പത്താംക്ലാസ് വിദ്യാർത്ഥിയെ കാർ ഇടിപ്പിച്ച് കൊന്ന കേസ്; പ്രതി പിടിയിൽ

September 11, 2023 - By School Pathram Academy

തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ കാർ ഇടിപ്പിച്ച് കൊന്ന കേസ്; പ്രതി പിടിയിൽ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

 

തിരുവനന്തപുരം: പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആദിശേഖറിനെ കാർ ഇടിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ പ്രിയരഞ്ജൻ (39) പിടിയിൽ. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഇന്ന് വൈകിട്ടോടെയാണ് പിടികൂടി കാട്ടാക്കട സ്റ്റേഷനിലെത്തിച്ചത്.

 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് പ്രിയരഞ്ജന്റെ കാർ ഇടിച്ച് കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയായ ആദിശേഖർ (15) മരിച്ചത്. സംഭവത്തിൽ പ്രിയരഞ്ജനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്.

 

ആദിശേഖറിനെ മന:പൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിനു പിന്നാലെ പ്രിയരഞ്ജൻ ഒളിവിൽ പോയിരുന്നു.

 

ആദിശേഖറിനോട് പ്രതിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ആദിശേഖർ മുമ്പ് പ്രതിയെ കളിയാക്കിയതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായി പറയുന്നത്.

 

പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺ കുമാറിന്റെയും സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായ ദീപയുടെയും മകനാണ് ആദിശേഖർ. അഭിലക്ഷ്മിയാണ് ആദിശേഖറിന്‍റെ സഹോദരി.

                    ▂▂▂▂▂▂▂▂▂

Category: News