മെയ് 31 വരെ നീളുന്ന പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 66,000 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

May 10, 2022 - By School Pathram Academy

സര്‍ക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്കൂളുകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകര്‍ക്ക് അവധിക്കാലത്ത് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി.

കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും രസകരമായ കഥകള്‍ കേള്‍ക്കാനും വായിക്കാനും ധാരാളം പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവില്‍ വിദ്യാലയങ്ങളില്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സൗകര്യം പോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍. പത്ത് സെഷനുകളിലായാണ് ദ്വിദിന ഐ.ടി പരിശീലനം പ്രൈമറി അധ്യാപകര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.

88,000 അധ്യാപകര്‍ക്ക് ഫീല്‍ഡ്തല പരിശീലനത്തിനായി 96 സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാരുടെ (എസ്.ആര്‍.ജി) നേതൃത്വത്തില്‍ 990 ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാരെ (ഡി.ആര്‍.ജി) സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനം മുഴുവനായി 349 പരിശീലന കേന്ദ്രങ്ങളുണ്ട്. അധ്യാപക പരിശീലനത്തിന് ഇപ്രാവശ്യം സമഗ്രമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് മാനേജ്മെന്റ് സിസ്റ്റവും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ , ഷെഡ്യൂളിംഗ് , ബാച്ച് തിരിച്ചുള്ള അറ്റന്‍ഡന്‍സ്, അക്വിറ്റന്‍സ്, സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കലുമെല്ലാം ഇതുവഴിയാണ് നല്‍കുന്നത്. മെയ് 31 വരെ നീളുന്ന ഐടി പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 66,000 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ പരിശീലനകേന്ദ്രം സന്ദര്‍ശിച്ച് അധ്യാപകരുമായി ആശയവിനിമയം നടത്തി. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.എസ്.കെ ഡയറക്ടര്‍ ഡോ.സുപ്രിയ, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Category: News