പ്ലസ്‍വൺ ക്ലാസുകൾ നാളെ തുടങ്ങും
പ്ലസ്‍വൺ ക്ലാസുകൾ നാളെ തുടങ്ങും
സംസ്ഥാനത്ത് പ്ലസ്‍വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരിൽ 1,39,621 പേർ ആദ്യ രണ്ട് അലോട്ട്മെന്റുകളിലൂടെ സ്ഥിരംപ്രവേശനം നേടിയവരാണ്. 77,412 കുട്ടികൾ താത്കാലികമായി ചേർന്നവരും. കായികമികവിന്റെ അടിസ്ഥാനത്തിൽ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയിൽ 11,703 പേരും ചേർന്നു. 1,184 കുട്ടികളാണ് മാനേജ്‌മെൻറ് ക്വാട്ടയിൽ ഔദ്യോഗികമായി പ്രവേശനം നേടിയത്. അൺഎയ്ഡഡ് ബാച്ചുകളിൽ 1,214 പേർ പ്രവേശനം നേടിയിട്ടുണ്ട്.
മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്കൂളിൽ ചേരാം. 78,085 കുട്ടികളാണ് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർകൂടി ചേരുന്നതോടെ വ്യാഴാഴ്ച ക്ലാസ് തുടങ്ങുമ്പോൾ ആകെ മൂന്നു ലക്ഷത്തോളം കുട്ടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
4,71,849 കുട്ടികളാണ് ഇത്തവണ അപേക്ഷിച്ചിരുന്നത്. 2,95,118 പേർക്കുമാത്രമാണ് ഏകജാലകം വഴി അലോട്ട്മെന്റ് ലഭിച്ചത്. ഇവരിൽ 78,085 പേർ ചേർന്നില്ല. ഈ സീറ്റുകളാണ് മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.