പൊതുവിദ്യാലയങ്ങളിൽ ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ കൂടുതൽ
ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ കൂടുതലായി പൊതുവിദ്യാലയങ്ങളിലെത്തി: മുഖ്യമന്ത്രി
കഴിഞ്ഞ ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കൂടുതലായി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയം, നീതി ആയോഗ്, യുഎൻ-നീതി ആയോഗ് എന്നിവയുടെയെല്ലാം ഏജൻസികളുടെ വിലയിരുത്തലുകളിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചരിത്രത്തിൽ നല്ല പേര് സമ്പാദിച്ച പൊതുവിദ്യാഭ്യാസ മേഖല ഒരു ഘട്ടത്തിൽ കാലാനുസൃതമായ പുരോഗതി ലഭിക്കാതെ ക്ഷീണിച്ചിരുന്നു. അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയി. ഈ സ്ഥിതിക്ക് വലിയ മാറ്റം സൃഷ്ടിക്കാൻ, അക്കാദമിക നിലവാരമുയർത്താൻ, പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താൻ 2016ലെ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി. ജനങ്ങൾ ഒരുമിച്ച് നിന്ന് പുരോഗതിക്ക്, മാറ്റത്തിനായി പ്രവർത്തിച്ചതിനാലാണ് ഈ മാറ്റമുണ്ടായത്. പൊതുവിദ്യാഭ്യാസ മേഖല കരുത്തോടെ മുന്നോട്ടു പോയാലേ ഉന്നത വിദ്യാഭ്യാസ രംഗം മികവുറ്റതാകൂ. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പ്രധാന ഹബ് ആക്കി കേരളത്തെ മാറ്റാനാണ് നാം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു