പ്രീ-പ്രൈമറി സ്‌കൂളുകളിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടികൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം

May 18, 2022 - By School Pathram Academy

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേർന്നുള്ള പ്രീ-സ്‌കൂൾ കുട്ടികളുടെ മാനസിക- ശാരീരിക വളർച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതൽ കർമ്മ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

മണക്കാട് ഗവ. ടി.ടി.ഐ.യിൽ പ്രീ-പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകം ‘കളിത്തോണി’യുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പ്രീ-പ്രൈമറി ക്ലാസുകളിൽ ‘കളി’ കേന്ദ്രീകൃത പ്രവർത്തനങ്ങളിലൂടെ പഠനാന്തരീക്ഷം രസകരമാക്കുന്നതിനുള്ള താലോലം പ്രവർത്തനമൂലകളിലൂടെ മാതൃകാ പ്രീ-സ്‌കൂൾ പദ്ധതി ദേശീയ തലത്തിൽ ആദ്യമായി നടപ്പിലാക്കി പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം.

ആറു വയസ്സു വരെയുള്ള പ്രായം ഏതൊരു മനുഷ്യന്റെ തലച്ചോറിന്റെ വികാസത്തെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും, നാഢീവ്യവസ്ഥ ദ്രുത ഗതിയിൽ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവ രൂപീകരണവും ബുദ്ധി വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന പ്രീ-സ്‌കൂൾ പരിശീലനങ്ങൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

സംസ്ഥാനത്തെ പ്രീ-പ്രൈമറി സ്‌കൂളുകളിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടികൾ നേരിടുന്നുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു അധ്യക്ഷനായി.

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് പുറമെ ഈ അധ്യായന വർഷം മുതൽ പ്രീ-പ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന പുസ്തകം ‘കളിത്തോണി’ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അച്ചടിച്ച് വിതരണത്തിന് തയാറായിട്ടുണ്ട്. എസ്.എസ്.കെ ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ സ്വാഗതം പറഞ്ഞു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്. ആർ.കെ, സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ, നഗരസഭാ കൗൺസിലർ എസ്. വിജയകുമാർ, ഗുരു ഗോപിനാഥ് നടന ഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, സംസ്ഥാന പ്രോഗ്രാം ഓഫീസർ അമുൽറോയ് ആർ.പി തുടങ്ങിയവർ സംസാരിച്ചു. ഡി.പി.സി ബി. ശ്രീകുമാരൻ കൃതജ്ഞത രേഖപ്പെടുത്തി.

Category: News