പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പില്‍ ഒരു സംഘം യുവാക്കള്‍ തമ്പടിക്കുകയായിരുന്നു

February 28, 2022 - By School Pathram Academy

സ്‌കൂള്‍ വളപ്പില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ പൊലീസ് വിട്ടയച്ചു; പ്രതിഷേധവുമായി പി.ടി.എ രംഗത്ത്

 

പെരുമ്പാവൂര്‍: സ്‌കൂള്‍ പ്രവൃത്തി സമയത്ത് കോമ്പൗണ്ടില്‍ കയറി പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് കേസെടുക്കാതെ വിട്ടയച്ചതായി ആക്ഷേപം.

ശനിയാഴ്ച വൈകിട്ട് പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പില്‍ ഒരു സംഘം യുവാക്കള്‍ തമ്പടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പി.ടി.എ അംഗങ്ങള്‍ ഇത് ചോദ്യം ചെയ്തു. ഇതോടെ ക്ഷുഭിതരായ യുവാക്കള്‍ പി.ടി.എ ഭാരവാഹികളോടും അധ്യാപകരോടും കയര്‍ക്കുകയും അസഭ്യം പറയുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസ് എത്തി രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായവരില്‍ ഒരാള്‍ നിരവധി കേസുകള്‍ പ്രതിയാണെന്നും വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതിലെ കണ്ണിയാണെന്നും പി.ടി.എ ഭാരവാഹികള്‍ പൊലീസിന് സൂചന നല്‍കിയിരുന്നു.

എന്നാല്‍, ഇതൊന്നും മുഖവിലക്കെടുക്കാതെ പൊലീസ് രാത്രി പത്തോടെ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നാണ് ആരോപണം. യുവാക്കളെ ചോദ്യം ചെയ്യാനൊ മറ്റ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുണ്ടൊ എന്നുള്ളതും പൊലീസ് പരിശോധിച്ചില്ല. സംഘം സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ മിക്കപ്പോഴും പരിസരത്ത് തമ്പടിക്കുന്നത് പതിവാണ്. ആഡംബര ബൈക്കുകളില്‍ സ്‌കൂള്‍ കോമ്പൗണ്ടിലും പുറത്തും തങ്ങുകയും സ്‌കൂള്‍ വിട്ട് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുകയുമാണ് പതിവ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഇവര്‍ തമ്മിലുള്ള വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടാകാറുണ്ട്. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് പതിവ്.

അക്രമാസക്തരായ ഇവരെ ഭയന്ന് പലപ്പോഴും അധ്യാപകര്‍ ഒഴിഞ്ഞുമാറും. സമീപത്തെ കച്ചവടക്കാരാണ് ശനിയാഴ്ചത്തെ അഴിഞ്ഞാട്ടം പി.ടി.എ ഭരവാഹികളെ അറിയിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് എത്തിയത്. അടുത്തിടെ സ്‌കൂളില്‍ നിന്ന് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കളവു പോയതും യുവാക്കള്‍ സ്‌കൂളില്‍ കയറി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന രംഗങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞതും പി.ടി.എ ഭാരവാഹികള്‍ പൊലീസിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മറ്റുള്ളവരെ പിടികൂടുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിരുന്നതായി ഭാരവാഹികള്‍ പറയുന്നു. തിങ്കളാഴ്ച ഡി.വൈ.എസ്.പിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Category: News