പൂനത്ത് നെല്ലിശ്ശേരി എ.യു പി എസിലെ നജ്മ ടീച്ചറുടെ അനുഭവക്കുറിപ്പ് ‘എന്റെ ആറാം ക്ലാസ് ‘
അനുഭവക്കുറിപ്പ് (2022 – 23 )
എന്റെ ആറാം ക്ലാസ്
………………………………….
ഒരു അധ്യയന വർഷം കൂടി അവസാനിച്ചു കൊണ്ടിരിക്കുന്നു .. ഈ വർഷവും നിരവധി അനുഭവങ്ങൾക്ക് സാക്ഷിയായി. പുളകമണിയുന്ന സുന്ദര നിമിഷങ്ങൾ ഏറെയുണ്ട്.മിടുക്കരായ 33 കുട്ടിക്കൂട്ടങ്ങളുടെ ഇടയിൽ ലയിച്ചു ചേർന്ന് ഞങ്ങൾ ഒന്നായി പടുത്തുയർത്തിയ ആറാം തരത്തിന്റെ നിറമുള്ള ധാരാളം ചിത്രങ്ങൾ … കുഞ്ഞു കുറുമ്പുകളും കുസൃതിത്തരങ്ങളും കിന്നാരവുമെല്ലാം ഓർമ്മകളിലേക്ക് വഴി മാറുന്നു.പ്രവേശനോത്സവം മുതൽ അധ്യയന അവസാനം വരെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉത്സവം തന്നെയായിരുന്നു. ചെറുതും വലുതുമായ ഒരോ അവസരങ്ങളും പാഴാക്കാതെ ഞങ്ങൾ ആവോളം ആഘോഷിച്ചു. ഞാനടക്കം 34 പേരിൽ ഒരാളുടെ സന്തോഷം എല്ലാവരുടെയും സന്തോഷമായി ..അതു പോലെ സങ്കടങ്ങളും ..
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാവരും കൈപിടിച്ച് ഒന്നിച്ച് മുന്നേറാനുള്ള പ്രയത്‌നം സ്കൂളിലെ പല പ്രവർത്തനങ്ങളിലും ക്ലാസിനെ ഒന്നാമതെത്തിച്ചു. കുട്ടികളിലെ സംഘബോധവും നേതൃത്വപാടവവും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരും എല്ലാവരെയും പരസ്പരം അറിയാനും മനസിലാക്കാനുമായി ആഴ്ച തോറും ഇരിപ്പിടം. മാറിക്കൊണ്ടിരുന്നു. അതോടൊപ്പം ക്ലാസിലെ എല്ലായിടങ്ങളിലെയും സീറ്റിലെ അനുഭവങ്ങളും മാറി മാറി വരുന്ന പുതിയ കൂട്ടുകാരെ കുറിച്ചും എല്ലാവരും കൂടുതൽ അറിഞ്ഞു തുടങ്ങി. പതിയെപ്പതിയെ എല്ലാവരും എല്ലാവർക്കും പ്രിയപ്പെട്ടവരായി. ദിവസംതോറും കുട്ടികളുടെ സൗഹൃദവും കൂട്ടായ്മയും ഈടുറ്റതായി കൊണ്ടിരുന്നു.
ഒരിക്കൽ ഒരു കുട്ടി എന്റെയടുത്ത് പറഞ്ഞ വാക്കുകൾ ഓർക്കുന്നു ” ടീച്ചറേ..എത്ര നല്ല കൂട്ടുകാരാ എനിക്കുള്ളത് ന്നറിയോ…. . ഇന്നെന്റെ Birthday ആയത് ഞാൻ ആരോടും പറയാതിരുന്ന താ …എന്താന്നറിയോ കുറേ മുട്ടായി വേണ്ടേ എല്ലാർക്കും കൊടുക്കാൻ !…. അടു ത്തിരിക്കുന്ന സയാനും ബസാമും മത്രേ Birthday കാര്യം അറിഞ്ഞിരുന്നുള്ളൂ … ആരോടും പറയണ്ടാന്ന് ഞാൻ അവരോട് പറഞ്ഞതാ … അത് കേട്ടപ്പോ തന്നെ അവര് പറയാ …. നീ വിഷമിക്കേണ്ട , നിന്റെ Birthday നമ്മളൊന്നിച്ച് ആഘോഷിക്കുംന്ന് .. എന്നിട്ട് ഇന്ന് ഈ മുട്ടായിയെല്ലാം വാങ്ങിയത് എന്റെ friends ആ.. എന്നോട് എന്ത് സ്നേഹമാ… ഇത്രയും നല്ല frineds നെ കിട്ടാൻ ഭാഗ്യം വേണം ! ..” കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷവും .
ഏറ്റവും മനോഹരമായി ആ Birthday എല്ലാവരും ചേർന്ന് ആഘോഷിക്കുക മാത്രമല്ല വീട്ടിലേക്ക് കൂടി ആ സന്തോഷത്തിന്റെ പങ്ക് കൊടുത്തയച്ചപ്പോൾ മുന്നിലിരിക്കുന്ന എന്റെ കുഞ്ഞുങ്ങളെ കുറിച്ച് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. മാനുഷിക മൂല്യങ്ങൾ നഷ്ടമാവുന്ന ഈ കാലഘട്ടത്തിൽ എന്തു നല്ല മാതൃകയാണ് മക്കൾ പ്രവർത്തിച്ചു കാണിച്ചത്…!!
ഇതു പോലെ മറക്കാനാവാത്ത എത്രയെത്ര അനുഭവങ്ങൾ…. !! ഓർത്തെടുക്കാൻ ഒരുപാടുണ്ട്
സെപ്തംബർ 26 എന്റെ Birthday … എപ്പൊഴോ അറിഞ്ഞ birth date കുട്ടികൾ കലണ്ടറിൽ വട്ടമിട്ട് കാത്തിരുന്നത് ഞാൻ അറിഞ്ഞിരുല്ല . പതിവു പോലെ അന്നും രാവിലെ School ൽ എത്തിയ എനിക്ക് സർപ്രൈസ് ഒരുക്കി കാത്തിരിക്കുകയണവർ … ഒന്നുമറിയാതെ ക്ലാസിലെത്തിയ ഞാൻ ആകെ അന്ധാളിച്ചു പോയി … ഇന്നെന്താ ഇങ്ങനെ ….. ഇവർക്കെന്താണ് പരിപാടി …?? തോരണം തൂക്കി ക്ലാസിനെ വർണ്ണാഭമാക്കിക്കൊണ്ടിരിക്കുന്നു. ബെല്ലടിക്കാൻ ഇനിയും 15 മിനിട്ട് ബാക്കിയാണ്….എനിക്കൊന്നും മനസിലായില്ല…”ടീച്ചർ 10 മിനിട്ട് കഴിഞ്ഞേ വരാവൂ … ” താക്കീത് നൽകി എന്നെ പറഞ്ഞു വിട്ടു … അൽപം കഴിഞ്ഞ് പതിവുപോലെ പട്ടികയുമെടുത്ത് ക്ലാസിൽ കയറിയതും ….േഠ…. വാതിലിനിടയിൽ നിന്നുo ഭംഗിയാർന്ന വർണക്കടലാസ് തുണ്ടുകൾ ഉയർന്നു പൊങ്ങി ക്ലാസിൽ ചിതറി വീണു. ഡസ്കിനുള്ളിൽ ഒളിച്ചു വെച്ച കുഞ്ഞു സമ്മാനങ്ങൾ അപ്പൊഴേക്കും ടേബിളിൽ കൂമ്പാരമായിരുന്നു… ഒരു ഭാഗത്ത് Birthday കേക്ക് ….. “Happy Birthday dear teacher ….. ” ഒന്നിച്ച് ആശംസയറിയിച്ചു..അപ്പൊഴാണ് കാര്യം പിടികിട്ടിയത്. ഞങ്ങളൊന്നിച്ച് കേക്ക് മുറിച്ചു മധുരം പങ്കിട്ടു. സമ്മാനങ്ങളോരോന്നായി പൊതിയഴിച്ചു ….എല്ലാവരുടെയും കണ്ണുകളിൽ ആഹ്ലാദത്തിളക്കം മാത്രം . ടീച്ചർക്കായി പ്രിയപ്പെട്ട മക്കൾ പൊതിഞ്ഞു വെച്ച സന്തോഷം അത്രയ്ക്ക് വലുതായിരുന്നു.. മൊത്തം ഉത്സവാന്തരീക്ഷം …!!! ‘ജന്മദിനം ആഘോഷിച്ചതായി ഓർമയിൽ പോലുമില്ലാത്ത എനിക്ക് 2022 ലെ Birthday ജീവിതത്തിൽ മറക്കാനാവാത്തതായി … അത്രയേറെ സന്തോഷം അനുഭവിച്ച ദിവസമാണത്….! ഇത്രയും സംഘടിപ്പിക്കാൻ കുഞ്ഞു മനസുകൾ എത്രയേറെ പ്ലാൻ ചെയ്തിട്ടുണ്ടാവണം…? എന്നെ ഇരുത്തി ചിന്തിപ്പിച്ചു.
ഇതു പോലെ 6-ാം തരത്തിലെ മധുരമുള്ള ഓർമകൾ ഇടയ്ക്കിടെ നുണയാനായി എല്ലാവർക്കും ധാരാളമുണ്ടായിരിക്കണം ..!
ക്ലാസിൽ ആനന്ദവും രസകരവുമായ പഠനാന്തരീക്ഷം ഓരോ കുട്ടിയ്ക്കും അനുഭവവേദ്യമായി. പ്രയാസമനുഭവപ്പെടുന്നവർക്ക് കൂടെയുള്ളവർ കൈത്താങ്ങായി. ഒഴിവു വേളകൾ ക്ലാസിന്റെ ആനന്ദ വേളകളായി. വൈകുന്നേരങ്ങളിലെ സർഗ്ഗ വേളകളിൽ ഒന്നിച്ചു പാടിയും പറഞ്ഞും അഭിനയിച്ചും ചിത്രങ്ങൾ തീർത്തും ഭാവനയിൽ കഥകൾ നെയ്തും എഴുതിയും അനുഭവങ്ങൾ പങ്കു വെച്ചും രസകരമായ കളികളിൽ ഏർപ്പെട്ടും പിരിഞ്ഞു പോകുമ്പോൾ കുട്ടികളിൽ പ്രകടമാകുന്ന ആത്മവിശ്വാസത്തിന്റെ തിളക്കം ദിനേന അനുഭവിച്ചറിയുന്നുണ്ടായിരുന്നു..
ക്ലാസിന്റെ എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കാൻ കെട്ടുറുപ്പുള്ള ഒരു ഭരണ സമിതി വേണം.. ജനാധിപത്യ രീതിയിലുള്ള ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിനു മുണ്ട് ധാരാളം പറയാൻ …. ക്ലാസിലെ ലീഡർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി ആഗഹിക്കുന്ന എല്ലാവരുടെയും പേരുകൾ ഓരോന്നായി പറഞ്ഞു. ഓരോ പേരും ബോർഡിൽ കുറിച്ചിട്ടു. ” ദിൽനയ്ക്കും ലീഡറാവാൻ ആഗ്രഹം പറഞ്ഞിരുന്നു. അവളിന്ന് ലീവാ ടീച്ചറേ…” മത്സരിക്കുന്നവരിൽ നിന്നു തന്നെ ദിൽനയുടെ പേരും നിർദേശിക്കപ്പെട്ടു. ഏതാണ്ട് പകുതിയോളം പേർക്കും ലീഡറാവണം… ക്ലാസിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും അനുയോജ്യമായി തോന്നുന്ന ഒരു പേര് ബോർഡിൽ നിന്നും ഓരോരുത്തരായി എഴുതി തന്നു. എന്റെ കണക്ക് പിഴച്ചു … ഞാൻ പ്രതീക്ഷിച്ചത് ലീഡറാവാൻ ആഗഹിക്കുന്നവർ തീർച്ചയായും അവരവരുടെ പേരുകളാണ് എഴുതിയിട്ടുണ്ടാവുക എന്നതായിരുന്നു. ബാക്കി പകുതി പേർ എഴുതുന്നതിൽ വെച്ച് വോട്ട് കൂടുതൽ കിട്ടിയവരെ കണ്ടെത്താം.. എന്നാൽ എന്നെ തിരുത്തിക്കൊണ്ട് 75 % വോട്ടും ദിൽനയ്ക്ക് …. വൻ ഭൂരിപക്ഷം …. ഞാൻ അത്ഭുതപ്പെട്ടു പോയി. എന്തുകൊണ്ടാണ് ആഗ്രഹിച്ചിട്ടും നിങ്ങളുടെ പേര് തന്നെ എഴുതിയിടാഞ്ഞത് എന്ന ചോദ്യത്തിന് നിഷ്കളങ്കമായ, നിസ്വാർത്ഥമായ മറുപടിയായിരുന്നു കിട്ടിയത് ” തന്നെക്കാൾ നന്നായി ക്ലാസ് നിയന്ത്രിക്കാൻ ദിൽനയ്ക്ക് കഴിയും ..” ദിൽനയും രണ്ടാം സ്ഥാനത്തു വന്ന ഹാമിയും അങ്ങനെ ലീഡറായി . വളരെ ഭംഗിയായി ക്ലാസിന്റെ കാര്യങ്ങൾ അതീവ ശ്രദ്ധയോടെ അവരുടെ നിയന്ത്രണത്തിൽ അടുക്കും ചിട്ടയോടെയും തുടർന്നു. ആർക്കും പരിഭവമോ അഭിപ്രായ വ്യത്യാസമോ അവസാനം വരെ ഉണ്ടായില്ല.
എല്ലാ മാസവും ഓരോ ക്ലാസിലും മാഗസിൻ തയ്യാറാക്കിയിരുന്നു. നേതൃത്വപാടവവും കൃത്യമായ ആസൂത്രണവും നടത്തി മുൻപന്തിയിൽ നിലയുറപ്പിക്കാൻ എന്റെ മിടുക്കർക്ക് കഴിഞ്ഞു. ഒരുമയോടെ ശ്രമിച്ചാൽ നേടാനാവാത്തതായി ഒന്നുമില്ല എന്ന തിരിച്ചറിവ് വിജയിക്കാനുള്ള എളുപ്പ വഴിയായി. ക്ലാസിനുള്ള ഓരോ സമ്മാനവും ഏറ്റുവാങ്ങി നിറഞ്ഞ സ്നേഹത്തോടെ ക്ലാസിൽ സൂക്ഷിക്കാൻ എന്റെ കൈകളിൽ ഏൽപിക്കുമ്പോഴെല്ലാം അഭിമാനവും അതിലേറെ മനസ് നിറഞ്ഞ സന്തോഷവും നിറഞ്ഞൊഴുകുo…
ഇനി സ്കൂൾ അടയ്ക്കാൻ ഏതാനും ദിവസങ്ങൾ മാത്രം …. ഒരു വർഷക്കാലം ചിറകിനുള്ളിൽ കാത്തുവച്ച കുഞ്ഞുങ്ങളെ അടുത്ത ക്ലാസിലേക്കയയ്ക്കുമ്പോൾ നേരിയ നൊമ്പരം …. അവരിലുമുണ്ടായിരിക്കണം കുഞ്ഞു പിടച്ചിൽ …! തൊട്ടടുത്ത ക്ലാസിലേക്കാണെങ്കിലും യാത്രപോലും ഓർമ്മകളിൽ നിറഞ്ഞു നിൽക്കണം എന്നവർക്ക് തോന്നിക്കാണണം …!! ഓർമ്മയിൽ സൂക്ഷിക്കാൻ മക്കളുടെ കുഞ്ഞെഴുത്തുകൾ …. അമൂല്യമായ കുഞ്ഞുസമ്മാനങ്ങൾ … ഇൻസ്പെയർ അവാർഡിന്റെ തിളക്കത്തിൽ ഹാമിയുടെ കുഞ്ഞു കൈകളാൽ വരച്ച് നിറമേകിയ ചിത്രങ്ങൾ …. അങ്ങനെയങ്ങനെ ഇപ്പോഴും തുരുതുരാ വന്നു കൊണ്ടേയിരിക്കുന്നു.
ഇത്തരം സന്തോഷങ്ങളിലെല്ലാം വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞു പോയ എന്റെ ക്ലാസ് മുറിയും പ്രിയപ്പെട്ട അധ്യാപകരും മനസിൽ തെളിഞ്ഞുവരും …. പ്രചോദനമായി ഇന്നും എന്റെ പ്രിയപ്പെട്ട ഇസ്മയിൽ സാറിന്റെ വാക്കുകളും മാതൃകകളും മുന്നിലുണ്ട്. വൈവിധ്യമാർന്ന പല അനുഭവങ്ങളും , ഓർമ്മയിൽ ഓടിയെത്തുന്ന സ്നേഹ വാത്സ്യല്യവുമെല്ലാം എനിക്കിന്നും പ്രചോദനമാണ് . പറ്റാവുംവിധം സാറിന്റെ ക്ലാസിൽ നിന്നും ഉൾക്കൊണ്ട നൻമകൾ എന്റെ ക്ലാസ് മുറിയിലും പകർത്താൻ ഞാൻ ശ്രമിക്കാറുമുണ്ട്. ‘
ക്ലാസിൽ ചെറിയൊരു സെന്റോഫ് ….. ‘ഒന്നിച്ച് തയ്യാറാക്കിയ ഫ്രൂട്ട് സാലഡ്’…
രാവിലെ തന്നെ ഒരുക്കങ്ങൾ തകൃതിയായിരുന്നു. ഓരോരുത്തരും കൊണ്ടുവന്ന fruits കഴുകിവൃത്തിയാക്കി തരം തിരിച്ചു.എല്ലാം നുറുക്കി കഷ്ണങ്ങളാക്കാൻ ഓരോ തരം fruits ന്റെ ചുറ്റിലും ഓരോ കൂട്ടം നിലയുറപ്പിച്ചു. നുറുക്കലിൽ പെൺകുട്ടികളൊടൊപ്പമെത്താൻ ആൺകുട്ടീസ് കുറച്ചൊന്ന് വിയർത്തു. എല്ലാം നോക്കിക്കാണുന്നതിൽ ആ നന്ദം കണ്ടെത്തുന്നവരും കൂട്ടത്തിലുണ്ട് ….എല്ലാം വീഡിയോയിൽ പകർത്താൻ സയാന്റെ തിടുക്കം ….
” ഇത്തിരിനേരം കൊണ്ട് ഒത്തിരിയോർമ്മകൾ – ഓർമ്മകൾ ബാക്കിയാക്കി ഞങ്ങൾ അടുത്ത ക്ലാസിലേക്ക് …. ” ബോർഡ് എഴുതാൻ അനുഗ്രഹിന്റെ നേതൃത്വത്തിലെ ടീം …..
ഐസ്ക്രീമും,നട്സും ചേർത്ത സാലഡിന്റെ taste നോക്കാൻ റിഹാന്റെ മേൽനോട്ടത്തിലുള്ള സംഘം ഇടയ്ക്കിടെ എത്തിനോക്കുന്നുണ്ടായിരുന്നു …. ഒരു സംഘം കഴിക്കാനുള്ള കപ്പുകൾ നിരത്തി ….എല്ലാവരും ഒന്നിച്ചിരുന്ന് കഴിച്ചു … സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സന്തോഷത്തിന്റെ ഒരു പങ്ക് എത്തിക്കാൻ ലീഡേഴ്സിന്റെ നേതൃത്വത്തിലുള്ള ടീമും റെഡി…..
എത്ര സുന്ദരമായിരുന്നെന്നോ കുട്ടികളൊന്നിച്ചുള്ള ഓരോ ദിനങ്ങളും !!….
സെന്റോഫ് കൊണ്ടും അവസാനിച്ചില്ല അവരുടെ സർപ്രൈസ് ഒരുക്കൽ…ഇന്നലെ (24.3.23) രാവിലെ പഠനോത്സവത്തിന്റെ തിരക്കിലായിരുന്ന എന്നെ free യായി കിട്ടാനുള്ള ഊഴവും കാത്തായിരുന്നു ഹാളിൽ എന്റെ കുട്ടികൾ … സമയം 12 മണിയായി. പള്ളിയിൽ പോവാനുണ്ട് .ഉച്ചയ്ക്ക് ശേഷം Exam ഉം …! വേറെ രക്ഷയില്ല..അവർ ചെറിയൊരു .സൂത്രമൊപ്പിച്ചു. സിയയും റിയയും ഓടി വന്ന് പറഞ്ഞു ” ടീച്ചറേ… ടീച്ചറെ കാണാൻ ഒരാൾ വന്നിട്ടുണ്ട് …. 5 B യിൽ നിന്ന് വിളിക്കുന്നു. ആരാന്നറിയില്ല. ” അങ്ങോട്ട് ചെന്ന ഞാൻ അവരൊരുക്കിയ ഹൃദ്യമായ നിമിഷത്തിന് വീണ്ടും സാക്ഷിയായി …. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ക്ലാസിൽ വെച്ച് ഞങ്ങളുടെ കലാകാരൻ റിദ്വാൻ വരച്ച ഒരു മഴവില്ല് ഉയർത്തിയിട്ട് ചോദിച്ചതോർക്കുന്നു. ” ടീച്ചർക്ക് ഇതിൽ ഏത് കളറാകൂടുതൽ ഇഷ്ടം ….” എന്റെ ഇഷ്ടം അറിയാൻ അവരെടുത്ത മറ്റൊരു സൂത്രമായിരുന്നു അതെന്ന് മനസിലാക്കിയത് പിന്നീടാണ്.വർണ പേപ്പറിൽ പൊതിഞ്ഞ സമ്മാനപ്പൊതിയിൽ അവർ എനിക്കായി കരുതി വെച്ച ഇഷ്ട നിറമുള്ള ചുരിദാറും അതിനൊപ്പിച്ച മഫ്ത്തയും…” മക്കളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ ഒരുവേള നിശ്ചലമായി.. മക്കൾ സമ്മാനിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചുരിദാർ നെഞ്ചിൽ ചേർത്തു വെക്കുമ്പോൾ ഔദ്യോഗിക ജീവിതത്തിലെ ഒരിക്കലും മായാത്ത സുന്ദരമായ , ഹൃദ്യമായ അഭിമാന നിമിഷങ്ങളിലൂടെ വീണ്ടും കടന്നുപോവുന്നു. …!
ഉയരങ്ങളിലേക്ക് പറക്കുന്തോറും കൂടുതൽ കരുത്തോടെ മുന്നേറാൻ എന്റെ പ്രിയപ്പെട്ട മക്കൾക്ക് കഴിയട്ടെയെന്ന പ്രാർത്ഥനയോടെ …
സ്നേഹപൂർവ്വം
നജ്മ .എൻ കെ.
പൂനത്ത് നെല്ലിശ്ശേരി എ.യു പി എസ്