പരീക്ഷ തീർന്നത് ആഘോഷിക്കാൻ പൊലീസ് ക്വാർട്ടേഴ്സിൽ ഒളിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പുറത്താക്കി വിരട്ടി ഓടിച്ചു
കോഴിക്കോട് ∙ ആൾ പാർപ്പില്ലാത്ത ക്വാർട്ടേഴ്സിനുള്ളിൽ കയറിയ വിദ്യാർഥികളെ പൊലീസ് വിരട്ടി ഓടിച്ചു.
ഇന്നലെ വൈകിട്ട് എൻജിഒ ക്വാർട്ടേഴ്സിലാണു സംഭവം. തൊട്ടടുത്ത വിദ്യാലയത്തിൽ നിന്ന് അവസാന പരീക്ഷ കഴിഞ്ഞ വിദ്യാർഥികളാണ് ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി സമയം ചെലവഴിച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും പോകാത്തതു ശ്രദ്ധയിൽപ്പെട്ട ക്വാർട്ടേഴ്സിലെ മറ്റു താമസക്കാർ ചേവായൂർ പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് ക്വാർട്ടേഴ്സിൽ കയറി ഒളിച്ചിരുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും പുറത്താക്കി വിരട്ടി ഓടിച്ചു. പൊലീസ് എത്തിയതറിഞ്ഞ് ചില കുട്ടികൾ ക്വാർട്ടേഴ്സിലെ പൊളിഞ്ഞ ജനൽ വഴി ചാടി രക്ഷപ്പെട്ടു. അരമണിക്കൂർ പൊലീസും വിദ്യാർഥികളും ക്വാർട്ടേഴ്സ് പരിസരത്തു കൂടെ ഓടുന്നതു കണ്ടു വഴിയാത്രക്കാർ പൊലീസിനെതിരെ തിരിഞ്ഞെങ്കിലും കാര്യം അറിഞ്ഞതോടെ കുട്ടികളെ ആശ്വസിപ്പിച്ചു വീട്ടിലേക്ക് തിരിച്ചയച്ചു. ക്വാർട്ടേഴ്സിൽ അനധികൃതമായി കയറിയ സംഭവത്തിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.