പൊതു വിദ്യാലയങ്ങളിലെ നാലാം ക്ലാസ് വരെയുള്ളവർക്ക് വാർഷികപ്പരീക്ഷ ഇത്തവണയും
തിരുവനന്തപുരം ∙ പൊതു വിദ്യാലയങ്ങളിലെ നാലാം ക്ലാസ് വരെയുള്ളവർക്ക് വാർഷികപ്പരീക്ഷ ഇത്തവണയും ഒഴിവാക്കുന്നതു സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ തവണത്തെ പോലെ വർക്ക് ഷീറ്റ് നൽകി ഗ്രേഡിങ്ങിലൂടെ മൂല്യനിർണയം നടത്തുന്നതാണു പരിഗണിക്കുന്നത്. ഒപ്പം, 5– 9 ക്ലാസുകാരുടെ പരീക്ഷ മാർച്ച് അവസാനം നടത്താനും ആലോചിക്കുന്നുണ്ട്. തീരുമാനം അടുത്ത ദിവസമുണ്ടാകും.
അധ്യാപക സംഘടനകളുമായുള്ള ചർച്ചയിൽ നേരത്തെ 9 വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് ധാരണയായത്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിനു മുൻപേ മറ്റു ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ഇപ്പോഴത്തെ ആലോചന.
9 വരെയുള്ള വാർഷിക മൂല്യനിർണയം എങ്ങനെ വേണമെന്നു തീരുമാനിക്കാൻ എസ്‌സിഇആർടിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ശുപാർശകളിൽ വകുപ്പ് മേധാവികൾ കൂടി ചർച്ച ചെയ്താവും തീരുമാനം.