പഠനോത്സവം 2024 : സംസ്ഥാന തല ഉദ്ഘാടനം

March 10, 2024 - By School Pathram Academy

പഠനോത്സവം 2024 : സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച

സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന പഠനോത്സവം 2024 ന്റെ സംസ്ഥാന തല ഉദ്ഘാടനം മാർച്ച് 11 തിങ്കളാഴ്ച നടക്കും. തിരുവനന്തപുരം പൂജപ്പുര ഗവൺമെന്റ്‌ യു.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർന്നതിന്റെ ജനകീയ വിലയിരുത്തലിനുള്ള അവസരമായാണ് സ്‌കൂളുകളിൽ പഠനോത്സവം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയിലൂടെ ആർജ്ജിച്ച അറിവുകൾ, നൈപുണികൾ, മനോഭാവങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് പഠനോത്സവം. അക്കാദമിക വർഷാന്ത്യത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ തുടങ്ങി അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം വരെ എത്തുന്ന വിപുലമായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് വിദ്യാലയങ്ങളിൽ പഠനോത്സവം സംഘടിപ്പിക്കുന്നത്. നാല് കോടി രൂപ ചെലവിലാണ് സംസ്ഥാനത്തെ പതിനൊന്നായിരത്തി മുന്നൂറ്റി പത്തൊമ്പത് സ്‌കൂളുകളിൽ പഠനോത്സവം സംഘടിപ്പിക്കുന്നത്.

Category: News