പത്താം ക്ലാസുകാരനായ മകന്റെ ബാഗില്‍ മാരക ലഹരിമരുന്ന്
കൊല്ലം: പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ മനസ് തകര്‍ന്നിരിക്കുകയാണ് പൊലീസുകാരനായ ഒരു പിതാവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെ ബാഗില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
മകന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പിതാവ് ബാഗ് പരിശോധിച്ചത്. ബാഗില്‍ നിന്ന് മാരക ലഹരി കിട്ടിയതോടെ മനസുതകര്‍ന്ന പിതാവ് നീണ്ട അവധിയിലാണ്.
കൂടാതെ അദ്ദേഹം മകന് കൗണ്‍സലിംഗും ചികിത്സയും നല്‍കി മാതൃകയാകുകയും ചെയ്തു. ഇതോടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിമുക്തി ബോധവത്കരണ കാമ്പയിന്‍ ശക്തമാക്കാന്‍ എക്സൈസ് വകുപ്പ്. ജില്ലയില്‍ ന്യൂജെന്‍ ലഹരി ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലഹരിവരവ് തടയുന്നതിനൊപ്പം യുവജനങ്ങളെ ബോധവത്‌കരിക്കുന്നതിന് കൂടിയാണ് വിമുക്തി പ്രവര്‍ത്തനം ശക്തമാക്കുന്നത്.
40 മുതല്‍ 50 വരെ കുട്ടികളുമായി നേരിട്ട് സംവദിക്കുകയും വിവരങ്ങള്‍ പങ്കുവയ്കുകയും ചെയ്യും. യുവാക്കളും കുട്ടികളും നിര്‍ബന്ധത്തിന് വഴങ്ങി എം.ഡി.എം.എ പോലുള്ള മാരക ലഹരിക്ക് അടിമപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്ന വിലയിരുത്തലിലാണ് എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥര്‍. വിദ്യാലങ്ങളില്‍ എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ്, എന്‍.എസ്.എസ് എന്നിവരുമായി സഹകരിച്ചായിരിക്കും വിമുക്തിയുടെ പ്രവര്‍ത്തനം.
എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുന്ന വിദ്യാലയങ്ങളിലാണ് വിമുക്തി ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതെങ്കിലും സ്‌കൂള്‍, കോളേജ് അധികൃതരോ പി.ടി.എയോ ആവശ്യപ്പെടുന്നയിടങ്ങളിലും സേവനം ലഭ്യമാക്കും. ആവശ്യമായവര്‍ക്ക് കൗണ്‍സലിംഗും ചികിത്സയും നല്‍കും.
വിമുക്തി മിഷന്‍
കേരള സര്‍ക്കാര്‍ ലഹരിവിമുക്തി പ്രചാരണ പരിപാടി
2016 ഒക്ടോബര്‍ 6ന് നിലവില്‍ വന്നു
ലഹരിയെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്‍കും
ലഹരിവിമുക്ത കേരളം ലക്ഷ്യം
നേതൃത്വം എക്സൈസ് വകുപ്പിന്
വിമുക്തി ക്ലാസുകള്‍ക്ക് വിളിക്കാം: 8281782518
സ്‌കൂളുകള്‍, കോളേജുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെമ്പാടും വിമുക്തി ക്ലാസുകള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്ന ഓരോരുത്തരുമായി സംവദിക്കും. ആവശ്യമെങ്കില്‍ കൗണ്‍സലിംഗും ചികിത്സയും വിമുക്തിമിഷന്റെ നേതൃത്വത്തില്‍ നല്‍കുമെന്ന്, അസി. എക്സൈസ് കമ്മിഷണര്‍ വി. രാജേഷ് അറിയിച്ചു.