പത്താം ക്ലാസുവരെ യോഗ്യതയുള്ള വിവിധ വിഭാഗത്തിലേക്ക്‌ മെയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചു

February 23, 2022 - By School Pathram Academy

പത്താം ക്ലാസുവരെ യോഗ്യതയുള്ള വിവിധ വിഭാഗത്തിലേക്ക്‌ മെയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. വിവിധ ഘട്ടമായി അപേക്ഷ ക്ഷണിച്ച 76 വിഭാഗത്തിലേക്കാണ്‌ പരീക്ഷ. ആകെയുള്ള 157 തസ്തികയിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷം ഇത്‌ 18 ലക്ഷമായിരുന്നു.

നാലുഘട്ടമായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം കേന്ദ്രം ഉണ്ടാകും. 20 മുതൽ മാർച്ച്‌ 11 വരെ പരീക്ഷയ്ക്ക്‌ സ്ഥിരീകരണം നൽകാം. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യൂവകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനംവകുപ്പിൽ റിസർവ് വാച്ചർ/ ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പൊലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപറേഷനിൽ എൽഡി ക്ലർക്ക്, ജയിൽവകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ ബോർഡ്/ കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തുടങ്ങിയവയാണ് പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ. ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. അല്ലാത്ത അപേക്ഷ നിരസിക്കും. മുൻകൂട്ടി തെരഞ്ഞെടുത്ത ഭാഷയിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകൂ. സ്ഥിരീകരണം നൽകുംമുമ്പ്‌ വിലാസത്തിൽ മാറ്റം വരുത്തിയാൽ അതനുസരിച്ചുള്ള ജില്ലയിൽ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കും

സമാന യോഗ്യതയുള്ള തസ്തികകൾക്ക് പൊതു പ്രാഥമിക പരീക്ഷയും അന്തിമ പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന രീതി കഴിഞ്ഞ വർഷമാണ് പിഎസ്‌സി ആരംഭിച്ചത്. 2021 ഫെബ്രുവരിയിലും മാർച്ചിലുമായി നാലു ഘട്ടമായി 192 തസ്തികയിലേക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടന്നത്. നവംബർ, ഡിസംബറിൽ അന്തിമ പരീക്ഷയും നടന്നു. പ്രധാന തസ്തികകളായ ലാസ്റ്റ് ഗ്രേഡ്, എൽഡി ക്ലർക്ക് തസ്തികകളുടെ സാധ്യതാപട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും. പ്രമാണ പരിശോധന പൂർത്തിയാക്കി ഏപ്രിലിലോ മേയിലോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നാണ്‌ കണക്കുകൂട്ടുന്നത്. മറ്റു തസ്തികകളുടെ റാങ്ക്‌ ലിസ്റ്റും തുടർന്ന് പ്രസിദ്ധീകരിക്കും.

Category: News