നേഹ പബ്ലിക് സ്കൂൾ പൂട്ടാൻ ഉത്തരവ്
- നേഹ പബ്ലിക് സ്കൂൾ പൂട്ടാൻ ഉത്തരവ്
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: ഉത്തർപ്രദേശിലെ വിവാദ സ്കൂൾ പൂട്ടാൻ ഉത്തരവ്
ലക്നൗ ∙ രണ്ടാം ക്ലാസ് വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടർന്നു വിവാദമായ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂള്‍ പൂട്ടാൻ ഉത്തരവ്. ഇതുസംബന്ധിച്ച് സ്കൂൾ ഓപ്പറേറ്റർക്കു യുപി വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് അയച്ചു. നേഹ പബ്ലിക് സ്കൂളിലെ വിദ്യാർഥികള്‍ക്കു സമീപത്തുള്ള മറ്റു സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും അതിനാൽ പഠനത്തെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ വ്യാഴാഴ്ചയാണു മുസ്‍ലിം വിദ്യാർഥിക്കു സ്വന്തം ക്ലാസ് മുറിയിൽനിന്നു ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മർദിക്കാൻ വിദ്യാർഥികൾക്ക് അധ്യാപിക കസേരയിലിരുന്നു നിർദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി കുട്ടിയെ മർദിക്കുകയുമായിരുന്നു. ‘‘എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ’’ എന്നും അധ്യാപിക വിഡിയോയിൽ പറയുന്നത് വ്യക്തമാണ്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി വ്യക്തമാക്കി.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അധ്യാപികയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. അധ്യാപിക മതവിദ്വേഷ പരാമർശങ്ങള്‍ നടത്തുന്നതായി വിഡിയോയിൽ ഉള്ളതിനാൽ ഇതിനെതിരായ ജാമ്യമില്ലാവകുപ്പും (153എ) ചുമത്തണമെന്നാവശ്യപ്പെട്ടു യുപി സ്വദേശിയായ അഭിഭാഷകൻ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
ചെറിയ സംഭവത്തെ പെരുപ്പിച്ചു കാട്ടുകയാണെന്നായിരുന്നു സ്കൂൾ ഉടമ കൂടിയായ അധ്യാപികയുടെ പ്രതികരണം. കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താൻ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നൽകാൻ മറ്റു കുട്ടികളോടു പറഞ്ഞതെന്നുമാണ് വിശദീകരണം.