പ്രിയപ്പെട്ട സംഗീതാധ്യാപികയുടെ വിവാഹം ആഘോഷമാക്കി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികൾ
കഴക്കൂട്ടം
പ്രിയപ്പെട്ട സംഗീതാധ്യാപികയുടെ വിവാഹം ആഘോഷമാക്കി ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികൾ. സെന്ററിലെ വിസിറ്റിങ് പ്രൊഫസറാണ് മഞ്‌ജരി. ചെണ്ടമേളവും പാട്ടുമെല്ലാം ഒരുക്കിയാണ് കുട്ടികൾ വിവാഹം കഴിഞ്ഞെത്തിയ അധ്യാപികയെ സ്വീകരിച്ചത്.
വിവാഹാഘോഷം ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ത്തന്നെ വേണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നെന്ന് മഞ്ജരി പറഞ്ഞു.
ഈ കുട്ടികളോടൊപ്പമല്ലാതെ വിവാഹാഘോഷം പൂര്‍ത്തിയാകില്ല. തനിക്ക് ഏറെ പ്രിയപ്പെട്ട ഒരിടമാണെന്നും അവർ പറഞ്ഞു. മഞ്ജരിയും ഭര്‍ത്താവ് ജെറിനും ചേര്‍ന്ന് വിളമ്പിയ സദ്യയും കുട്ടികൾ ആസ്വദിച്ചുകഴിച്ചു.
ഇത്തരം കുട്ടികളോടൊപ്പം വിവാഹം ആഘോഷിക്കാനുള്ള മഞ്‌ജരിയുടെ തീരുമാനം സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഡിഫറന്റ് ആര്‍ട്ട് സെന്റർ ഡയറക്ടർകൂടിയായ മജീഷ്യൻ ഗോപിനാഥ് മുതുകാട് പറഞ്ഞു.