പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ എസ്‌സിഇആർടി ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു

March 21, 2022 - By School Pathram Academy

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ 25 ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്‌സൻമാരായി അതാത്‌ വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക്‌ വിദഗ്‌ധരെ നിയമിക്കും.

വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ ആവശ്യം നിറവേറ്റാനുള്ള ഉള്ളടക്കം തയ്യാറാക്കുകയാണ്‌ ലക്ഷ്യം.

വിശദമായ ചർച്ചയ്‌ക്കൊടുവിലാകും തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം എസ്‌സിഇആർടി ഫോക്കസ്‌ ഗ്രൂപ്പ്‌ രൂപീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു.

കരിക്കുലം സ്റ്റിയറിങ്‌ കമ്മിറ്റിയും കോർ കമ്മിറ്റിയും ഉടൻ ചേരും. ബൃഹത്തായ ജനകീയ സെമിനാർ നടത്താനും ആലോചനയുണ്ട്‌. പ്രീ സ്‌കൂൾ, സ്‌കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിവയിലാണ്‌ പാഠ്യപദ്ധതി ചട്ടക്കൂട്‌ രൂപീകരിക്കുന്നത്‌.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനുശേഷം 2023–-24 അധ്യയന വർഷംമുതൽ ഘട്ടം ഘട്ടമായി പാഠപുസ്‌തകവും പരിഷ്‌കരിക്കും.

Category: News