എസ്.ഡി.പി.വൈ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, അല്‍ ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്.സ്കൂള്‍ എന്നിവര്‍ യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി
സ്കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയ സ്കൂളിനുള്ള ശബരീഷ് സ്മാരക സ്കൂള്‍ വിക്കി ജില്ല തല പുരസ്കാരത്തിന് പള്ളുരുത്തി എസ്.ഡി.പി.വൈ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അര്‍ഹരായി. ചേരാനെല്ലൂര്‍ അല്‍ ഫാറൂഖിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പള്ളുരുത്തി ഔവര്‍ ലേഡീസ് സി.ജി.എച്ച്.എസ്.സ്കൂള്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ(കൈറ്റ്) ആണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിജയികള്‍ക്ക് പ്രശംസ പത്രവും ട്രോഫിയും യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും.
വിദ്യാര്‍ത്ഥി ജീവിതത്തിലെ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മനസില്‍ മാത്രമല്ല സ്കൂളിൻറെ ചരിത്രത്തിലും വലുതായി തന്നെ നിലനില്‍ക്കണമെന്ന ആശയത്തിനു പുറത്താണ് സ്കൂള്‍ വിക്കിയുടെ ജനനം. പൊതു വിദ്യാഭ്യാസ വകുപ്പിൻറെ സ്കൂളുകള്‍ക്കുള്ള പോര്‍ട്ടലായ സ്കൂള്‍ വിക്കി ഇന്ത്യയിലെ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ വിവര ശേഖരമാണ്.
ഇൻഫോബോക്സിലെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബുകള്‍, വഴികാട്ടി, സ്കൂള്‍ മാപ്പ് തുടങ്ങി ഇരുപത് മാനദണ്ഡങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് കൈറ്റ് സി.ഇ.ഒ അൻവര്‍ സാദത്ത് അധ്യക്ഷനായ സമിതി പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ല തലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച 26 സ്കൂളുകള്‍ക്ക് പ്രശസ്തി പത്രം കൈമാറും. ജൂലായ് ഒന്നിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിജയികള്‍ക്കുള്ള പുരസ്കാരം കൈമാറും.
സ്കൂളിലെ നേട്ടങ്ങള്‍ യഥാ സമയത്ത് സ്കൂള്‍ വിക്കിയില്‍ ചേര്‍ക്കുന്നതിനായി ലിറ്റില്‍ കൈറ്റ് അംഗങ്ങള്‍ക്കും സ്കൂളിലെ കൈറ്റ് മാസ്റ്റര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേട്ടങ്ങള്‍ , വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ മത്സരങ്ങളിലെ വിജയികള്‍ തുടങ്ങിയ വിവരങ്ങള്‍ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നു. സ്കൂളിൻറെ ചരിത്രവും പിന്നിട്ട വഴികളും വരും തലമുറക്ക് മുന്നില്‍ ഡിജിറ്റല്‍ രൂപത്തിലെത്തിക്കുക വഴി സ്കൂള്‍ വിക്കി സംസ്ഥാനത്തെ സ്കൂളുകളുടെ ചരിത്ര പുസ്തകം കൂടിയായി മാറുകയാണ്.