പ്രൈമറി വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ റോൾ, ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ, അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം …. ഇവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടോ ? എന്തുകൊണ്ട് ?

July 23, 2022 - By School Pathram Academy

പ്രൈമറി വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ റോൾ, ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ, അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം …. ഇവയൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടോ ? എന്തുകൊണ്ട് ?

 

കൂട്ടുകാരുടെ സർഗ ശേഷിയുടെ തുടിപ്പുകൾ എങ്ങും പ്രകടമായ ഒരു വിദ്യാലയത്തിന്റെ നേതാവും വഴി കാട്ടിയുമാണ് പ്രഥമാധ്യാപകൻ …..ഒപ്പം സ്വന്തം ക്ലാസിലെ കുട്ടികൾക്ക് അനുഭവങ്ങളുടെ തിരിതെളിക്കേണ്ട ക്ലാസ് ടീച്ചർ കൂടിയാണ് പ്രൈമറി വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ. അധ്യാപകരുടെ ആത്മവിശ്വാസം വളർത്തി അക്കാഡമിക പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകേണ്ടതും ഒരു പ്രഥമാധ്യാപകന്റെ ഉത്തരവാദിത്വമാണ്. ഫലപ്രദമായ ജനായത്ത വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള സത്യസന്ധമായ വിലയിരുത്തൽ, പ്രവർത്തനങ്ങളുടെ ആസൂത്രണം, ഒപ്പം നിന്ന് നടപ്പിലാക്കൽ എന്നിവയും പ്രഥമാധ്യാപകന്റെ കടമയാണ്.

 

ഇങ്ങനെയുളള ലക്ഷ്യം നേടുന്നതിന് പ്രഥമാധ്യാപകർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ എന്തെല്ലാമാണ്? സമ്മർദ്ദ രഹിതമായി ഈ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുമോ ?

 

ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രഥമാധ്യാപികയുടെ ചുമതലകൾ എന്തൊക്കെയാണെന്ന് ആദ്യം പരിശോധിക്കാം…

 

* ഒരു വിദ്യാലയത്തിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ സമഗ്രമായി കണ്ട് തയ്യാറാക്കുന്ന അക്കാഡമിക വാർഷിക പദ്ധതിയും അക്കാഡമിക കലണ്ടറും തയ്യാറാക്കുന്നതിന് നേതൃത്വപരമായ പങ്കു വഹിക്കുക.

 

* ആഴ്ച തോറും SRG യോഗം ചേർന്ന് അനുഭവങ്ങൾ പങ്കു വച്ച് പ്രവർത്തനങ്ങളുടെ വിലയിരുത്തലും ആസൂത്രണവും നിർവ്വഹിക്കുക.

 

* കുട്ടികളുടെ പഠനപുരോഗതി നിരന്തരം വിലയിരുത്തി പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കഴിയുംവിധം ടീച്ചിംഗ് മാന്വൽ തയ്യാറാക്കാൻ എല്ലാ അധ്യാപകരെയും പ്രേരിപ്പിക്കുക. സ്വയം മാതൃകയാവുക.

 

* അധ്യാപക പരിശീലനങ്ങളിൽ അധ്യാപകർ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

 

* കുട്ടികളുടെ ലേഖന പുസ്തകങ്ങൾ, സൃഷ്ടികൾ എന്നിവ അറിയുകയും അറിയിക്കുകയും ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

 

ലഭ്യമായ പ്രാദേശിക വിഭവങ്ങൾ , പ്രാദേശിക കലാകാരന്മാർ, സാഹിത്യകാരന്മാർ എന്നിവരുടെ സേവനം തന്റെ വിദ്യാലയത്തിനും കൂട്ടുകാർക്കും വേണ്ടി വിനിയോഗിക്കുക.

 

* ക്ലാസ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി, ലാബ് എന്നിവ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഉപകരണങ്ങൾ, സംവിധാനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഉറപ്പു വരുത്തുക.

 

* അധ്യാപകരുടെ അവധി സാധ്യതകൾ കണ്ടറിഞ്ഞ് എസ്.എസ് ജി അംഗങ്ങളുടെയും മറ്റും സഹായത്തോടെ ക്ലാസ് പ്രവർത്തനങ്ങൾ ക്രമീകരിക്കുക.

 

* മനോഭാവവും വിഭവശേഷിയുള്ള അധ്യാപകരെ വളർത്തിയെടുക്കുക.

 

* ക്ലാസ്മുറികൾ, ടോയ്ലറ്റുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും Hmന്റെ ഉത്തരവാദിത്വമാണ്.

 

* കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സംവിധാനം, ആവശ്യമായ പൈപ്പുകൾ എന്നിവ ഉറപ്പു വരുത്തുക.

 

* കുട്ടികളിൽ നേതൃത്വപാടവം, സമയനിഷ്ഠ, സഹകരണ മനോഭാവം ,സ്വയം നിയന്ത്രണം, മറ്റ് നന്മയുളള ശീലങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക , സ്വയം മാതൃകയാവുക, നടപ്പിലാക്കുക.

 

* വിവിധ കായിക പ്രവർത്തനങ്ങൾ, ദിനാഘോഷങ്ങൾ, സ്കൂൾ അസംബ്ലി, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ കൃത്യമായി സംഘടിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുക.

 

* സ്കൂൾ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ശക്തമാക്കുന്നതിനും വേണ്ടി PTA, MPTA, SMC എന്നിവ രൂപീകരിക്കുക, പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

 

* CPTA , PTA എക്സിക്യൂട്ടീവ് യോഗങ്ങൾ എന്നിവ കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുക.

 

* സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുക.

 

* നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപൂർണ്ണമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുക.

 

* അധ്യാപകരൊന്നിച്ച് കുട്ടികളുടെ ഗൃഹസന്ദർശനം കൃത്യമായി സംഘടിപ്പിക്കുക. സംതൃപ്തമായ അധ്യാപക കൂട്ടായ്മ ഉറപ്പു വരുത്തുക

 

* വിവിധ മോണിറ്ററിംഗ് ഏജൻസികളുടെ തത്മസയ സഹായം വേണ്ട വിധം പ്രയോജനപ്പെടുത്തുക.

 

* അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സേവന വേതനകാര്യങ്ങൾ തൃപ്തികരമായി നിർവ്വഹിക്കുക.

 

* സ്കൂൾ ഓഫീസ്, ഔദ്യോഗിക രേഖകൾ എന്നിവ കൃത്യതയോടെ പരിപാലിക്കുക.

 

* പഞ്ചായത്ത്/മുനിസിപ്പൽ യോഗങ്ങളിൽ പങ്കെടുക്കുക. ലഭിക്കേണ്ട സഹായം ഉറപ്പാക്കുക.

 

* പാഠപുസ്തകങ്ങൾ, യൂണിഫോം, മറ്റ് പഠന സാമഗ്രികൾ എന്നിവ ഉറപ്പുവരുത്തുക.

 

* സ്കൂളിൽ നിന്നും മറ്റു സംവിധാനങ്ങളിലേയ്ക്ക് നൽകേണ്ട രേഖകൾ, വിവരങ്ങൾ എന്നിവ കൃത്യമായി നൽകുക.

 

* കൂട്ടുകാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അപേക്ഷ നൽകുക, രേഖകൾ കൃത്യമായി സൂക്ഷിക്കുക.

 

* കുട്ടികളുടെ പ്രവേശനം, TC നൽകൽ എന്നിവ കൃത്യമായി ഉറപ്പാക്കുക, രജിസ്റ്ററുകൾ സൂക്ഷിക്കുക.

 

* ഉച്ചഭക്ഷണം, പ്രഭാത ഭക്ഷണം എന്നിവയ്ക്ക് ആവശ്യമായ സാമഗ്രികൾ വിവിധ ഏജൻസികളിൽ നിന്നും ദിനവും വാങ്ങുക, അവയുടെ പാചകം, വിതരണം രജിസ്റ്ററുകൾ സൂക്ഷിക്കൽ എന്നിവയുടെ ചുമതല.

 

ഏറ്റവും പ്രധാനം സ്വന്തം വിദ്യാലയത്തിലെ കൂട്ടുകാരുടെ അക്കാഡമിക പുരോഗതിയ്ക്ക് കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കഴിയുന്ന തരത്തിൽ അനുയോജ്യമായ പഠനതന്ത്രങ്ങളെ കുറിച്ചുള്ള ധാരണ , അക്കാഡമിക അറിവ് ആർജ്ജിക്കാനുള്ള താല്പര്യം, പ്രവർത്തനങ്ങളിൽ ഒപ്പം ചേരാനുള്ള സന്നദ്ധത എന്നിവയും പ്രഥമാധ്യാപികയ്ക്ക് ഉണ്ടായിരിക്കണം.

ഈ ചുമതലകൾ നിർവ്വഹിക്കുന്നതിന് മറ്റൊരു ജീവനക്കാരന്റെയും സേവനം ലഭ്യമല്ല. സഹ അധ്യാപകരുടെ സേവനം സ്കൂൾ സമയത്ത് വിനിയോഗിച്ചാൽ സംഭവിക്കുന്നത് കുഞ്ഞു കൂട്ടുകാർക്ക് ലഭിക്കേണ്ട അക്കാഡമിക അനുഭവങ്ങളുടെ നഷ്ടവും അതുവഴിയുള്ള ബാല ശാപവുമായിരിക്കും. പിന്നെ ആകെയുള്ളത് സർക്കാർ പ്രൈമറി വിദ്യാലയങ്ങളിൽ 12 മണി വരെ മാത്രം ലഭിക്കുന്ന ഒരു PTCM ന്റെ സേവനം മാത്രമാണ്. സമയബന്ധിതമായി ബെല്ലടിക്കുന്നതുമുതൽ സ്കൂൾ അടയ്ക്കുന്നതും തുറക്കുന്നതുമായ ചുമതലകൾ അടക്കം നിർവ്വഹിക്കേണ്ടത് പ്രൈമറി ഹെഡ്മാസ്റ്ററുടെ ചുമതലയാണ്.

* Spark, സമ്പൂർണ്ണ , ബിംസ്, സമഗ്ര , സമന്വയ , ഉച്ചഭക്ഷണം, ലംപ്സംഗ്രാന്റ്, വിവിധ സ്കോളർഷിപ്പുകൾ , LSS പാഠപുസ്തക വിതരണം ….. തുടങ്ങി പത്തിലധികം സൈറ്റുകളുടെ യൂസർ നെയിമിന്റെയും പാസ് വേഡിന്റെയും കാര്യകർത്താവും ഹെഡ് മാസ്റ്റർ തന്നെ….. ഇവയൊക്കെ ഓൺലൈനിൽ ചെയ്താൽ മാത്രം പോരാ …. ഏകദേശം നൂറോളം രേഖകൾ, ഫയലുകൾ എന്നിവയും ഹെഡ് മാസ്റ്റർ കൈകാര്യം ചെയ്യേണ്ടതാണ്.

 

സ്കൂൾ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് ഒരു തരത്തിലുമുള്ള തത്സമയ സഹായവും ഒരു ഏജൻസികളിൽ നിന്നും ഫലപ്രദമായി ലഭിക്കാറില്ല. പകരം പല സ്റ്റേറ്റ്മെന്റുകൾ , സ്ഥിതി വിവരകണക്കുകൾ എന്നിവ സമയബന്ധിതമായി വിവിധ സംവിധാനങ്ങൾക്ക് നൽകേണ്ടിവരുന്ന ചുമതയയാണ് പ്രഥമാധ്യാപകർക്കുള്ളത് .

ഇതിനിടയിൽ സഹ അധ്യാപകരുടെ ക്ലാസ് നിരീക്ഷണവും തത്സമയ സഹായവും പ്രൈമറി ഹെഡ്മാസ്റ്ററുടെ ചുമതലയാണ്. സ്വന്തം ക്ലാസിനൊപ്പം ഇതും കൃത്യമായി നടപ്പിലാക്കുന്നതും പ്രഥമാധ്യാപകന്റെ ഉത്തരവാദിത്തമാണ്. വിവിധ ഏജൻസികൾ വിളിക്കുന്ന എല്ലാതരം യോഗങ്ങൾക്കും പ്രഥമാധ്യാപകന്റെ സാന്നിധ്യം നിർബന്ധമാണ് ……

ഇപ്പോൾ ഓൺലൈൻ പഠന സംവിധാനങ്ങളും …… വാട്സ് ആപ് കൂട്ടായ്മ , ബ്ലോഗ് , യുട്യൂബ് ചാനൽ…….. എന്നിവയും.Hmന്റെ ഉത്തരവാദിത്വത്തിൽ പെടും . ഇക്കാര്യങ്ങളെല്ലാം മനസ്സിൽ അടുക്കി വച്ച് …. മുന്നിലെത്തുന്ന കുട്ടികൾക്ക് തൃപ്തികരമായി പഠനാനുഭവങ്ങൾ ഉറപ്പുവരുത്തുന്നതിന് കഴിയണമെങ്കിൽ അസാമാന്യ പ്രതിഭയും പ്രവർത്തന വേഗതയും കൈമുതലായുള്ള പ്രഥമാധ്യാപകർക്ക് മാത്രമേ കഴിയൂ… ഇങ്ങനെ തുടർന്നാൽ ജോലിഭാരം സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദം നേരിടാനുള്ള വിവിധ പരിശീലനങ്ങൾ കൂടി പ്രഥമാധ്യാപകർക്ക് നൽകേണ്ടി വരും…. അല്ലെങ്കിൽ പിന്നെ ഓഫീസിലെ കസേരയിൽ , ഭരണപരമായ രേഖകൾക്ക് കാവലാളായി ഇരിക്കുന്ന ഒരാളായി മാറേണ്ടി വരും… കുട്ടികളുടെ കൂട്ടുകാരിയായി, സഹപ്രവർത്തകരിൽ ഒരാളായി മാറുന്ന കാര്യം ആലോചിക്കുകയേ വേണ്ട….

 

ചില കാര്യങ്ങൾ കൂടി പറഞ്ഞാലേ ഈ പോസ്റ്റ് പൂർത്തിയാവുകയുള്ളൂ….

ഒരു പ്രഥമാധ്യാപിക വിരമിച്ചാൽ പിന്നെ നടക്കുന്ന ഓഡിറ്റ് രീതി കൂടി പരിശോധിക്കാം..

 

ഓദ്യോഗിക ജീവിത കാലം മുഴുവൻ ടീച്ചിംഗ് മാന്വൽ എഴുതി, കൃത്യസമയത്ത് സമയത്ത് സ്കൂളിലെത്തി , വിദ്യാലയത്തെ സ്നേഹിച്ച ആളായിരുന്നോ എന്ന് പരിശോധിക്കുന്നില്ല…..

സ്കൂളിൽ എന്തൊക്കെ അക്കാഡമികമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന പരിശോധനയും നിർബന്ധമല്ല.

കുട്ടികളുടെ പഠന നിലവാരത്തിൽ, പഠന പ്രവർത്തന പങ്കാളിത്തത്തിൽ ഉണ്ടായ പുരോഗതിയും പരിശോധിക്കേണ്ടതില്ല.

വിദ്യാലയത്തിൽ സംഭവിച്ച മികവുകൾ, കുട്ടികളുടെ സൃഷ്ടികൾ, സാമൂഹിക മാറ്റങ്ങൾ, പഠനോപകരണങ്ങളുടെയും മറ്റും നിർമ്മാണവും ഉപയോഗവും …. ഇവയും വിലയിരുത്തേണ്ടതില്ല.

അക്കാഡമിക വിലയിരുത്തലിന് കഴിയുന്ന തരത്തിലുള്ള ഒരു രേഖയും ആഡിറ്റ് ചെയ്യേണ്ടതില്ല… പകരം …..

ബില്ലും വാച്ചറും ക്യാഷ് ബുക്കും സർവ്വീസ് ബുക്കും അതു പോലുള്ള അനുബന്ധ രജിസ്റ്ററുകളും കൃത്യമായി എഴുതി സൂക്ഷിക്കുന്ന ഒരു പ്രഥമാധ്യാപികയ്ക്ക് ആഡിറ്റ് പേടി കൂടാതെ വിരമിക്കാം…

അപ്പോൾ പിന്നെ പ്രഥമ പരിഗണന ഏത് കാര്യങ്ങൾക്കായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ..

 

ഭരണപരമായാലും അക്കാഡമിക കാര്യങ്ങളായാലും തത്സമയ വിലയിരുത്തലിനും പരിഹാര നിർദ്ദേശങ്ങൾക്കും അവസരമൊരുക്കുകയാണ് വേണ്ടത്. പെൻഷൻ പറ്റിയ ശേഷം മാത്രം നടക്കുന്ന വിലയിരുത്തൽ അനുഗുണമല്ല. കാരണം ഈ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ കുട്ടികളാണ്. അവർക്ക് ഓരോ നിമിഷവും ലഭിക്കേണ്ട സർഗാത്മക പഠനത്തിനുള്ള അവസരങ്ങൾ ലഭിക്കേണ്ട സമയത്ത് ലഭിക്കാതെയാണ് ( ശരിയായി ഫണ്ട് വിനിയോഗിക്കാത്തതുമൂലം ) അവർ കടന്നുപോയത്. അത് പരിഹരിക്കാൻ തത്സമയ ഇടപെടൽ തന്നെയാണ് അഭികാമ്യം…

 

( അനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങളാണ് മുകളിൽ ചേർത്തത്… ഇപ്പറഞ്ഞതൊന്നും നന്നായി ചെയ്യാൻ കഴിഞ്ഞ ഒരാളല്ല ഞാൻ… പലപ്പോഴും ചില അക്കാഡമിക പ്രവർത്തനങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ ചെയ്യാൻ കഴിയുമായിരുന്നു.. എന്ന് സ്വയം വിലയിരുത്തിയിട്ടുണ്ട്. വിരമിച്ച ഒരു അധ്യാപകനെന്ന നിലയിൽ ഇതൊക്കെ ഇങ്ങനെയൊക്കെ പറയാമോ എന്ന സംശയവും ബാക്കിയാണ്.. )

പ്രേംജിത്ത് മാഷ്

റിട്ടയർ ഹെഡ് മാസ്റ്റർ

JBS Neyyattinkara