പ്രവേശനോത്സവത്തിനു മുന്നോടിയായി അധ്യാപകര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണെന്ന് മന്ത്രി ശിവൻ കുട്ടി . 

April 26, 2022 - By School Pathram Academy

പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്തും: മന്ത്രി വി.ശിവന്‍കുട്ടി .

പ്രീ പ്രൈമറി, പ്രൈമറി സ്‌കൂളുകളുടെ നിലവാരം കൂടുതല്‍ ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലയിലെ ആദ്യത്തെ മോഡല്‍ പ്രീ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പൊതുജന പങ്കാളിത്തം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തക, യൂണിഫോമം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം യഥാക്രം ഏപ്രില്‍ 28നും മെയ് ആറിനും നടക്കും. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കാണു പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവേശനോത്സവത്തിനു മുന്നോടിയായി അധ്യാപകര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ജില്ലയിലെ ആദ്യത്തെ പ്രീ സ്‌കൂളായ ഗവ.മോഡല്‍ നഴ്സറി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമഗ്ര ശിക്ഷ കേരളയില്‍ നിന്ന് 15 ലക്ഷം രൂപയാണ് ഇതിനായി ഉപയോഗിച്ചത്. നിരവധി കളിക്കോപ്പുകളും, കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്കും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉല്ലാസത്തിലൂടെ വിജ്ഞാനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്രീയമായാണ് സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്. എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളില്‍ 50 പേര്‍ക്ക് വരെ ഇരിക്കാവുന്ന തരത്തിലുള്ള ക്ലാസ് മുറികളാണു സജ്ജീകരിച്ചിട്ടുള്ളത്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ഡിജിറ്റല്‍ ക്ലാസ് മുറിയുടെ ജോലികള്‍ പുരോഗമിക്കുന്നു. കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്കില്‍ കൃത്രിമമായി മലയും വെള്ളച്ചാട്ടവും ജലധാരയും ഒരുക്കിയിട്ടുണ്ട്.

 

വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകളാണ് ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. തൃപ്പൂണിത്തുറയ്ക്ക് പുറമേ ടൗണ്‍ യു.പി സ്‌കൂള്‍ കൂത്താട്ടുകുളം, ജി.എല്‍.പി.എസ് കുന്നുകര എന്നിവയാണ് ആദ്യഘട്ടത്തില്‍ മോഡല്‍ പ്രീ സ്‌കൂള്‍ ആക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ 15 നഴ്‌സറി സ്‌കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

 

കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് മുഖ്യാതിഥിയായി. നഗരസഭാ ഉപാധ്യക്ഷന്‍ കെ.കെ പ്രദീപ് കുമാര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജയ പരമേശ്വരന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം.കെ ഷൈന്‍മോന്‍, സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എസ്.എസ് സിന്ധു, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ജോസ് പെറ്റ് തെരേസ് ജേക്കബ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.കെ മഞ്ജു, തൃപ്പൂണിത്തുറ എ.ഇ.ഒ കെ.ജെ രശ്മി, തൃപ്പൂണിത്തുറ ജി.എല്‍.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടിജോ ജെ വിളങ്ങാടന്‍, സ്വാഗതസംഘം കണ്‍വീനര്‍ ധന്യ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

എല്‍.എസ്.എസ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ കടമറ്റം എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബീഹാര്‍ സ്വദേശിനി ഹമീര പര്‍വീനെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

Category: News