പിടിഎ പിടിക്കാൻ രാഷ്ട്രീയപ്പോര്;സ്‌കൂൾ അധികൃതർ നോക്കുകുത്തികളായി

August 25, 2022 - By School Pathram Academy

കോഴിക്കോട്: സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി(പി.ടി.എ)കളുടെ ഭരണം പിടിക്കാൻ പൊരിഞ്ഞ രാഷ്ട്രീയപ്പോര്.

തദ്ദേശസ്ഥാപനങ്ങളിലേക്കും സഹകരണബാങ്കുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമ്പോഴെന്നപോലെ, മുന്നണിയടിസ്ഥാനത്തിൽ പാനൽ ഉണ്ടാക്കി മത്സരിച്ച് പി.ടി.എ. ഭരണം പിടിച്ചെടുത്ത സംഭവങ്ങൾവരെയുണ്ട്.

കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഒരു രാഷ്ട്രീയ പാാർട്ടി അനുകൂല പി.ടി.എ.യെ അട്ടിമറിച്ച് ഇക്കൊല്ലം  മറ്റൊരു പാർട്ടി ഭരണം  പിടിക്കുകയുണ്ടായി. സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയാടിസ്ഥാനത്തിൽ ഇത്തരം ഭരണംപിടിക്കലുകളുണ്ടായിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളും സ്വാധീനമുള്ളിടങ്ങളിൽ ഇതു പയറ്റുന്നുണ്ട്.

പി.ടി.എ. യോഗങ്ങൾക്കുമുന്നോടിയായി ഓരോ രക്ഷിതാവിനെയും വീട്ടിൽപ്പോയി നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടുതന്നെ, യോഗങ്ങളിൽ വൻപങ്കാളിത്തവുമുണ്ട്.
സർക്കാർ സ്കൂളുകളിലെ ലക്ഷങ്ങൾ ചെലവഴിച്ചുള്ള നിർമാണക്കരാറുകൾമുതൽ രാഷ്ട്രീയസ്വാധീനമുറപ്പിക്കൽവരെ ഈ കടുത്തപോരാട്ടത്തിന് കാരണമാകുന്നുണ്ട്.

രാഷ്ട്രീയബലമുള്ള പി.ടി.എ. ഭാരവാഹികളുടെ ഇംഗിതത്തിന് എതിരുനിൽക്കാൻ അധ്യാപകർക്ക് പ്രയാസമാണെന്ന സ്ഥിതിയുണ്ട്. വഴിവിട്ട് ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന കാര്യങ്ങൾക്ക് സർക്കാരിനുമുന്നിൽ ഉത്തരം പറയേണ്ട ബാധ്യത സ്കൂൾ അധികൃതർക്കാണ്.

പ്രശ്നങ്ങളുണ്ടാവുമ്പോൾ അവർ ബലിയാടാവുകയും പി.ടി.എ.യിലെ രാഷ്ട്രീയക്കാർ തടിയൂരുകയും ചെയ്യുമെന്നാണ് ആരോപണം.

പി.ടി.എ. കമ്മിറ്റിയുടെ രാഷ്ട്രീയച്ചായ  അനുസരിച്ചാണ് സ്കൂളുകളിലെ പരിപാടികളിൽ ജനപ്രതിനിധികളെ ക്ഷണിക്കുന്നതുപോലും. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളിൽ താത്കാലിക അധ്യാപകനിയമത്തിനുള്ള അഭിമുഖം നടത്തുന്ന കമ്മിറ്റിയിൽ ഒരു രാഷ്ടീയ പാർട്ടി ജനപ്രതിനിധി പങ്കെടുക്കുന്നത് ഒഴിവാക്കാൻ തീയതി പലതവണ മാറ്റിയ സംഭവമുണ്ട്.

പാർട്ടിഫോറത്തിൽ ചർച്ചനടത്തി തീരുമാനമെടുത്ത് പി.ടി.എ. ഭരണം പിടിച്ചെടുക്കുന്ന വിധത്തിലുള്ള അമിതരാഷ്ട്രീയവത്കരണം സ്കൂളുകളിലെ അക്കാദമിക് അന്തരീക്ഷം തകർക്കുന്നു.

അധ്യാപകരെ പേടിപ്പിച്ച് വരുതിയിലാക്കുന്നതോടെ സ്കൂളിന്റെ സ്വാഭാവികാന്തരീക്ഷം തകരുന്നു. ജനാധിപത്യമര്യാദകളൊന്നുമില്ലാതെ ഏകപക്ഷീയമായാണ് ഇത്തരം പി.ടി.എ.കൾ പ്രവർത്തിക്കുന്നത്.

Category: News