈ വിദ്യാലയത്തെ നിലനിർത്താൻ കഴിഞ്ഞു എന്നതാണ് PTA യെ ഈ നേട്ടത്തിന് അർഹമാക്കിയത്.

മികവുകളിൽ ചിലവ താഴെ സുചിപ്പിക്കുന്നു …

എല്ലാ കൂട്ടുകാർക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

കോവിഡ് കാലത്ത് ആവശ്യമായ കൂട്ടുകാരുടെ വീടുകളിൽ മുഴുവൻ ഭക്ഷണ സാമഗ്രികൾ , മരുന്നുകൾ , പഠനോപകരണങ്ങൾ എന്നിവ കൃത്യമായി എത്തിച്ചു.

എല്ലാ കൂട്ടുകാരെയും രക്ഷിതാക്കളെയും നിരന്തരം ബന്ധപ്പെടുന്നുവെന്ന് ഉറപ്പാക്കി. അതിനായി ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും വിവിധ പേരുകളിൽ വാട്ട്സ് അപ്പ് കൂട്ടായ്മകൾ ശക്തമാക്കി.

വീട്ടിലൊരു ലൈബ്രറി പരിപാടി പരമാവധി വീടുകളിൽ നടപ്പിലാക്കി.

ജന്മദിന സമ്മാന പദ്ധതി, ക്ലാസ് ലൈബ്രറി, മറ്റ് വായന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പകുതി വിലയ്ക്ക് പുസ്തകം വാങ്ങാൻ കഴിയുന്ന തരത്തിൽ വിളക്കുമാടം എന്ന പേരിൽ ഒരു പുസ്തകവില്പനശാല ആരംഭിച്ചു.

തുമ്പ, കാറ്റലോഗ്, അഭിമാനരേഖ എന്നീ പേരുകളിൽ വർക്ക് ബുക്കുകളും വിവിധ വർക്ക് ഷീറ്റുകളും അച്ചടിച്ച് എല്ലാ കൂട്ടുകാർക്കും ലഭ്യമാക്കി.

സുസജ്ജമായ രണ്ട് ആഡിറ്റോറിയങ്ങൾ ക്രമീകരിച്ച് കൂട്ടുകാരുടെ സ്ഥിരം സർഗവേദികളാക്കി മാറ്റി.

കുട്ടികളുടെ ആകാശവാണിയ്ക്ക് ആവശ്യമായ സംവിധാനമൊരുക്കി.

വായനയ്ക്ക് സുസജ്ജമായ സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, പുസ്തകവണ്ടികൾ, കളിയിടങ്ങളിലെ വായനമൂലകൾ എന്നിവ ക്രമീകരിച്ചു.

സർഗ സൃഷ്ടികളുടെ സ്ഥിരം പ്രദർശനത്തിന് സർഗച്ചുവരുകൾ, സ്ഥിരം വേദികൾ എന്നിവ പ്രവർത്തനക്ഷമമാക്കി.

നഴ്സറി ക്ലാസ്സുകൾ മുഴുവനും വിവിധ പഠന മൂലകൾ ഒരുക്കി ചിത്രങ്ങൾ വരച്ച് മനോഹരമാക്കി..

നിരന്തര വിലയിരുത്തലിനുള്ള ടൂളുകൾ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുകയും അവ മുഴുവനും എല്ലാ കൂട്ടുകാർക്കും ഉറപ്പാക്കുകയും ചെയ്തു.

PTA എക്സിക്യൂട്ടീവ് യോഗങ്ങളിൽ അക്കാഡമിക ആസൂത്രണവും വിലയിരുത്തലും സ്ഥിരമായ മുഖ്യ അജണ്ടയാക്കി മാറ്റി……

മുഴുവനും ഇവിടെ വിസ്തരിക്കുന്നില്ല… കുറെയൊക്കെ പോസ്റ്ററുകളിൽ നിന്നും വായിച്ചെടുക്കാം…

നെയ്യാറ്റിൻകര ഗവ. ജെ.ബി. സ്കൂളിന്റെ PTA പ്രവർത്തനങ്ങളുടെ പെരുമ, വിദ്യാലയത്തിലെ അക്കാഡമിക പ്രവർത്തനങ്ങളിലെ ശക്തമായ ഇടപെടലും പിന്തുണയും കൊണ്ട് നേടിയതാണെന്ന് നിസ്സംശയം പറയാൻ കഴിയും..

ഈ മികവിന് കിട്ടിയ അംഗീകാരം ശ്രീ. സതീഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ശ്രീ. സതീഷിനും ടീം. അംഗങ്ങൾക്കും അഭിനന്ദനങ്ങൾ…

 

പ്രേംജിത്ത് മാഷ്

റിട്ട. ഹെഡ് മാസ്റ്റർ

 

Category: NewsSchool News