പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. കൊല്ലം കച്ചേരി കോട്ടയ്ക്കകം തുരുത്തേൽ പുരയിടത്തിൽ രതീഷിന്റെയും- സിന്ധുവിന്റെയും മകൾ ശിവാനി (15)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഓലയിൽകടവിലെ വാടകവീട്ടിലാണ് സംഭവം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. കുടുംബവീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രണ്ടുമാസമായി വാടകവീട്ടിലാണ് താമസം. ശിവാനി അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അമ്മ സിന്ധു പലതവണ വിലക്കി.
ഞായർ സന്ധ്യയോടെ പഠിക്കാനെന്നു പറഞ്ഞ് ശിവാനി മുറിയിലേക്കു പോയി. ഇതിനിടെ സിന്ധു മുറിയിൽപോയി ശിവാനിയുടെ കൈയിലിരുന്ന ഫോൺ വാങ്ങി. വാതിൽ അടച്ച ശിവാനി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് അമ്മ പലതവണ വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. സിന്ധു അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളെത്തി വാതിൽപൊളിച്ച് കയറിയപ്പോഴാണ് ജനൽകമ്പിയിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അച്ഛൻ രതീഷ് . സഹോദരൻ: ആദിത്യൻ.