പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘ഹലോ ഇംഗ്ലീഷ്-ലീഡ് 2022’ പദ്ധതി ഉദ്ഘാടനം ചെയ്തു

March 17, 2022 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ററിതലത്തില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ‘ഹലോ ഇംഗ്ലീഷ്-ലീഡ് 2022’ പദ്ധതി വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു.

നിയമസഭാ മന്ദിരത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിന് ഹലോ ഇംഗ്ലീഷ്- ലീഡ് പദ്ധതിയുടെ മൊബൈല്‍ ഫോണ്‍ പോര്‍ട്ടല്‍ മാതൃക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഹ്രസ്വ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

 

പാലക്കാട് എം.എല്‍.എ ഷാഫിപറമ്പില്‍, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ.ആര്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സി. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സമഗ്രശിക്ഷാ കേരളത്തിന്‍റെ പ്രധാന ഗുണതാ പ്രവര്‍ത്തനങ്ങളിലൊന്നാണ് ഹലോ ഇംഗ്ലീഷ്. ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ക്കായി ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇംഗ്ലീഷ് പരീക്ഷാ പിന്തുണാ സംവിധാനമാണ് ലീഡ്-2022 .

 

പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ പഠനസ്രോതസുകളെ കൂട്ടിയിണക്കിയാണ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.

ഓരോ പാഠവും പ്രത്യേകം പേജുകളാക്കി സംവിധാനം ചെയ്തിരിക്കുന്നു. ഓരോ പേജിലും ആ പാഠത്തിന്‍റെ ലഘു ഉള്ളടക്കം, ആ പാഠവുമായി ബന്ധപ്പെട്ട ചോദ്യ മാതൃകകള്‍, പാഠത്തിലെ ഒരു പ്രധാന ചോദ്യത്തിന്‍റെ ഉത്തരം തയ്യാറാക്കുന്ന പ്രക്രിയ വിവരിക്കുന്ന വീഡിയോ, ഉത്തര രചനയെ സഹായിക്കുന്ന ഗ്രാഫിക് ഓര്‍ഗനൈസര്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ ഡിജിറ്റലായി ലിങ്ക് ചെയ്തിട്ടുണ്ടായിരിക്കും. കുട്ടികളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനിക്കാന്‍ വക നല്‍കുന്ന ഡിജിറ്റല്‍ പഠന പ്രവര്‍ത്തനമായി ഹലോ ഇംഗ്ലീഷ് -ലീഡ് 2022 പദ്ധതി മാറും.

Category: News