പഠന വൈകല്യങ്ങൾ പരിഹരിക്കാൻ തെളിമ പദ്ധതി

February 26, 2022 - By School Pathram Academy

മഹാമാരിയുടെ കാലത്ത് വിദ്യാർത്ഥികൾ അഭിമുഖീകരിച്ച പഠന വൈകല്യങ്ങൾ പരിഹരിക്കാൻ തെളിമ പദ്ധതിയുമായി എൻ എസ് എസ് ഹയർ സെക്കൻഡറി വിഭാഗം.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ / വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ +2 പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെളിമ പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളിൽ സ്‌പെഷ്യൽ ക്ളാസുകൾ ആരംഭിക്കുന്നതാണ് പദ്ധതി.

രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും. ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. ഗോത്രവർഗ, കടലോര മേഖലകളിലുള്ളവർക്കായിരിക്കും പദ്ധതിയിൽ പ്രഥമ പരിഗണന.

അക്കാദമിക്ക് മേഖലകളിൽ എൻ.എസ്.എസിന്റെ ഇടപെടൽ ശക്തമാക്കുക തെളിമയുടെ പ്രധാന ലക്ഷ്യങ്ങൾ. അരികുവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.

അക്കാദമിക്ക് മേഖലകളിൽ എൻ.എസ്.എസിന്റെ ഇടപെടൽ ശക്തമാക്കുക. അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക. പൊതു വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നൽകാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ്. ‘തെളിമ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 5ന് ശനിയാഴ്ച്ച, പൊതുവിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി , കൊല്ലം ജില്ലയിലെ കുഴിത്തുറ ഗ്രാമ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നിർവ്വഹിക്കും.