പൊതു വിദ്യാലയങ്ങൾ മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് .. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നിർേദ്ദേശങ്ങൾ

February 19, 2022 - By School Pathram Academy

സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ പ്രസക്തമായ നിര്‍ദേശങ്ങള്‍

 

സ.ഉ(സാധാ)നം.109/2022/ഡി.എം.ഡി. തീയതി:4/2/2022പ്രകാരം പ്രീ പ്രൈമറി ക്ലാസുകളും, 1 മുതല്‍ 9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതല്‍ ഓഫ്ലൈനായി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനോടനുബന്ധിച്ച് സര്‍ക്കുലര്‍ നം. ക്യൂ.ഐ.പി (1)/247365/2021/ഡി.ജി.ഇ തീയതി 11.02.2022 പ്രകാരം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം 2021 നവംബര്‍ 1 ന് ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ഉത്തരവ് (സാധാ) നം.4485/2021/പൊ.വി.വ. തീയതി: 8/10/2021. പ്രകാരം സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ പ്രസക്തമായ നിര്‍ദേശങ്ങള്‍ അവലംബമാക്കി താഴെ പറയുന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തേണ്ടതാണ്.

സ്കൂളുകള്‍ സജ്ജമാക്കല്‍

 

1. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സമ്പൂര്‍ണ്ണ ശുചീകരണം നടത്തേണ്ടതാണ്. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍, ലൈബ്രറി, ലാബ്, സ്കൂള്‍ ബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം.

2. ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.

3. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. കുട്ടികളും നിര്‍മ്മാണ തൊഴിലാളികളും തമ്മില്‍ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേ ണ്ടതാണ്.

4. കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതാണ്.

5. ഓരോ ക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ (വീട്ടിലെ സ്ഥിതി, ആരോഗ്യം, കോവിഡ് വിവരങ്ങള്‍, കുട്ടികളുടെ യാത്ര) ശേഖരിക്കേണ്ടതാണ്.

6. കുട്ടികള്‍ സ്കൂളില്‍ പാലിക്കേണ്ട കോവിഡ് അനുബന്ധ പെരുമാറ്റ രീതികള്‍ രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്.

7. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുമായി കൂടിച്ചേര്‍ന്നും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതാണ്.

8. പി.ടി.എ/എസ്.എം.സി /ക്ലാസ് പി.റ്റി.എ എന്നിവയുടെ യോഗങ്ങള്‍ ചേരേണ്ടതാണ്.

9. വിദ്യാഭ്യാസ ജില്ല/ഉപജില്ല/പഞ്ചായത്ത് തലങ്ങളിലും ആവശ്യമായ യോഗങ്ങള്‍ ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

10. തെര്‍മല്‍ സ്കാനര്‍, മാസ്ക് ഉപയോഗം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ ഉറപ്പു വരുത്തേണ്ടതും ആരോഗ്യ വകുപ്പിന്‍റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.

11. ക്ലാസ് റൂമുകള്‍, ഹാളുകള്‍ എന്നിവ പൂര്‍ണ്ണമായി തുറന്നിടേണ്ടതും വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.

കക.

പൊതുനിര്‍ദ്ദേശങ്ങള്‍

 

1. എസ്.ആര്‍.ജി., വിഷയസമിതി എന്നിവയുടെ യോഗങ്ങളും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതാണ്.

2. ഫെബ്രുവരി 21 മുതല്‍ പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ സ്കൂള്‍ ടൈടേബിള്‍ രൂപീകരിക്കേണ്ടതും അധ്യാപകരുടെ ചുമതലാവിഭജനം പൂര്‍ത്തീകരിക്കേണ്ടതുമാണ്.

3. ഓരോ വിഷയത്തിലും കുട്ടികള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന അക്കാദമിക് നില

കണ്ടെത്തേണ്ടതും രേഖപ്പെടുത്തേണ്ടതുമാണ്.

4. പാഠഭാഗങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. പൊതുപരീക്ഷകള്‍ക്കും വാര്‍ഷിക വിലയിരുത്തലിനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്.

5. ഭിന്നശേഷി കുട്ടികള്‍ക്കുവേണ്ടിയുള്ള പിന്തുണയും അനുരൂപീകരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതാണ്.

6. ഉച്ചഭക്ഷണ പദ്ധതി, കുട്ടികളുടെ സ്കോളര്‍ഷിപ്പ്, ഗ്രാന്‍റ്, മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

7. മാര്‍ച്ച് മാസം അവസാനം വരെ ബന്ധപ്പെട്ട എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പരമാവധി സ്കൂളുകള്‍ സന്ദര്‍ശിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം, പാഠ്യ-പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പോരായ്മകള്‍ കണ്ടെത്തുകയും ഫലപ്രദമായ ഇടപെടലിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തേണ്ടതുമാണ്.

8. പ്ലാന്‍ ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതാണ്.

9. പരീക്ഷാ സംബന്ധമായ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

10. കുട്ടികള്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുകയും ആവശ്യമായ ഗൈഡന്‍സ്/കൗണ്‍സലിങ് നല്‍കേണ്ടതുമാണ്.

11. ഇനിയും വാക്സനിനേഷന്‍ നടത്താനുള്ള കുട്ടികളുടെ വാക്സിനേഷന്‍ നടപടികള്‍

പൂര്‍ത്തീകരിക്കേണ്ടതാണ്.

12. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഓഫീസര്‍മാര്‍ നിരീക്ഷിക്കുകയും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുമാണ്. ആഴ്ചതോറും ജില്ലാതല അവലോകനങ്ങള്‍ നടത്തി സംസ്ഥാന തലത്തിലേയ്ക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറേണ്ടതാണ്.