പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പുറത്ത്. സർക്കാർ ജീവനക്കാർക്ക് അനുകൂലമാണ് റിപ്പോർട്ടിലെ വിവരങ്ങൾ

November 06, 2023 - By School Pathram Academy

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പുറത്ത്. സർക്കാർ ജീവനക്കാർക്ക് അനുകൂലമാണ് റിപ്പോർട്ടിലെ വിവരങ്ങൾ. പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് നേട്ടമുണ്ടാകണമെങ്കിൽ 2040 വരെ കാത്തിരിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

പത്ത് കൊല്ലത്തിൽ താഴെ സർവ്വീസുള്ളവർക്ക് കുറഞ്ഞ പെൻഷൻ ഉറപ്പുവരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. 2013-ന് മുമ്പ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് സ്റ്റാറ്റിയൂട്ടറി പെൻഷൻ വേണോ പങ്കാളിത്ത പെൻഷൻ വേണോ എന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്.

 

സമിതിയുടെ പഠനം കഴിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും സർക്കാർ റിപ്പോർട്ട് പരസ്യമാക്കാതെ വെച്ചിരിക്കുകയായിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ റിപ്പോർട്ട് ഹർജിക്കാരന് കൈമാറിയത്. സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

 

2013 ഏപ്രിൽ ഒന്നിന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകമായിരുന്നത്. ഇത് പുനഃപരിശോധിക്കാനുള്ള സമിതി റിപ്പോർട്ട് 2021 മുതൽ സർക്കാരിന്റെ പരിഗണനയിലായിരുന്നു. ധനവകുപ്പ് ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല.

 

പങ്കാളിത്ത പെൻഷൻ കൊണ്ട് സർക്കാരിന് 2040-ൽ മാത്രമേ പ്രയോജനമുണ്ടാകൂ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പെൻഷൻ ബാധ്യത കുറയുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ മുതൽമുടക്കാമെന്നതാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുന്നത് കൊണ്ടുള്ള പ്രയോജനമായി സർക്കാർ പറയുന്നത്.

Category: News