പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വാർത്താ സമ്മേളനത്തിന്റെ വിശദവിവരങ്ങൾ

July 03, 2024 - By School Pathram Academy

വി. ശിവൻകുട്ടി 

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വാർത്താ സമ്മേളനം 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പു അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളും ഫയൽ അദാലത്ത് സംബന്ധിച്ച വിവരങ്ങളും വിവിധ മേളകളെ സംബന്ധിച്ച വിവരങ്ങളും നിങ്ങളെ അറിയിക്കാനാണ് ഈ വാർത്താ സമ്മേളനം.

പൊതുവിദ്യാഭ്യാസ വകുപ്പ് അദാലത്ത്

മൂന്ന് മേഖലാ അദാലത്തുകളാണ് ഫയൽ തീർപ്പാക്കൽ സംബന്ധിച്ച് അടിയന്തിരമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. 

ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. 

കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. 

ആഗസ്റ്റ് 5 ന് കൊല്ലത്ത് വെച്ച് തെക്കൻ മേഖല അദാലത്ത് സംഘടിപ്പിക്കും. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. 

ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് വടക്കൻ മേഖലാ അദാലത്തും നടത്തും. 

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. 

പ്രസ്തുത അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, 

സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവരും, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാരും, സെക്ഷൻ ക്ലാർക്കുമാരും പങ്കെടുക്കും. 

ഫയൽ അദാലത്തിൽ പരിഗണിക്കുന്ന ഫയലുകളുടെ കട്ടോഫ് തീയതി 2023 ഡിസംബർ 31 ആണ്. 

അദാലത്തിൽ ഉൾക്കൊള്ളിക്കേണ്ട ഫയലുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട 

ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ., ആർ.ഡി.ഡി., ഡി.ഡി. ഓഫീസുകളിൽ നൽകാവുന്നതാണ്. 

സ്‌കൂൾ കെട്ടിട ഫിറ്റ്‌നസ്

സ്‌കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുമായി ജൂൺ 10 ന് ചേർന്ന യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി. 

വിവിധ കാരണങ്ങളാൽ ഫിറ്റ്‌നസ് അനുവദിക്കാത്ത കെട്ടിടങ്ങൾക്ക് താൽക്കാലികമായി ഫിറ്റ്‌നസ് നൽകാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടായി. 

കുട്ടികൾക്ക് യാതൊരു വിധ അപകടങ്ങളും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് നൽകാൻ തീരുമാനിച്ചത്. 

എന്നാൽ ഈ തീരുമാനം മനസിലാക്കാതെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എങ്കിലും നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളും. 

മേളകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണ്. 

റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ വെച്ച് നടത്തും. 

സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ വെച്ച് സെപ്തംബർ 25, 26, 27 തീയതികളിൽ നടത്തും. 

ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. 

കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ – 

ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിൽ വെച്ചാണ് നടത്തുന്നത്. 

ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകണം എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. 

ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്തണമെന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണ്. 

സംസ്ഥാന സ്‌കൂൾ കലോത്സവം – ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. 

ഈ മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.

സ്‌പോർട്‌സ് മേള – എറണാകുളം ജില്ലയിൽ ഒക്‌ടോബർ 18, 19, 20, 21, 22 തീയതികളിൽ നടത്തും.  

സമഗ്രശിക്ഷാ കേരളം

സമഗ്രശിക്ഷാ കേരളത്തിന്റെ കീഴിൽ രണ്ടായിരത്തി ഇരുപത്തി നാല് ഇരുപത്തിയഞ്ച് വർഷം നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ചിലത് 

1. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി – ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ ഈ വർഷം സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും കുട്ടികൾ ഓരോ ഘട്ടത്തിലും ആർജ്ജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. 

2. ഹെൽപ്പിംഗ് ഹാൻഡ് – പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പിന്തുണ നൽകുന്നതിന് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ കുട്ടികൾക്കായി ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപോഷണ പരിപാടി നടപ്പിലാക്കും.

3. ലൈബ്രറി ശാക്തീകരണം – ലൈബ്രറികളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ കുട്ടികളെ സ്വതന്ത്രവായനക്കാരായി മാറ്റുവാനാകും. സ്‌കൂൾ ലൈബ്രറികളും ക്ലാസ് ലൈബ്രറികളും ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും.

4. ഡയറ്റുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നു – സംസ്ഥാനത്തെ 14 ഡയറ്റുകളെയും 5 വർഷം കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. ഈ വർഷം പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ മൂന്നു ഡയറ്റുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. 

ഈ മൂന്നു ഡയറ്റുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആകെ ഇരുപത്തിയൊന്ന് കോടി നാൽപത്തി നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

5. മോഡൽ ഓട്ടിസം കോംപ്ലക്‌സ്- സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കും. ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സും സജ്ജീകരിക്കുന്നതിന് രണ്ട് കോടി എഴുപത് ലക്ഷം രൂപ വീതം ആകെ മുപ്പത്തിയേഴ് കോടി എൺപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

6. ബീച്ച് ടു ബെഞ്ച് – തീരദേശ മേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക, സാമൂഹിക, കായികപരമായ വികാസം സാധ്യമാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് ബീച്ച് ടു ബെഞ്ച്.  

7. ഇൻക്ല്യൂസീവ് എജ്യൂക്കേഷൻ – 

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി നൂറ്റി ഇരുപത്തിയൊന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. 

സഹായ ഉപകരണങ്ങളുടെ വിതരണം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പന്റ്, ഓട്ടിസം സെന്ററുകളുടെ പ്രവർത്തനം, തെറാപ്പി സേവനങ്ങൾ, ചങ്ങാതിക്കൂട്ടം,കിടപ്പിലായ കുട്ടികൾക്കുള്ള പരിപാടികൾ എന്നിവയാണ് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ.

എസ്.സി.ഇ.ആർ.ടി.

ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്‌കരണം

കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികൾ ഈ മാസം തന്നെ ആരംഭിക്കും. 

നിലവിൽ എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയതും കേരള എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയതുമായ പാഠപുസ്തകങ്ങളാണ് ഹയർ സെക്കണ്ടറിയിൽ ഉപയോഗിക്കുന്നത്. 

ഇതിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ രണ്ടായിരത്തി ആറിലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയ്യാറാക്കിയതാണ്. 

രണ്ടായിരത്തി പതിമൂന്നിൽ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പാഠപുസ്തകങ്ങളും നിലവിൽ ഉപയോഗിക്കുന്നു. 

ആദ്യഘട്ടം എസ്.സി.ഇ.ആർ.ടി. കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് നടക്കുക (ഭാഷാ വിഷയങ്ങൾ, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ).

ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ച് ഈ മാസം തന്നെ വിപുലമായ അക്കാദമിക ശിൽപശാല എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 

ഹയർ സെക്കന്ററി അധ്യാപക പരിശീലനം

വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് ഹയർ സെക്കണ്ടറി അധ്യാപകരുടെ പരിശീലനം സംഘടിപ്പിച്ചത്. 

മേജർ വിഷയങ്ങൾക്ക് നാല് ദിവസത്തെ പരിശീലനം ഇതിനകം തന്നെ എല്ലാ വിഷയങ്ങൾക്കും പൂർത്തീകരിച്ചു കഴിഞ്ഞു. 

മൈനർ വിഷയങ്ങളുടെ പരിശീലനം റസിഡൻഷ്യൽ രീതിയിൽ ഇന്നു മുതൽ മൂന്ന് ദിവസം വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. 

ഈ പരിശീലനം കൂടി അവസാനിച്ചാൽ ഈ വർഷം ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള മുഴുവൻ അധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിക്കഴിയും. 

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ അക്കാദമിക വർഷാരംഭത്തിൽ തന്നെ പരിശീലനങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നത്.

ക്ലസ്റ്റർ അധ്യാപക പരിശീലനം

രണ്ടായിരത്തി ഇരുപത്തിനാല് – ഇരുപത്തിയഞ്ച് അധ്യയന വർഷം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ക്ലസ്റ്റർ അധ്യാപക പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.സി.ഇ.ആർ.ടി,സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെ സംയോജിച്ച പ്രവർത്തനങ്ങളിലൂടെ 2024 ജൂൺ 29 ന് സംസ്ഥാനത്ത് സംഘടിപ്പിച്ചു. 

വിവിധ ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ക്ലസ്റ്റർ മൊഡ്യൂൾ തയ്യാറാക്കുന്നതിനായി ഡയറ്റുകളുടെയും സമഗ്ര ശിക്ഷാ കേരളം ബി.ആർ.സികളുടേയും നേതൃത്വത്തിൽ വിദ്യാലയങ്ങൾ സന്ദർശിച്ച് അധ്യാപകർക്ക് അവധിക്കാല അധ്യാപക പരിശീലനത്തിൽ പരിചയപ്പെടുത്തിയ ക്ലാസ്‌റൂം പ്രവർത്തനങ്ങൾക്ക് അധിക പിന്തുണ ആവശ്യമായ മേഖലകൾ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തിയിരുന്നു. 

കൂടാതെ 2024 ദേശീയ തല സർവ്വേയിൽ (നാസ്) ഉൾപ്പെടുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും 

ജൂലായ് മാസത്തിലെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ആസൂത്രണ സെഷനും ക്ലസ്റ്റർ 

അധ്യാപക പരിശീലന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നു.

രണ്ടായിരത്തി ഇരുപത്തിനാല് – ഇരുപത്തിയഞ്ച് അധ്യയന വർഷം 5 ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനത്തിനെ തുടർന്ന് 6 ക്ലസ്റ്റർ അധ്യാപക സംഗമങ്ങളാണ് വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി 

അധ്യാപകരെ ശാക്തികരിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 

ഇതിൻ പ്രകാരം 2024 ജൂലായ് 20 നാണ് 

രണ്ടാമത്തെ ക്ലസ്റ്റർ അധ്യാപക യോഗം നിശ്ചയിച്ചിട്ടുള്ളത്.

അവധിക്കാല അധ്യാപക സംഗമം -2024

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി മുഖേന രണ്ടായിരത്തി ഇരുപത്തി നാല് – ഇരുപത്തിയഞ്ച് വർഷത്തെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം 2024 മെയ് 14 മുതൽ മെയ് 25 വരെ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്.

രക്ഷിതാക്കൾക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കൾക്കായുള്ള പുസ്തകം തയ്യാറാക്കാൻ തീരുമാനിച്ചത്. 

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നത്.

പ്രീപ്രൈമറി തലം, എൽ.പി. – യു.പി. തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. 

കുട്ടികളുടെ ശാരീരിക – മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർത്ഥി – അധ്യാപക – രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 

2024 ൽ പ്രസിദ്ധീകരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളെക്കുറിച്ചുള്ള ഫീൽഡ് തല റിവ്യൂ നടത്തും

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകങ്ങൾ കൃത്യ സമയത്തു തന്നെ വിദ്യാലയങ്ങളിൽ എത്തിക്കുകയും കുട്ടികൾ അവ പഠിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. 

അധ്യാപകർക്കും, വിദ്യാർത്ഥികൾക്കുമുള്ള അഭിപ്രായങ്ങൾ ശേഖരിക്കുകയും മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് നിർവ്വഹിക്കുകയും ചെയ്യും.

ഓരോ വർഷവും പാഠഭാഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 

സ്‌പോർട്‌സ് വിദ്യാലയത്തിൽ പ്രത്യേക പാഠ്യപദ്ധതി

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകും. 

നവകേരള സദസ്സിന്റെ ഭാഗമായി ഉയർന്നു വന്ന നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.

പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്. 

ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്യുവൽ

ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്യുവൽ രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെന്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണ്. 

കൈറ്റ് കേരള

പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് വഴി

ശ്രദ്ധേയമായ നിരവധി പരിപാടികൾ പോയ വർഷം നടപ്പാക്കുകയുണ്ടായി. 

രണ്ടായിരത്തി ഇരുപത്തി മൂന്നിലെ യുനെസ്‌കോ പ്രസിദ്ധീകരിച്ച ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ടിൽ കേരളത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ അടിസ്ഥാനമാക്കി കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാതൃകയായി റിപ്പോർട്ട് ചെയ്തത് നമ്മുടെ മാധ്യമങ്ങളിലെല്ലാം വന്ന കാര്യമാണല്ലോ?

ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ 

ഉപയോഗം ഉറപ്പാക്കാൻ സമഗ്ര പ്ലസ് ഡിജിറ്റൽ പോർട്ടൽ ഈ മാസം മുതൽ നമ്മുടെ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തും. അധ്യാപകർക്ക് വിവിധ പാഠഭാഗങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിലും കാര്യക്ഷമമായും പഠിപ്പിക്കാൻ 

കഴിയുന്ന വിഭവങ്ങൾക്കു പുറമെ കുട്ടികൾക്കായി പ്രത്യേക പഠനമുറിയും സമഗ്ര പ്ലസ് പോർട്ടലിലുണ്ടാകും.

അഞ്ചു വർഷം വാറണ്ടി പൂർത്തിയാക്കിയ ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയിലെ ഉപകരണങ്ങൾക്ക് എ.എം.സി ഏർപ്പെടുത്തി. അതേ മാതൃകയിൽ ഈവർഷം പ്രൈമറി – അപ്പർപ്രൈമറി വിഭാഗത്തിൽ ഹൈടെക് 

ലാബ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ അമ്പത്തി നാലായിരത്തി തൊള്ളായിരത്തി പതിനാറ് (54,916) ലാപ്ടോപ്പുകൾക്കും ഇരുപത്തി മൂവായിരത്തി മുപ്പത് (23,050) പ്രൊജക്ടറുകൾക്കും എ.എം.സി ഏർപ്പെടുത്തും. ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തുന്നതോടൊപ്പം എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അവ ശേഷിക്കുന്ന ക്ലാസ്മുറികൾ ഹൈടെക് ആക്കാനും,  കേടുപാടുവരുന്നവ പുതുക്കാനും ഈ വർഷം പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സി.എസ്.ആർ. ഫണ്ടുൾപ്പെടെ ഇതിലേക്കായി ലഭ്യമാക്കും.ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയായ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിൽ ഈ വർഷം മാത്രം ഇതുവരെ പുതുതായി എട്ടാം ക്ലാസിലെ അറുപത്തിയാറായിരത്തി അറുന്നൂറ്റിയൊമ്പത് (66,609) കുട്ടികൾ അംഗങ്ങളായി. യൂറോപ്യൻ രാജ്യമായ ഫിൻലാന്റുൾപ്പെടെ ഈ മാതൃക നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ഈ കുട്ടികളെ ഉപയോഗിച്ച് എട്ട് മുതൽ പന്ത്രണ്ട് വരെ പന്ത്രണ്ട് ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

ഇതിനായി മുൻവർഷം നൽകിയ ഒമ്പതിനായിരം (9,000) റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം ഇരുപതിനായിരം (20,000) റോബോട്ടിക് കിറ്റുകൾ കൂടി സി.എസ്.ആർ ഫണ്ടുൾപ്പെടെ പ്രയോജനപ്പെടുത്തി നമ്മുടെ സ്‌കൂളുകളിൽ പുതുതായി അടുത്ത മാസം മുതൽ ലഭ്യമാകും. ഇതോടെ ഇരുപത്തിയൊമ്പതിനായിരം (29,000) റോബോട്ടിക് കിറ്റുകളാണ് നമ്മുടെ സ്‌കൂളുകളിൽ ലഭ്യമാവുക.

മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് കേരള നിയമസഭാ മന്ദിരത്തിലെ    

ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. 

ചടങ്ങിലേക്ക് നിങ്ങളെയെല്ലാവരേയും ക്ഷണിക്കുകയാണ്. 

അധ്യാപകർക്ക് എ.ഐ. പരിശീലനം

രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു സംസ്ഥാനത്തെ മുഴുവൻ അധ്യാപകരും പരിശീലനം നടത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. 

മെയ് മാസത്തിൽ മാത്രം ഇരുപതിനായിരത്തി നാന്നൂറ്റി അറുപത്തിയൊമ്പത് (20,460) അധ്യാപകർ എ.ഐ. പരിശീലനം നേടി. 

രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ കേരളത്തിലെ മുഴുവൻ അധ്യാപകർക്കും എ.ഐ. പരിശീലനം നൽകും. 

പ്രൈമറി അപ്പർ പ്രൈമറി വിഭാഗങ്ങളിലെ മാറിയ ഐ.സി.റ്റി. പുസ്തകങ്ങളിൽ മുഴുവൻ അധ്യാപകർക്കുമുള്ള ഐ.ടി. പരിശീലനവും ഈ മാസം മുതൽ ആരംഭിക്കും. 

സ്‌കോൾ കേരള

സ്‌കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആജീവനാന്ത വിദ്യാഭ്യാസ മേഖലയിലെ ദേശീയ ഏജൻസികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു നാഷണൽ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.ഒക്‌ടോബർ മാസത്തിൽ ഇത് സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. നിലവിൽ സ്‌കോൾ കേരളയെ അക്കാദമികമായി നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. 

ഓവർസീസ് ഡെവലപ്‌മെൻറ് ആൻറ് എംപ്ലോയ്‌മെൻറ് പ്രമോഷൻ കൺസൾട്ടൻറ് (ഒഡെപെക്)

തൊഴിൽ വകുപ്പിന് കീഴിലുള്ള പ്രവാസി നിയമന സ്ഥാപനമാണ് ഓവർസീസ് ഡെവലപ്‌മെൻറ് ആൻറ് എംപ്ലോയ്‌മെൻറ് പ്രമോഷൻ കൺസൾട്ടൻറ് എന്ന ഒഡെപെക്. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ., ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളായ യുണൈറ്റഡ് കിംഗ്ഡം, അയർലെന്റ് എന്നിവിടങ്ങളിലേക്കാണ് സാധാരണ ഒഡെപെക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. ഈ സർക്കാർ നിലവിൽ വന്ന ശേഷം ഇത് ജർമ്മനി, ബെൽജിയം, ഉസ്‌ബെക്കിസ്ഥാൻ, തുർക്കി, സിംഗപ്പൂർ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയിലെ,പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾക്ക് യു.എസ്.എ., കാനഡ, ആസ്‌ത്രേലിയ, യു.കെ., ന്യൂസിലാന്റ്, ചെക്ക് തുടങ്ങിയ വിദേശരാജ്യങ്ങളിൽ പഠിച്ച് ഉന്നത ബിരുദവും ബിരുദാനന്തര ബിരുദവും കൈവശമാക്കുന്നതിന് സ്റ്റഡി അബ്രോഡ് പദ്ധതി നടപ്പാക്കി. കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്റർനാഷണൽ എഡ്യൂക്കേഷൻ എക്‌സ്‌പോ സംഘടിപ്പിച്ചു. 

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുമായി ചേർന്ന് “ഉന്നതി സ്‌കോളർഷിപ്പ് ഫോർ ഓവർസീസ് സ്റ്റഡീസ്” എന്ന പദ്ധതി നടപ്പിലാക്കി. 

ഈ പദ്ധതിയിലൂടെ വർഷംതോറും മുന്നൂറ്റി പത്ത് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകും. 

വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനത്തിന് അനുസൃതമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്പ് നൽകുക.

Category: News