പൂക്കൾ പൂത്തുലഞ്ഞ് വരും … ഈ വളങ്ങൾ പ്രയോഗിച്ചാൽ

March 04, 2022 - By School Pathram Academy

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുകയും ജനജീവിതം വീടുകളിൽ മാത്രം ഒതുങ്ങുകയും ചെയ്ത കാലത്ത് ഒട്ടേറെ പേർ കൃഷിയിലേക്ക് ശ്രദ്ധതിരിച്ചിരുന്നു. രാസവളങ്ങൾ ചേരാത്ത ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലഭിച്ചതോടെ പലരും കൃഷി തുടരുകയും ചെയ്തു. എന്നാൽ ചെടി നടുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നത് അവയുടെ പരിപാലനത്തിനാണ്. കുറഞ്ഞ ചെലവിൽ മികച്ച ഫലം നേടാനുള്ള ചില പൊടികൈകൾ അറിയാം.

ഇന്ന് അനേകം പേർ പൂക്കൾ കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറിയേക്കാൾ വിലയുണ്ട് ഇന്ന് ഒരു മുഴം പൂവിന്.

മാത്രമല്ല ഒരു കൂട പൂവിന് ഇന്നത്തെ വില കേട്ടാൽ നാം അമ്പരന്ന് പോകും. ഇക്കാരണത്താൽ തന്നെ മികച്ച രീതിയിൽ പൂക്കൾ കൃഷി ചെയ്താൽ നല്ല ലാഭം കൊയ്യാനും സാധിക്കും. അതിനായി വലിയ പണച്ചെലവ് വേണ്ടിവരികയുമില്ല.

 

നമ്മുടെ വീടുകളിൽ വരുന്ന അടുക്കള വേസ്റ്റ് മാത്രം മതി ചെടികളിൽ നിന്ന് വലിയ ലാഭം നേടാൻ.

നമുക്ക് മുട്ട വലിയ ഇഷ്ടമാണെങ്കിലും മുട്ടത്തോടിന്റെ പ്രാധാന്യത്തെപ്പറ്റി പലർക്കുമറിയില്ല. അറിവുള്ളവർ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നതും. ചെടികൾക്ക് വളരെ മികച്ച ജൈവവളമാണ് മുട്ടത്തോട്. എന്നാലത് വെറുതെ ചെടികളുടെ ചുറ്റിനും നിക്ഷേപിച്ചാൽ പോരായെന്നതാണ് വസ്തുത. ആദ്യം ആവശ്യത്തിന് മുട്ടത്തോട് ശേഖരിക്കണം. നമ്മുടെ വീടുകളിൽ നിന്നും അയൽക്കാരുടെ വീടുകളിൽ നിന്നും ഇവ ശേഖരിക്കാവുന്നതാണ്.

എത്രത്തോളം ചെടികളുണ്ടോ അതിന് ആനുപാതികമായി വേണം മുട്ടത്തോട് ശേഖരിക്കാൻ. തുടർന്ന് ഇത് നന്നായി പൊടിച്ചെടുക്കണം. ശേഷം പൊടിച്ചെടുത്ത മുട്ടത്തോട് നന്നായി വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. ഒരാഴ്ചയെങ്കിലും ഇപ്രകാരം വെയിലത്ത് വച്ച് നന്നായി ഉണക്കിയെങ്കിൽ മാത്രമേ മികച്ച ഫലം ലഭിക്കുകയുള്ളൂ. ഉണക്കിയതിന് ശേഷം വീണ്ടും നന്നായി പൊടിക്കണം. ഇത് ചെടികളുടെ ചുറ്റുമായി നിക്ഷേപിക്കുക. ഏറ്റവും മികച്ച ജൈവവളമാണിത്.

 

മുട്ടത്തോടിന് പുറമേ അടുക്കള വേസ്റ്റിലെ മറ്റ് ചില വസ്തുക്കളും വളമായി ഉപയോഗിക്കാൻ സാധിക്കും. ചായ ഉണ്ടാക്കിയതിന് ശേഷം ലഭിക്കുന്ന തേയില ചണ്ടിയും മികച്ച വളമാണ്.

എന്നാലിത് വെറുതെ ചെടികളിൽ നിക്ഷേപിക്കാൻ പാടില്ല. ആദ്യം ഇത് നന്നായി കഴുകിയതിന് ശേഷം വെയിലത്ത് ഉണക്കിയെടുത്ത് ചെടികളിൽ വളമായി ഉപയോഗിക്കാം.

പഴം കഴിച്ചതിന് ശേഷം തൊലി പുറത്തേക്ക് എറിഞ്ഞു കളയുന്നവരാണ് മിക്കവാറും പേരും. എന്നാൽ നല്ലൊരു വളമാണ് പഴത്തിന്റെ തൊലി. തൊലി വെറുതെ കഷ്ണങ്ങളാക്കി ചെടിയിൽ ഇടുകയോ ഉണക്കി പൊടിച്ചതിന് ശേഷം ഇടുകയോ ചെയ്യാം.

കപ്പലണ്ടി പിണ്ണാക്കും കടലപിണ്ണാക്കുമാണ് പൂവിടുന്ന ചെടികൾക്ക് പറ്റിയ മറ്റൊരു ജൈവവളം. ഇവ വെള്ളത്തിൽ മൂന്ന് ദിവസം ഇട്ട് പുളിപ്പിച്ചെടുക്കണം. തുടർന്ന് ഇത് തെളിച്ചെടുത്ത് സ്പ്രേ രൂപത്തിൽ ചെടിക്ക് അടിച്ചുകൊടുക്കുക. ഒരു ഗ്ളാസ് തെളിച്ചെടുത്ത പിണ്ണാക്കിന്റെ വെള്ളവും ഒപ്പം മൂന്ന് ഗ്ളാസ് വെള്ളവും ചേർത്ത് ചെടിക്ക് തളിച്ചുകൊടുക്കുക.

പതിനഞ്ച് ദിവസം കൂടുമ്പോഴാണ് ചെടികൾക്ക് വളപ്രയോഗം ചെയ്യേണ്ടത്. കൃത്യമായ അളവിൽ മാത്രമേ വളപ്രയോഗം പാടുള്ളൂ എന്നതും വളരെ ശ്രദ്ധിക്കേണ്ട സംഗതിയാണ്.

Category: News