പുകഞ്ഞുതീരുന്നു കുഞ്ഞുങ്ങൾ …കൗൺസലിങ്ങിനെത്തിച്ച കുട്ടി പറഞ്ഞത് പതിനൊന്നാം വയസിൽ തുടങ്ങിയ പുകവലിയുടെ കഥ. വീട്ടിലുള്ളവർക്ക് പോലും പിടികിട്ടാതിരിക്കാനുള്ള മാർഗങ്ങൾ കൂട്ടുകാർ ഉപദേശിച്ചു കൊടുത്തിരുന്നു
പത്തനംതിട്ട > പതിനാലുകാരനെ കണ്ടാൽ തിരിച്ചറിയാത്ത വിധം മുഖവും വിരലുകളും നിറംമാറി കരുവാളിച്ചിരുന്നു. ചുമയും ശ്വാസതടസവും പതിവ്. കുട്ടിക്ക് സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയാനാവാതെ രക്ഷിതാക്കളും. കൗൺസലിങ്ങിനെത്തിച്ച കുട്ടി പറഞ്ഞത് പതിനൊന്നാം വയസിൽ തുടങ്ങിയ പുകവലിയുടെ കഥ. വീട്ടിലുള്ളവർക്ക് പോലും പിടികിട്ടാതിരിക്കാനുള്ള മാർഗങ്ങൾ കൂട്ടുകാർ ഉപദേശിച്ചു കൊടുത്തിരുന്നു. ഏറെക്കാലമെടുത്ത് ചികിത്സിച്ചാൽ മാത്രം വീണ്ടെടുക്കാനാവുന്ന അവസ്ഥയിലേക്ക് കുട്ടി എത്തിയിരുന്നു.
കുട്ടികൾക്കിടയിൽ ഗുളികയും കഞ്ചാവും പുകയും, മുതിർന്നവരിൽ കഞ്ചാവും മദ്യവും മറ്റ് മയക്കുമരുന്നുകളും, ചെറുപ്പക്കാർക്കിടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപക ഉപയോഗം. ഇങ്ങനെ ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ലഹരി ഉപയോഗത്തിന്റെ അടിമകളായി മാറുന്നവരാണ് ചുറ്റും. ലഹരിമുക്ത കേന്ദ്രങ്ങളിലെത്തുന്നത് ആയിരങ്ങൾ. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വിമുക്തി മിഷൻ വഴി ലഹരിമുക്ത കേന്ദ്രങ്ങളിലെത്തിക്കുന്നവരിൽ പുരുഷൻമാർക്കും സ്‌ത്രീകൾക്കുമൊപ്പം കുട്ടികളും നിരവധിയെന്ന് കണക്കുകൾ പറയുന്നു.
ഈ വർഷം ജനുവരി മുതൽ വിമുക്തി മിഷനിലൂടെ ലഹരിമുക്ത കേന്ദ്രത്തിൽ എത്തിച്ചവരുടെ എണ്ണം 1421. ഇവരിൽ 1121ഉം പുരുഷൻമാരാണ്. 130 സ്‌ത്രീകളും 35 കുട്ടികളും ഇത്തരത്തിൽ എക്‌സൈസ് വകുപ്പ് മുൻകൈയെടുത്ത് ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ചു. കൗൺസലിങ്ങിലൂടെയും ചികിത്സയിലൂടെയും മാറ്റമുണ്ടായവർ നിരവധിയെന്ന് അധികൃതർ പറയുന്നു. 15നും 21നുമിടയിൽ പ്രായമുള്ളവരുടെ എണ്ണം വർധിക്കുന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.
വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളും മയക്കുമരുന്നുകളും എത്തിക്കുന്ന മാഫിയകൾ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വ്യാപകമാണ്. ഇവരുടെ പിടിയിലകപ്പെടുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും സുഖസൗകര്യങ്ങളും നൽകി ലഹരി വിൽപ്പനയുടെ ഏജന്റുമാരായും വിൽപ്പനക്കാരായും പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. കൗമാരപ്രായത്തിലുള്ള കുട്ടികൾ ഇത്തരം കുരുക്കുകളിൽ സ്ഥിരമായി അകപ്പെടുന്നുണ്ട്. വിമുക്തി മിഷൻ ലഹരിമുക്ത കേന്ദ്രത്തിലെത്തിച്ചവരുടെ എണ്ണം: ജനുവരി – 123, ഫെബ്രുവരി – 148, മാർച്ച് – 203, ഏപ്രിൽ -200, മെയ് -197, ജൂൺ -162, ജൂലൈ -202, ആഗസ്‌ത് -83, സെപ്‌റ്റംബർ – 103.