പരീക്ഷയുടെ ഉത്തര പേപ്പറുകൾ പലപ്പോഴും രസകരമായ വാർത്തകളായി മാറാറുണ്ട്.സാമൂഹ്യ ശാസ്ത്ര പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യത്തിന് വിദ്യാർഥി നൽകിയ ഉത്തരമാണ് വൈറലായിരിക്കുന്നത്
പരീക്ഷയുടെ ഉത്തര പേപ്പറുകൾ പലപ്പോഴും രസകരമായ വാർത്തകളായി മാറാറുണ്ട്. പണ്ടത്തെ കുട്ടികൾ ഹിന്ദി പരീക്ഷയ്ക്ക് ബോളിവുഡ് ചിത്രങ്ങളിലെ പാട്ടുകളാണ് എഴുതിവെച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ കുട്ടികൾ കുറച്ചുകൂടി കടന്ന് ചിന്തിക്കുന്നവരാണ്.
അത്തരത്തിൽ ബുദ്ധിയും തമാശയും ഒത്തുചേർന്ന തരത്തിലുള്ള ഉത്തരങ്ങൾ നിറഞ്ഞ പേപ്പർ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. അങ്ങനെയൊരു ഉത്തര പേപ്പർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
സാമൂഹ്യ ശാസ്ത്ര പരീക്ഷയ്ക്ക് ചോദിച്ച ഒരു ചോദ്യത്തിന് വിദ്യാർഥി നൽകിയ ഉത്തരമാണ് വൈറലായിരിക്കുന്നത്. എന്താണ് വിവാഹം എന്നതായിരുന്നു ചോദ്യം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങൾ നിരീക്ഷിച്ചാണ് ഇതിന് വിദ്യാർഥി ഉത്തരമെഴുതിയിരിക്കുന്നത്.
‘പെൺമക്കൾ വലുതായിക്കഴിഞ്ഞാൽ, സ്ത്രീയായി മാറുമ്പോൾ അവളോട് അച്ഛനും അമ്മയും പറയും ‘നിനക്ക് ഭക്ഷണം തരാൻ ഇനി ഞങ്ങൾക്ക് കഴിയില്ല, നീ ഭക്ഷണം നൽകാൻ കഴിയുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത് എന്ന്’. അങ്ങനെ പെൺകുട്ടി ഒരാളെ കണ്ടെത്തും. നീ ഇപ്പോൾ വലിയ ആൺകുട്ടി ആയെന്നും വിവാഹം കഴിക്കാൻ പ്രായമായെന്നും രക്ഷിതാക്കൾ എപ്പോഴും ഓർമിപ്പിക്കുന്ന ആളായിരിക്കും അത്.
അങ്ങനെ അവർ രണ്ടുപേരും പരസ്പരം ടെസ്റ്റ് ചെയ്ത് സന്തോഷമായാൽ വിവാഹം കഴിക്കും. അതിനുശേഷം കുഞ്ഞുങ്ങളുണ്ടാകാൻ ചില മണ്ടത്തരങ്ങൾ ചെയ്യും’. ഇതാണ് വിദ്യാർഥി എഴുതിയ ഉത്തരം.
എന്നാൽ ഈ ഉത്തരക്കടലാസ് നോക്കിയ ടീച്ചർക്ക് ഈ മറുപടി അത്ര ദഹിച്ചിട്ടില്ല. ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും നോൺസെൻസ് എന്നെഴുതുകയും ചെയ്തിട്ടുണ്ട്. കൂടെ ടീച്ചറെ വന്ന് കാണാനുള്ള നിർദേശവുമുണ്ട്. ഇതിന് കുട്ടിക്ക് കിട്ടിയകിട്ടിയത് പത്തിൽ പൂജ്യം മാർക്കാണ്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഈ ഉത്തരത്തിന് വൻ കൈയടിയാണ് ലഭിക്കുന്നത്. കുട്ടി പറഞ്ഞിരിക്കുന്നത് സത്യസന്ധമായ കാര്യമാണെന്നും വിവാഹത്തെ കുറിച്ച് ഇത്രയും ആത്മാർഥമായ ഒരു ഉത്തരം മറ്റാരും നൽകുന്നത് കണ്ടിട്ടില്ലെന്നുമാണ് ആളുകളുടെ പ്രതികരണം.