ന്യൂനതകൾ:പെരുപ്പിക്കുന്നതിലല്ല മറച്ചു വെക്കുന്നതിലാണ് നന്മ :- ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്

March 28, 2023 - By developer@schoolpathram

ന്യൂനതകൾ:പെരുപ്പിക്കുന്നതിലല്ല

മറച്ചു വെക്കുന്നതിലാണ് നന്മ

******************************

 

ഒരിക്കൽ മുടന്തനും ഒറ്റക്കണ്ണനുമായൊരു രാജാവ് തന്റെ രാജ്യത്തെ കലാകാരന്മാരെയെല്ലാം ഒരുമിച്ച് കൂട്ടിയിട്ട് അവരോടായി കൽപ്പിച്ചു.

 

” നിങ്ങൾ ഓരോരുത്തരും എന്റെ മനോഹരമായൊരു ചിത്രം വരക്കണം. ചിത്രത്തിലേക്ക് നോക്കുന്ന ഒരാളും എനിക്കെന്തെങ്കിലും ന്യൂനതയുള്ളതായി കാണരുത്. എല്ലാവരും എത്രയും വേഗം ചിത്രം വരച്ച് എന്റെ മുന്നിൽ സമർപ്പിക്കണം. കൊട്ടാരകവാടത്തിൽ പ്രദർശിപ്പിക്കാനുള്ളതാണ്.ഏറ്റവും മികച്ച ചിത്രത്തിനു വലിയ സമ്മാനം നൽകും.”

 

രാജകൽപ്പന കേട്ട കലാകാരന്മാർ അത്ഭുതം കൂറി. പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. ചിലർ കുശുകുശുത്തു. മറ്റു ചിലർ രഹസ്യമായി മുറുമുറുത്തു.ആർക്കും ഒരെത്തും പിടിയും കിട്ടിയില്ല.

 

ഒറ്റക്കണ്ണനും മുടന്തനുമായ രാജാവിനെ ഒരു ന്യൂനതയുമില്ലാത്തവനായി എങ്ങനെ വരക്കും.? ആർക്കത് സാധിക്കും? 

 

അസാധ്യമായൊരു കാര്യം!

 

കലാകാരന്മാർ ഓരോരുത്തരായി പിൻവാങ്ങി. ഒടുവിൽ ഒരാൾ മാത്രം ബാക്കിയായി.

അയാൾ ആ വലിയ വെല്ലുവിളി സധൈര്യം ഏറ്റെടുത്തു.

 

മുടന്തനും ഒറ്റക്കണ്ണനുമായ രാജാവിനെ ഒരു ന്യൂനതയുമില്ലാത്തവനായി

വരക്കുക എന്ന വെല്ലുവിളി.

 

ചായവും ബ്രഷും എടുത്ത് കാൻവാസിനു മുന്നിൽ അയാൾ നിന്നു.

 

രാജാവിന്റെ ശിരസ്സും മുടിയും ഒറ്റക്കണ്ണും കാതും കവിളും ചുണ്ടും മുടന്തും ഓരോന്നായി അയാളുടെ ഭാവനയിൽ തെളിഞ്ഞുണർന്നു വന്നു. കിരീടവും ചെങ്കോലും സിംഹാസനവും മിന്നിത്തെളിഞ്ഞു വന്നതു പോലെ.

 

പക്ഷേ, അയാളുടെ മനസ്സ് ശാന്തമായിരുന്നു. ഭാവം അക്ഷോഭ്യമായിരുന്നു.

 

രാജാവിന്റെ ആഗ്രഹം പോലെ, അന്യൂനനായ രാജാവിനെ ഞാൻ വരക്കും.

 

കാൻവാസിൽ അയാളുടെ ബ്രഷ് പതുക്കെപ്പതുക്കെ ചലിക്കാൻ തുടങ്ങി. സർഗാത്മകതക്കപ്പുറമുള്ള യുക്തികൗശലം അയാളുടെ വരയിലുടനീളം തുടിച്ചു നിന്നു. 

 

അതാ, രാജാവിന്റെ ചിത്രം പൂർത്തിയായിക്കഴിഞ്ഞു.

മുഖത്തുദിച്ച ചാരിതാർത്ഥ്യത്തിന്റെ തൂമന്ദഹാസത്തിൽ താൻ വരച്ച ചിത്രത്തിലേക്ക് സൂക്ഷ്മമായി അയാൾ നോക്കി.

 

കിറുകൃത്യം!

 

 

ഏതോ വനാന്തരത്തിൽ നായാട്ടിനെന്നോണം വലതുകാൽ മുന്നോട്ടാഞ്ഞ് , കൈകളിൽ തോക്കേന്തി ഉന്നം പിടിച്ചു നിൽക്കുന്ന രാജാവ്.

 

ഉന്നം പിടിച്ചു നിൽക്കുന്നത് കൊണ്ട് രാജാവ് ഒറ്റക്കണ്ണനാണെന്ന് ആർക്കും തോന്നില്ല. വലതുകാൽ മുന്നോട്ടാഞ്ഞ് നിൽക്കുന്നതിനാൽ ഇടതുകാലിന്റെ മുടന്തും ആർക്കും പിടി കിട്ടില്ല.

 

അങ്ങനെ ഒറ്റക്കണ്ണനും മുടന്തനുമായ രാജാവ് ഒരു ന്യൂനതയുമില്ലാത്ത രാജാവായി മാറിയിരിക്കുന്നു.

 

രാജാവിന്റെ ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് രാജകൊട്ടാരത്തിൽ പ്രദർശനത്തിന് വെച്ചു. ആയിരക്കണക്കിന് പ്രജകൾ , ഒറ്റക്കണ്ണനും മുടന്തനുമായ തങ്ങളുടെ രാജാവിന്റെ അന്യൂനമായ ചിത്രം കണ്ട് വിസ്മയം കൊണ്ടു. 

 

ചിത്രം വരച്ച കലാകാരന് വലിയ പാരിതോഷികം നൽകി രാജാവ് ആദരിച്ചു.

 

ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ ന്യൂനതകളും പരിമിതികളും വെല്ലുവിളികളുമില്ലാത്ത ആരുമില്ല. അത്തരക്കാരെ പക്ഷേ, ചേർത്തുപിടിക്കാനല്ല അകറ്റി നിർത്താനാണ് ചിലരെങ്കിലും ശ്രമിക്കാറ് .

ശരീരത്തിന്റെ രൂപഘടന, വലുപ്പച്ചെറുപ്പം, നിറം എല്ലാത്തിന്റെയും പേരിൽ പരിഹസിക്കപ്പെടുന്നവരുണ്ട്. പുറന്തള്ളപ്പെടുന്നവരുണ്ട്.അപരവൽക്കരിക്കപ്പെടുന്നവരും ആക്രമിക്കപ്പെടുന്നവരുമുണ്ട്.

 

ഒരാളിൽ എത്ര മികവുകളുണ്ടെങ്കിലും

അയാളുടെ പരിമിതികളിലേക്കാകും പലരുടെയും നോട്ടം.പിന്നെ അതു വെച്ചിട്ടാകും സംസാരം. ഭാഷയുടെ വിന്യാസം. ശൈലിയുടെ പ്രയോഗം.

 

ന്യൂനതകളുടെയോ പരിമിതികളുടെയോ പേരിൽ ആരുടെയും അഭിമാനം വ്രണപ്പെട്ടു കൂട. 

 

” ഹ്വൊ, ആ തടിച്ച കോങ്കണ്ണന്റെ മകനല്ലേ”

 

എന്ന പ്രയോഗം നോക്കുക. 

എറിഞ്ഞത് അച്ഛന്റെ നേർക്കാണെങ്കിലും അച്ഛനുമാത്രമല്ല അമ്മക്കും മകനുമൊക്കെ ഏറു കിട്ടുന്നുണ്ട്.

 

ഒരാൾക്ക് എന്തൊക്കെ ന്യൂനതകളുണ്ട് എന്ന് കണ്ടു പിടിക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. എന്നാൽ മറ്റൊരാളുടെ ന്യൂനതകൾ മറച്ചുവെക്കാൻ കഴിയണമെങ്കിൽ അതിന് സൂക്ഷമതാബോധവും അപരസ്നേഹവും വിശാലമനസ്കതയും യുക്തികൗശലവുമൊക്കെ വേണം. ഒപ്പം സർഗാത്മകതയും.

 

രാജാവിന്റെ ചിത്രം വരച്ച കലാകാരൻ നമ്മെ പഠിപ്പിക്കുന്നത് അതാണ്. സമ്മാനത്തോടുള്ള ആർത്തിയായിരുന്നില്ല അയാളെ യഥാർത്ഥത്തിൽ നയിച്ചത്.

 

” ഈ ലോകത്ത് ആർക്കെങ്കിലും മറ്റൊരാളുടെ ന്യൂനതകൾ മറച്ചുവെക്കാൻ കഴിഞ്ഞാൽ പരലോകത്ത് അയാളുടെ നിരവധി ന്യൂനതകൾ ദൈവം മറച്ചുവെക്കും ” എന്നാണല്ലൊ തിരുമൊഴി.

 

ഡോ.കുഞ്ഞു മുഹമ്മദ് പുലവത്ത്