പാറക്കൂട്ടങ്ങളും കുന്നുകളും കൊണ്ട് മനോഹരമായ ഒരു പ്രദേശം…… അവിടെ ഒരു കുന്നിന് മുകളിലാണ് വേങ്കുഴി ഗവൺമെന്റ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്

September 21, 2022 - By School Pathram Academy

പാറക്കൂട്ടങ്ങളും കുന്നുകളും കൊണ്ട് മനോഹരമായ ഒരു പ്രദേശം…… അവിടെ ഒരു കുന്നിന് മുകളിലാണ് വേങ്കുഴി ഗവൺമെന്റ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

അധ്യാപകനായും പ്രഥമാധ്യാപകനായും നെയ്യാറ്റിൻകര ഗവ. ജെ.ബി. സ്കൂളിൽ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ,എന്റെ സഹപ്രവർത്തകയും സീനിയർ അധ്യാപികയും ആയിരുന്ന ശ്രീമതി സജിത ടീച്ചർ ഇപ്പോൾ HM ആയി ജോലി ചെയ്യുന്ന വിദ്യാലയം.

വമ്പൻ ലോറികൾ ചീറിപ്പായുന്ന വഴിയിലൂടെ, പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ സ്കൂളിലേയ്ക്ക് എത്തിച്ചേരുക തന്നെ ദുഷ്കരമായ കാര്യമാണ്. റോഡരികുകളിൽ മണ്ണും പാറയും കയറ്റാൻ അവസരം കാത്ത് നിരനിരയായി കിടക്കുന്ന ലോറികൾക്കരികിലൂടെ വിദ്യാലയത്തിലേയ്ക്കുള്ള യാത്ര ശ്രമകരം തന്നെ .

മനോഹരമായ പൂന്തോട്ടവും നിറയെ വൈവിധ്യമാർന്ന മരങ്ങളും അതിരിടുന്ന വിദ്യാലയ കാമ്പസ് കണ്ണിന് കുളിർമ്മയേകുന്നതും എത്ര വേനലിലും ഒട്ടും ചൂട് അനുഭവപ്പെടാത്തതുമായ ഒരിടമാണ്. ” ഞങ്ങളുടെ വിദ്യാലയം ഞങ്ങളുടെ സ്വപ്നം ” എന്നെഴുതിയ ബോർഡാണ് സ്കൂളിലെത്തുന്ന അതിഥികളെ സ്വാഗതം ചെയ്യുന്നത്. വിദ്യാലയത്തിന്റെ ചുവരുകളിലും വരാന്തയിലെ തൂണുകളിലും ഇട നാഴികളിലും നിറയെ ചിത്രങ്ങളും എഴുത്തുകളും…. പുറംവാതിൽ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് എവിടെയും. മനസ്സിന് തണുപ്പ് നൽകുന്ന ശാന്ത സുന്ദരമായ പഠനാന്തരീക്ഷം. റോഡിൽ നിന്നും അല്പം അകലെയായതിനാൽ വാഹനങ്ങളുടെയും മറ്റും ശബ്ദ കോലാഹലങ്ങൾ ഒട്ടും തന്നെയില്ല.

 

ശ്രീമതി സജിത ടീച്ചറും മറ്റ് അധ്യാപകരും പതിവു പോലെ നേരത്തെ തന്നെ എത്തിയിരുന്നു.. BRC യുടെ തത്സമയ സഹായവുമായി ബന്ധപ്പെട്ട് CRC കോ ഓർഡിനേറ്റർ ശ്രീമതി ലേഖ ടീച്ചറും സ്കൂളിലുണ്ടായിരുന്നു. വരാന്തയിൽ സഡാക്കോ കൊക്കുകളും നിറം ചേർത്ത പൂക്കള ചിത്രങ്ങളും മറ്റ് സൃഷ്ടികളും പ്രദർശിപ്പിച്ചിരുണ്ട്. ചില കൂട്ടുകാർ പുസ്തകത്തൊട്ടിലിൽ നിന്നും ബാലമാസികകളും മറ്റും തെരെഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. ഉച്ച ഭക്ഷണമെനുവും വാർത്തകളും മറ്റും എഴുതിത്തയ്യാറാക്കുന്ന ചുമതലകളും അവർ കൃത്യമായി നിറവേറ്റുന്നു. എല്ലാ ക്ലാസ് മുറികളിലും സർഗച്ചുവരുകളും ക്ലാസ് ലൈബ്രറികളും ഒരുക്കിയിട്ടുണ്ട്. നെയ്യാറ്റിൻകര BRC യിലെ അധ്യാപിക പരിശീലകയായിരുന്ന ശ്രീമതി സുജ ടീച്ചറിന്റെ ഒന്നാം ക്ലാസ്സിൽ അക്ഷരവൃക്ഷം ഒരുക്കിയിട്ടുണ്ട് ഒപ്പം ഒട്ടേറെ വായന കാർഡുകളും മറ്റ് പഠനോപകരണങ്ങളും….

നഴ്സറി ക്ലാസ്സുകളും മനോഹരമാണ്. നിറയെ മനോഹരമായ ചിത്രങ്ങൾ വരച്ചിട്ട ചുമരുകൾ . പഠനോപകരണങ്ങൾ വിവിധ മൂലകളിൽ ഭംഗിയായി പ്രദർശിപ്പിച്ചിരിക്കുന്നു. കൂട്ടുകാരെല്ലാം നല്ല ഉത്സാഹത്തിലാണ്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് കൂട്ടുകാരുടെ കളിയുപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാലയ മുറ്റം മുഴുവനും വിവിധതരം മരങ്ങൾ ഇടതിങ്ങി നിൽക്കുന്നു… സൂര്യരശ്മികളുടെ തീക്ഷ്ണത നട്ടുച്ചയ്ക്ക് പോലും കൂട്ടുകാർ അറിയുന്നില്ല. പുന്ന , കുമ്പിൾ, മാവ്, പ്ലാവ് എന്നിങ്ങനെ എല്ലാ മരങ്ങളുടെയും ചുവടുകൾ കെട്ടിയെടുത്ത് കൂട്ടുകാർക്കായി ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.

വള്ളികളും ചെടികളും പടർന്ന് കയറി മനോഹര ചിത്രങ്ങളായി ഓരോ മരവും മാറിയിരിക്കുന്ന കാഴ്ച തന്നെ മനോഹരമാണ്. ശ്രീ. ഷിബു സാറിന്റെ നേതൃത്വത്തിലുള്ള നാലാം ക്ലാസ്സ് സ്മാർട്ട് ക്ലാസ് മുറിയിലാണ് പ്രവർത്തിക്കുന്നത്. അവിടത്തെ കമ്പ്യൂട്ടറും സ്മാർട്ട് ഇന്ററാക്ടീവ് ബോർഡും മറ്റ് ആധുനിക പഠനോപകരണങ്ങളും പ്രവർത്തിപ്പിക്കുന്നത് കൂട്ടുകാർ തന്നെയാണ് എന്നത് മികവുറ്റ ഒരു കാര്യമായി തോന്നി. പങ്കെടുക്കുന്ന കുട്ടികളിൽ ഭൂരിപക്ഷം പേർക്കും LSS ലഭിക്കാറുണ്ട് എന്ന് പഴയകാല സ്കൂൾ മികവുകൾ പങ്കുവയ്ക്കുന്നതിനിടയിൽ ശ്രീ ഷിബു സർ പറഞ്ഞു. അതിനു വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.

ഇന്ന് നടന്ന ” കാവ്യം മധുരം ” എന്ന പ്രത്യേക കവിതാസ്വാദന പരിപാടിയിൽ ഞാനും പങ്കെടുത്തു. ഒരു കാഴ്ചക്കാരനായി ….. ശ്രീമതി ഷൈലജ ടീച്ചറാണ് ഈ പരിപാടിയ്ക്ക് നേതൃത്വം നൽകിയത്. ആദിദേവ് , അഭിറാം , ആരവ്, ആൻമരിയ എന്നിവർ കവിതകളും മറ്റും അവതരിപ്പിച്ചു. SSG മെമ്പറും കവയിത്രിയും പാട്ടുകാരിയുമായ ശ്രീമതി വൃന്ദാ മഹേഷ് എഴുതിയ ഒരു പാട്ട് അവർ തന്നെ കൂട്ടുകാർക്ക് ചൊല്ലിക്കൊടുത്തു.

അവർ അത് ഏറ്റ് പാടി. ഇന്ന് കുഞ്ഞു കൂട്ടുകാരനായ അഭിൻരാജിന്റെ ജന്മദിനമായിരുന്നു. ജന്മദിന സമ്മാനമായി ഒരു പുസ്തകം അവൻ സ്കൂൾ ലൈബ്രറിയിലേയ്ക്ക് ശ്രീമതി സജിത ടീച്ചർക്ക് കൈമാറി ജന്മദിനം ആഘോഷിച്ചു. ആശംസകൾ എഴുതിയ മനോഹരമായ ആശംസ കാർഡ് അവന് സമ്മാനിച്ച് അധ്യാപകരും കൂട്ടുകാരും ജന്മദിനാശംസകൾ നേർന്നു. മരച്ചുവട്ടിൽ നടന്ന ഈ പ്രവർത്തനം സംഘാടന മികവ് കൊണ്ട് വേറിട്ട് നിന്നു.

രാവിലെ നാലാമത്തെ പീരീഡായപ്പോൾ മൂന്നാം ക്ലാസിലെ കൂട്ടുകാർ ഓഫീസിൽ ഓടിയെത്തി HM നെ ഓർമ്മിപ്പിച്ചു. ” ടീച്ചർ ഞങ്ങൾക്കിപ്പോൾ കണക്കാണ് ” ഗണിതാധ്യാപിയായി വളരെക്കാലം നെയ്യാറ്റിൻകര ജെ.ബി. സ്കൂളിൽ തിളങ്ങി നിന്ന ശ്രീമതി സജിത ടീച്ചർ കൂട്ടുകാരെ കണക്ക് പഠിപ്പിക്കാനായി അവരോടൊപ്പം ക്ലാസ്സിലേയ്ക്ക് നീങ്ങി. ടീച്ചറോടും കൂട്ടുകാരോടും വിദ്യാലയത്തോടും വിട പറഞ്ഞ് ഞാൻ തിരിയെ വീട്ടിലേയ്ക്കും… വിരമിച്ച ശേഷം മറ്റൊന്നും ചെയ്യാൻ കഴിയാതെ വീട്ടിൽ ഒരുങ്ങിക്കൂടുന്ന എന്നെപ്പോലുള്ള അധ്യാപകർക്ക് ഇത്തരം കാഴ്ചകളും അനുഭവങ്ങളും നൽകുന്ന മാനസിക സന്തോഷം ഒന്നു വേറെ തന്നെയാണ്…

പ്രേംജിത്ത് മാഷ്

റിട്ട. ഹെഡ് മാസ്റ്റർ

Category: NewsSchool News