പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ മൂല്യനിർണയ രീതി സംബന്ധിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്

March 18, 2025 - By School Pathram Academy

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നടപ്പാക്കുന്ന ഏറ്റവും പുതിയ പദ്ധതിയാണിത്.

പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ഗുണമേന്മ പദ്ധതി എട്ടാം ക്ലാസിൽ സബ്‌ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മൂല്യനിർണ്ണയരീതി ശാസ്ത്രം പരിഷ്കരിക്കൽ വിലയിരുത്തൽ മാർഗ്ഗരേഖ – അംഗീകരിച്ച് ഉത്തരവാകുന്നു.

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി 2024- 2025 അക്കാദമിക വർഷം മുതൽ എട്ടാം ക്ലാസിലും 2025-26 അക്കാദമിക വർഷം മുതൽ എട്ട്, ഒൻപത് ക്ലാസുകളിലും 2026-27 അക്കാദമിക വർഷം മുതൽ 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണ്ണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി മൂല്യനിർണ്ണയ രീതികളും കാര്യക്ഷമമായി പരിഷ്കരിക്കേണ്ടതുണ്ട്. ഇതിനായി വിവിധ തലത്തിലുള്ള മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ അവലംബിക്കാവുന്നതുമാണ്. പ്രസ്തുത ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം സമഗ്രമായ വിലയിരുത്തൽ മാർഗ്ഗരേഖ തയ്യാറാക്കി സർക്കാരിൻ്റെ അംഗീകാരത്തിനായി പരാമർശം (2) പ്രകാരം സമർപ്പിക്കുകയുണ്ടായി.

പ്രസ്തുത വിലയിരുത്തൽ മാർഗ്ഗരേഖയിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വികാസപ്രദ/നിരന്തര വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും നടത്തുന്നതിനുള്ള മാനദണ്ഡങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്. വികാസപ്രദ വിലയിരുത്തലിൽ ഓരോ വിഷയത്തിനും ക്ലാസ് ടെസ്റ്റുകൾ, വിദ്യാലയ പ്രവർത്തനങ്ങളിലെ മികവ് വിലയിരുത്തൽ, പഠനപ്രക്രിയ വിലയി രുത്തൽ, ഉൽപ്പന്ന വിലയിരുത്തൽ എന്നീ മാനദണ്ഡങ്ങളാണ് സ്വീകരിക്കേണ്ടത്. വികാസപ്രദ വിലയിരുത്തലിന്റെ പരമാവധി സ്കോർ ഓരോ വിഷയത്തിൻ്റെയും ആകെ സ്കോറിൻ്റെ 20% ആയിരിക്കുകയും വേണം. എന്നാൽ ആത്യന്തിക വിലയിരുത്തൽ നടത്തുമ്പോൾ പാദവാർഷിക പരീക്ഷ, അർദ്ധ വാർഷിക പരീക്ഷ, വാർഷിക പരീക്ഷ എന്നിവയാണ് പരിഗണിക്കേണ്ടത്. എട്ടാം ക്ലാസിലെ വർഷാന്ത്യ പരീക്ഷയിൽ എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിനും മിനിമം 30% സ്കോർ ലഭിക്കാത്ത കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകിയതിന് ശേഷം വീണ്ടും പരീക്ഷ നടത്തണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കൂടാതെ ആത്യന്തിക വിലയിരുത്തലിന്റെ ചോദ്യപേപ്പർ തയ്യാറാക്കേണ്ടതിന്റെ മാതൃകയും അക്കാദമിക മോണിറ്ററിംഗ് ഏതൊക്കെ തലങ്ങളിൽ നടത്തണമെന്നും പരാമർശിച്ചിട്ടുണ്ട്. വിവിധ തലങ്ങളിൽ അക്കാദമിക മോണിറ്ററിംഗ് നടത്തുന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതാണ്.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന എട്ടാം ക്ലാസിലെ വിലയിരുത്തൽ മാർഗ്ഗരേഖ അംഗീകരിച്ചു കൊണ്ടും ടി വിലയിരുത്തൽ മാർഗ്ഗരേഖയിലെ നിർദ്ദേശങ്ങൾ പ്രകാരം വികാസപ്രദ വിലയിരുത്തലും ആത്യന്തിക വിലയിരുത്തലും എല്ലാ സ്കൂളുകളിലും ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട AEO/DEO/DD മാരെ ചുമതലപ്പെടുത്തുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിക്കൊണ്ടും ഉത്തരവാകുന്നു.

(ഗവർണറുടെ ഉത്തരവിൻ പ്രകാരം)

റാണി ജോർജ്ജ്

പ്രിൻസിപ്പൽ സെക്രട്ടറി

പൊതുവിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, വിദ്യാക‌രണം മിഷൻ, തിരുവനന്തപുരം

ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., തിരുവനന്തപുരം

ഡയറക്ടർ, സമഗ്ര ശിക്ഷാ കേരളം, തിരുവനന്തപുരം

ഡയറക്ടർ, സീമാറ്റ്-കേരള, തിരുവനന്തപുരം

ഡയറക്ടർ, എസ്.ഐ.ഇ.ടി., തിരുവനന്തപുരം

എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്,

തിരുവനന്തപുരം

Category: Head Line

Recent

Load More