പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ നേരിടേണ്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്

August 21, 2022 - By School Pathram Academy

ശരീരത്തിന് ഒരു ദിവസത്തേക്കാവശ്യമായ ഊര്‍ജം മുഴുവന്‍ നല്‍കുന്നത് പ്രഭാതഭക്ഷണമാണ്. അതിനാല്‍, പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. എന്നാല്‍, മിക്കവരും ഒഴിവാക്കുന്നതും പ്രഭാതഭക്ഷണം തന്നെയാണ്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ നേരിടേണ്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയൊക്കെയാണ്.

  • പ്രമേഹം

ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനാണിത്. ഇത് പതിവായി തുടരുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാന്‍ ഇടയാക്കിയേക്കും.

  • ശരീരഭാരം വര്‍ധിക്കല്‍

ഉച്ചവരെ ഒന്നും കഴിക്കാതിരിക്കുന്നത് കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് കൂടാതെ, മധുരം കൂടുതല്‍ അടങ്ങിയതും സംസ്‌കരിച്ച ഭക്ഷണത്തെയും വിശപ്പടക്കാന്‍ കഴിക്കേണ്ടതായി വരും. ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

  • മൈഗ്രേന്‍

പ്രഭാതഭക്ഷണം മുടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. രക്തസമ്മര്‍ദം വര്‍ധിക്കുന്നത് തുടക്കത്തില്‍ ചെറിയ തലവേദനയ്ക്ക് കാരണമാകും. പതിവായി ഭക്ഷണം മുടക്കുമ്പോള്‍ കടുപ്പമേറിയ മൈഗ്രേന് കാരണമാകുകയും ചെയ്യും.

  • ഡിമെന്‍ഷ്യ

പ്രഭാതഭക്ഷണം മുടങ്ങുമ്പോള്‍ മസ്തിഷ്‌കത്തിന് കൃത്യമായ സമയത്ത് ഊര്‍ജം ലഭിക്കാതെ വരികയും കോശങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് ഡിമെന്‍ഷ്യപോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

  • രോഗപ്രതിരോധശേഷി കുറയ്ക്കും

ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പോഷകങ്ങള്‍ അടങ്ങിയ ആഹാരം അവശ്യഘടകമാണ്. ഇത് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ബാക്ടീരിയകള്‍ക്കെതിരേയും വൈറസിനെതിരേയുമുള്ള പോരാട്ടത്തില്‍ ശരീരം തകരും. പതിവായി പ്രഭാതഭക്ഷണം മുടക്കുന്നവരില്‍ രോഗപ്രതിരോധസംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരികയും പെട്ടെന്ന് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Category: News