പ്ലസ്ടു അധ്യാപികയ്ക്കും കുടുംബത്തിനും നേരേ

March 23, 2022 - By School Pathram Academy

ഓൺലൈൻ ടാക്സി വിളിച്ച പ്ലസ് ടു അധ്യാപികയ്ക്കും കുടുംബത്തിനും നേരേ നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ച യുവാവിന്റെ ലൈസൻസ് എറണാകുളം ആർ.ടി.ഒ. പി.എം. ഷെബീർ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞദിവസം പള്ളിക്കര വീഗാലാൻഡിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് ഓട്ടം വിളിച്ച മലപ്പുറം സ്വദേശിയായ അധ്യാപികയ്ക്കും കുടുംബത്തിനുമാണ് ഓൺലൈൻ ടാക്സി ഡ്രൈവറിൽനിന്ന് മോശം അനുഭവമുണ്ടായത്. വീഗാലാൻഡ് പാർക്കിൽനിന്ന് തിരിച്ചുപോകുന്നതിനായി ഇവർ ഓൺലൈനിലൂടെ ടാക്സി ബുക്ക് ചെയ്തിരുന്നു. ഓട്ടം പോകാൻ കൂടുതൽ കൂലി ചോദിച്ചത് അധ്യാപിക ചോദ്യംചെയ്തതോടെ വാക്കുതർക്കമായി.

വാഹനത്തിൽ കയറിയ ഉടനെ ഇവരോട് ബുക്കിങ് റദ്ദാക്കാനും ആവശ്യപ്പെട്ടു. ഇത് പറ്റില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറയുകയും നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

ദൃശ്യം അടക്കം ലഭിച്ച പരാതിയിൽ എറണാകുളം ആർ.ടി. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.എം. മധുസൂദനൻ, കെ.എസ്. സനീഷ് എന്നിവർ കാർ ഡ്രൈവറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോണെടുത്തില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് ഡ്രൈവറെ പൊക്കി ആർ.ടി.ഒയുടെ മുമ്പിൽ ഹാജരാക്കിയത്. കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർമാരുടെ റിപ്പോർട്ട് കൂടി ലഭിച്ചതോടെ ഉടൻ ലൈസൻസ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്യുകയായിരുന്നു.

Category: News