പ്ലസ്ടു കഴിഞ്ഞശേഷം ഐ.ഐ.എസ്.ടി.യിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ. എസ്.ടി.)
പ്ലസ്ടു കഴിഞ്ഞശേഷം ഐ.ഐ.എസ്.ടി.യിൽ എയ്റോസ്പേസ് എൻജിനിയറിങ്ങിന് പ്രവേശനം നേടാനുള്ള മാനദണ്ഡം എന്താണ്. എപ്പോൾ അപേക്ഷിക്കണം
തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐ.ഐ. എസ്.ടി.) ഏറോസ്പേസ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് (ഏവിയോണിക്സ്) എന്നീ നാലുവർഷ ബി.ടെക്. പ്രോഗ്രാമുകളും ബി.ടെക് + മാസ്റ്റർ ഓഫ് സയൻസ്/മാസ്റ്റർ ഓഫ് ടെക്നോളജി അഞ്ചുവർഷ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമും ഉണ്ട്.
അവിടെയുള്ള ബാച്ച്ലർ/ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് റാങ്ക്/മാർക്ക് അടിസ്ഥാനമാക്കിയാണ്.
ഒരാൾക്ക് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല.
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന ജെ.ഇ.ഇ. മെയിൻ പേപ്പർ 1 – ബി.ഇ./ബി.ടെക്. പേപ്പർ – അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ യോഗ്യത നേടണം.
നിലവിൽ, വിവിധ കാറ്റഗറികളിൽനിന്ന് 2,50,000 പേർക്കാണ് ബി.ഇ./ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക.
അർഹത ലഭിച്ചാൽ ഫീസ് അടച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർചെയ്ത് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളുള്ള മൂന്നുമണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുപേപ്പറുകളുള്ള പരീക്ഷ അഭിമുഖീകരിക്കണം.
ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ കാറ്റഗറിയനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും കട്ട് ഓഫ് മാർക്ക് നേടണം. അതോടൊപ്പം രണ്ടുപേപ്പറുകൾക്കുംകൂടി നേടണമെന്ന് നിശ്ചയിച്ചിട്ടുള്ള മൊത്തം കട്ട് ഓഫ് സ്കോറും നേടി ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ ഇടംനേടണം.
ഐ.ഐ.എസ്.ടി. പ്രവേശനത്തിന് അപേക്ഷിക്കണം, വിദ്യാർഥി പ്ലസ് ടു തല യോഗ്യതാപരീക്ഷ ജയിച്ചിരിക്കണം എന്നതായിരുന്നു 2021-ലെ വ്യവസ്ഥ (കോവിഡ് സാഹചര്യത്തിൽ യോഗ്യതാവ്യവസ്ഥയിൽ ഇളവുനൽകിയിരുന്നു). പ്രായം സംബന്ധിച്ച വ്യവസ്ഥയും ഉണ്ടാകും. കൂടാതെ, ജെ.ഇ.ഇ. അഡ്വാൻസിൽ നേടേണ്ട കട്ട് ഓഫ് സ്കോർ (പ്രോസ്പക്ടസിൽ നൽകിയിരിക്കും) തൃപ്തിപ്പെടുത്തണം.
അപേക്ഷ സ്വീകരിച്ചശേഷം, ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയുള്ള ഐ.ഐ.എസ്.ടി. അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. റാങ്ക് പട്ടികയിലുള്ളവരുടെ റാങ്ക്, ചോയ്സ്, സീറ്റ് ലഭ്യത, സംവരണാനുകൂല്യങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും അലോട്ട്മെൻറ്.
മുൻവർഷങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ബ്രാഞ്ച് തിരിച്ച് ഓരോ കാറ്റഗറിയിലും അവസാനമായി അലോട്ട്മെൻറ് ലഭിച്ച കുട്ടിയുടെ ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്കോർ, ഐ.ഐ.എസ്.ടി. റാങ്ക് തുടങ്ങിയവ👇🏻
https://www.iist.ac.in/ – ൽ അഡ്മിഷൻ ലിങ്കിൽ കിട്ടും.