പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 26, 27 തീയതികളിൽ

June 24, 2023 - By School Pathram Academy

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 26, 27 തീയതികളിൽ.

 

 ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. HSCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. 

 

 ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.

 

ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?

 

രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം. ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. 

 

ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?

 

ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ ഓപ്‌ഷൻ മാറ്റം ലഭിക്കാത്തവർ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.

 

 

ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?

 

അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

 

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?

 

ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

Category: News