പന്ത്രണ്ടാം ക്ലാസില്‍ 54% മാര്‍ക്ക്; ജോലി കിട്ടുന്നില്ലെന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി
പന്ത്രണ്ടാം ക്ലാസില്‍ 54% മാര്‍ക്ക്; ജോലി കിട്ടുന്നില്ലെന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി
മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംവിധാനത്തെ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചില മാറ്റങ്ങള്‍ വരാനുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ (education system) പൊതുപരീക്ഷകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. 10, 12 ക്ലാസ്സുകളിലെ പരീക്ഷകള്‍ (examinations) ജീവിതത്തിലെ വഴിത്തിരിവുകളായാണ് മിക്ക ആളുകളും കണക്കാക്കുന്നത്. 12-ാം ക്ലാസിലെ മാര്‍ക്ക് (mark) അനുസരിച്ചാണ് കോളേജ് (college) പ്രവേശനം (admission) ലഭിക്കുക. ഇഷ്ടപ്പെട്ട വിഷയം (subject) തെരഞ്ഞെടുക്കുന്നതിനും മികച്ച ജോലി (job) വാങ്ങുന്നതിനും എല്ലാം ഇത് സഹായകരമാണ്. അതേസമയം, മാര്‍ക്കിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംവിധാനത്തെ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചില മാറ്റങ്ങള്‍ വരാനുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
12-ാം ക്ലാസ് മാര്‍ക്കിനെ സംബന്ധിച്ച ഒരു റെഡ്ഡിറ്റ് ഉപയോക്താവിന്റെ പോസ്റ്റാണ് ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ‘നിര്‍ഭാഗ്യവശാല്‍ 12-ാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. എനിയ്ക്ക് പറ്റിയ തെറ്റ് ഇനി ഉണ്ടാകാതിരിക്കട്ടെ. എന്നെ സംബന്ധിക്കുന്ന ഒരു കാര്യമാണ് ഞാന്‍ ചുരുക്കി പറയാന്‍ പോകുന്നത്’ എന്ന മുഖവുരയോടെയാണ് ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. തനിയ്ക്ക് മാര്‍ക്ക് കുറവായതിനാല്‍ ജോലി ഒന്നും ലഭിക്കുന്നില്ല എന്നാണ് ഈ യുവാവ് പറയുന്നത്.
‘ബി ടെക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഞാന്‍. 12-ാം ക്ലാസില്‍ 54 ശതമാനം മാര്‍ക്കാണ് എനിയ്ക്ക് ഉണ്ടായിരുന്നത്. ഇന്റേണുകളെ റിക്രൂട്ട് ചെയ്യുന്നതിനായി പല കമ്പനികളും എന്റെ കോളേജില്‍ വന്നിരുന്നു.10, 12 ക്ലാസുകളില്‍ 60 ശതമാനത്തിന് മുകളിലും എഞ്ചിനീയറിംഗില്‍ സപ്ലികള്‍ ഇല്ലാതെ 75 ശതമാനം മാര്‍ക്കുമുള്ള ആളുകളെയാണ് അവര്‍ക്കെല്ലാം ആവശ്യം.’ പോസ്റ്റില്‍ വ്യക്തമാക്കുന്നു. 12-ാം ക്ലാസില്‍ 54 ശതമാനം മാത്രം മാര്‍ക്കുള്ളതിനാല്‍ തന്നെ ഇന്റര്‍വ്യൂവിന് ആരും വിളിയ്ക്കുന്നില്ലെന്നും വിദ്യാര്‍ത്ഥി വിശദീകരിക്കുന്നു. ലിംഗ്ഡിന്നില്‍ നിന്ന് പോലും തന്റെ ഈ മാര്‍ക്ക് കാരണം ആരും വിളിക്കാറില്ലെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
‘എന്റെ സഹോദരനും 10-ാം ക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറവായതിനാല്‍ ഇതേ പ്രശ്‌നം ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ ഒരു മുന്‍നിര മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ 20 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യുകയാണ്. ബിടെക്ക് പഠന കാലത്ത് അവന്‍ വിചാരിച്ചിരുന്നത് അവന് ഒരിക്കലും ജോലി ലഭിക്കില്ല എന്നായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങളുടെ പ്രദേശത്തെ എല്ലാ ബിടെക്ക് വിദ്യാര്‍ത്ഥികളുടെയും ഗുരു അവനാണ്.’ മറ്റൊരാള്‍ പോസ്റ്റ് ചെയ്തു.
‘നിങ്ങള്‍ ഏത് മേഖലയില്‍ നിന്നാണ് എന്ന കാര്യത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. ഞാന്‍ ബികോം കുറഞ്ഞ മാര്‍ക്കിലാണ് പാസ് ആയത്. പിന്നീട് സാങ്കേതിക മേഖലയില്‍ ജോലി ചെയ്തു. ഒരു കമ്പനികളും എന്റെ മാര്‍ക്ക് മോശം കാര്യമായി പരിഗണിച്ചിട്ടില്ല. നിങ്ങളുടെ പഴയ മാര്‍ക്ക് ഒരു പ്രശ്‌നമല്ലാത്ത കമ്പനികളില്‍ ജോലിയ്ക്ക് ശ്രമിക്കുക’ എന്നാണ് മറ്റൊരാള്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.പല ആളുകള്‍ക്കും ഈ വിഷയത്തില്‍ പല അഭിപ്രായങ്ങളാണുള്ളത്. എന്തായാലും 10, 12 ക്ലാസുകളിലെ മാര്‍ക്കിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.