പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’
സ്കൂളുകളിൽ ഈ വർഷം 9.58 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വായനയുടെ വസന്തം’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സെന്റ് ക്രിസോസ്റ്റം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപിക കവിത ജോയിക്ക് പുസ്തകം നൽകിയാണ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
പതിനായിരം പുസ്തകങ്ങൾക്കു മുകളിലുള്ള സ്കൂളുകളിൽ പാർട് ടൈം ലൈബ്രേറിയൻമാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ട് . കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുസ്തകങ്ങളുടെ ഗുണനിലവാരം പ്രസാധകർ ഉറപ്പുവരുത്തണം .
ഈ വര്‍ഷം നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്.
എസ് ഐ ഇ ടി തയ്യാറാക്കിയ ഓണ്‍ലൈൻ പോര്‍ട്ടല്‍ മുഖേന 1438 സ്കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വര്‍ഷം 85 തമിഴ് മീഡിയം സ്കൂളുകള്‍ക്കും 96 കന്നട മീഡിയം സ്കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആകെ 1,619 സ്കൂളുകള്‍ ആണ് ഈ വര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്കൂളുകള്‍ ഇന്‍ഡന്‍റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. ആകെ 93 പ്രസാധകര്‍ ആണ് പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, അഡീഷണൽ ഡി ജി സന്തോഷ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടക്കൽ, തിരുവനന്തപുരം നഗരസഭാ വാർഡ് കൗൺസിലർ വിജയകുമാർ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.